കേരളത്തിലെ രണ്ടു ക്ലബുകളും കിരീടമുയർത്തുന്ന സീസണാകുമോ, പ്രതീക്ഷയോടെ ബ്ലാസ്റ്റേഴ്‌സും ഗോകുലം കേരളയും | Kerala Blasters

മലയാളികളുടെ ഫുട്ബോൾ പ്രേമം ലോകം മുഴുവൻ അറിഞ്ഞു തുടങ്ങിയിരിക്കുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് എന്ന ക്ലബിലൂടെയും ലോകകപ്പിൽ വിവിധ ടീമുകൾക്ക് നൽകിയ പിന്തുണയിലൂടെയുമാണ് അത് കൂടുതൽ പ്രചാരം നേടിയത്. എന്തായാലും ഇന്ത്യയിലെ ഏറ്റവും മികച്ച ഫുട്ബോൾ ആരാധകരുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

ഈ സീസൺ മലയാളി ഫുട്ബോൾ ആരാധകർക്ക് ഇരട്ടി സന്തോഷം നൽകുന്ന ഒന്നാകാനുള്ള സാധ്യതയുണ്ട്. ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സും ഐ ലീഗിൽ ഗോകുലം കേരളയും മികച്ച പ്രകടനം നടത്തി മുന്നേറുന്ന കാഴ്‌ചയാണ്‌ ഇപ്പോൾ കാണാൻ കഴിയുന്നത്. ഏതാനും മത്സരങ്ങൾ മാത്രം രണ്ടു ടൂർണമെന്റിലും ബാക്കി നിൽക്കെ രണ്ടു ടീമുകൾക്കും കിരീടപ്രതീക്ഷയുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സ് നിലവിൽ ലീഗിൽ നാലാം സ്ഥാനത്താണ് നിൽക്കുന്നതെങ്കിലും ഒന്നാം സ്ഥാനത്തുള്ള ടീമുമായി വെറും മൂന്നു പോയിന്റ് മാത്രമാണ് വ്യത്യാസമുള്ളത്. അതുകൊണ്ടു തന്നെ ഇനി ബാക്കിയുള്ള ആറു മത്സരങ്ങളിൽ കൈമെയ് മറന്നു പോരാടിയാൽ ആദ്യമായി ഐഎസ്എല്ലിൽ കിരീടം നേടാനുള്ള സാധ്യത നിലനിൽക്കുന്നു. അതിലെ ഏറ്റവും പ്രധാനപ്പെട്ട മത്സരം കിരീടപ്പോരാട്ടത്തിൽ വെല്ലുവിളി ഉയർത്തുന്ന മോഹൻ ബഗാനെതിരെയുള്ളതാകും.

മോഹൻ ബഗാനെതിരെ സ്വന്തം മൈതാനത്ത് നടക്കുന്ന മത്സരത്തിൽ വിജയം നേടിയാൽ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷകൾ ഒന്നുകൂടി സജീവമാകും. ഭീഷണി ഉയർത്തുന്ന ടീമുകൾ വേറെയുമുണ്ടെങ്കിലും അവർ പോയിന്റ് ഡ്രോപ്പ് ചെയ്യാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ ബ്ലാസ്റ്റേഴ്‌സ് ഇനിയുള്ള മത്സരങ്ങളിൽ വിജയം സ്വന്തമാക്കിയാൽ കിരീടം അവർക്ക് ഉയർത്താൻ കഴിയും.

അതേസമയം ഗോകുലം കേരള നിലവിൽ ഐ ലീഗിൽ രണ്ടാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തുള്ള മൊഹമ്മദൻസുമായി രണ്ടു പോയിന്റിന്റെ വ്യത്യാസത്തിൽ മാത്രം രണ്ടാം സ്ഥാനത്തു നിൽക്കുന്ന ടീമിനുള്ള മറ്റൊരു വെല്ലുവിളി ശ്രീനിധി ഡെക്കാനാണ്. അവർക്കും ഗോകുലത്തിനും ഒരേ പോയിന്റാണുള്ളത്. ഈ രണ്ടു ടീമുകളും ഗോകുലത്തെക്കാൾ ഒരു മത്സരം കുറവാണ് കളിച്ചിരിക്കുന്നത്.

എന്നാൽ ഈ രണ്ടു ടീമുകൾക്കെതിരെയും ഗോകുലം കേരളക്ക് സ്വന്തം മൈതാനത്ത് മത്സരമുണ്ട്. ഇവരുടെ മൈതാനത്ത് നടന്ന മത്സരങ്ങളിൽ മൊഹമ്മദന്സിനെതിരെ സമനില വഴങ്ങിയ ഗോകുലം കേരളം ശ്രീനിധിയുടെ മൈതാനത്ത് വിജയം നേടിയിരുന്നു. അതുകൊണ്ടു തന്നെ സ്വന്തം മൈതാനത്ത് ഈ ടീമുകളെ നേരിടുമ്പോൾ വിജയം നേടാമെന്ന പ്രതീക്ഷ ഗോകുലം കേരളക്കുണ്ട്.

ഗോകുലത്തെ സംബന്ധിച്ച് മറ്റൊരു പ്രതീക്ഷ അവരുടെ ഇപ്പോഴത്തെ മികച്ച ഫോമാണ്. ഐഎസ്എൽ സീസണിന്റെ രണ്ടാം പകുതി ആരംഭിച്ചതിനു ശേഷം നടന്ന അഞ്ചു മത്സരങ്ങളിലും ഗോകുലം വിജയം സ്വന്തമാക്കി. ജനുവരിയിൽ ടീമിൽ നടത്തിയ അഴിച്ചുപണി അവർക്ക് വലിയ ഗുണം ചെയ്‌തിട്ടുണ്ട്‌. ഈ വിജയക്കുതിപ്പ് തുടരാൻ കഴിഞ്ഞാൽ ഗോകുലത്തിനു കിരീടമുയർത്താൻ കഴിയും.

ഈ രണ്ടു ടീമുകളും കിരീടം സ്വന്തമാക്കിയാൽ അത് കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് മതിമറന്ന് ആഘോഷിക്കാനുള്ള വക നൽകും. ഇന്ത്യൻ ഫുട്ബോളിൽ കേരളം തല ഉയർത്തിപ്പിടിച്ചു നിൽക്കുന്ന ഒരു ദിവസമാകുമത്. അതിനു പുറമെ ഗോകുലം കേരള കിരീടം നേടിയാൽ അടുത്ത സീസണിൽ ഐഎസ്എല്ലിലേക്ക് സ്ഥാനം ലഭിക്കുമെന്നതും കേരളത്തിൽ നിന്നും രണ്ടു ടീമുകൾ ഉണ്ടാകുമെന്നതും ആരാധകർക്ക് കൂടുതൽ ആവേശം നൽകുന്നു.

Kerala Blasters Gokulam Kerala Chasing Titles