ഗോവൻ പരിശീലകന് നാണക്കേടിന്റെ റെക്കോർഡ്, കേരള ബ്ലാസ്റ്റേഴ്‌സിനും ഇവാനാശാനും ഇതുവരെയില്ലാത്ത നേട്ടങ്ങൾ | Kerala Blasters

ഒരുപാട് മത്സരങ്ങളിലെ തോൽവികൾക്കും അതിനെത്തുടർന്നുണ്ടായ നിരാശകൾക്കും ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് മതിമറന്നാഘോഷിക്കാൻ കഴിയുന്ന ഒരു വിജയമാണ് കഴിഞ്ഞ ദിവസം ടീം സ്വന്തമാക്കിയത്. എഫ്‌സി ഗോവക്കെതിരായ മത്സരത്തിൽ രണ്ടു ഗോളുകൾക്ക് പിന്നിൽ നിന്നതിനു ശേഷമാണ് രണ്ടാം പകുതിയിൽ നാല് ഗോളുകൾ തിരിച്ചടിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് വിജയം നേടിയത്.

ഐഎസ്എല്ലിലെ മികച്ച പരിശീലകരിൽ ഒരാളായ മനോല മാർക്വസിനു നാണക്കേടിന്റെ റെക്കോർഡ് സമ്മാനിച്ച വിജയം കൂടിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. ഇതാദ്യമായാണ് ഇന്ത്യൻ സൂപ്പർ ലീഗിലെ ഒരു മത്സരത്തിൽ മനോലോ മാർക്വസിന്റെ ടീമിനെതിരെ എതിരാളികൾ നാല് ഗോളുകൾ അടിച്ചു കൂട്ടുന്നത്. വമ്പൻ തിരിച്ചുവരവിലൂടെ ഈ നേട്ടം കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി.

അതിനു പുറമെ കേരള ബ്ലാസ്റ്റേഴ്‌സ് ടീമും പരിശീലകൻ ഇവാൻ വുകോമനോവിച്ചും ചില നേട്ടങ്ങൾ ഈ വിജയത്തിൽ സ്വന്തമാക്കിയിട്ടുണ്ട്. ആദ്യമായാണ് രണ്ടു ഗോളുകൾക്ക് പിന്നിൽ നിന്നതിനു ശേഷം ബ്ലാസ്റ്റേഴ്‌സ് ഒരു മത്സരത്തിൽ വിജയം നേടുന്നത്. അതിനു പുറമെ ഇവാൻ വുകോമനോവിച്ചിന് കീഴിൽ ആദ്യമായി നാല് ഗോൾ നേട്ടം കൈവരിക്കാനും ടീമിന് കഴിഞ്ഞു.

മത്സരത്തിൽ നേടിയ വിജയം ബ്ലാസ്റ്റേഴ്‌സിന് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. ഗോവയെപ്പോലെ മികച്ചൊരു പരിശീലകന് കീഴിൽ നല്ല ഫോമിൽ കളിച്ചിരുന്ന ടീമിനെയാണ് ബ്ലാസ്റ്റേഴ്‌സ് പിന്നിൽ നിന്നും പൊരുതി കീഴടക്കിയത്. വലിയ തിരിച്ചടികളിലൂടെയാണ് കടന്നു പോയിരുന്നതെങ്കിലും അതിനെയെല്ലാം മറികടന്ന് കിരീടത്തിനായി പൊരുതാൻ ടീമിന് കഴിയുമെന്ന വിശ്വാസം ഉടലെടുത്തിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനായി മൂന്നു വിദേശതാരങ്ങൾ ഗോൾ കണ്ടെത്തിയിരുന്നു. പുതിയതായി ടീമിലെത്തിയ ഫെഡോർ ചെർണിച്ച് തന്റെ ആദ്യത്തെ ഗോൾ മത്സരത്തിൽ കുറിക്കുകയും ചെയ്‌തു. യൂറോപ്പിലെ വമ്പൻ പോരാട്ടങ്ങളിൽ കളിച്ചു പരിചയമുള്ള, അസാധ്യമായ ഗോളുകൾ നേടാൻ കഴിവുള്ള താരം ഫോമിലേക്ക് എത്തിയാൽ ബ്ലാസ്റ്റേഴ്‌സിന് കാര്യങ്ങൾ ഒന്നുകൂടി എളുപ്പമാകും.

Kerala Blasters Set New Records Vs FC Goa