ഐഎസ്എൽ കിരീടപ്പോരാട്ടം മുറുകുന്നു, അഞ്ചു ടീമുകൾക്ക് കിരീടസാധ്യത; ആറാം സ്ഥാനത്തിനും വമ്പൻ പോരാട്ടം | ISL

ഇന്ത്യൻ സൂപ്പർ ലീഗ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ കിരീടത്തിനു വേണ്ടിയുള്ള പോരാട്ടം കടുപ്പമേറിയ ഒന്നായി മാറുകയാണ്. ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ സിറ്റിയും എഫ്‌സി ഗോവയും ഓരോ ഗോൾ നേടി സമനിലയിൽ പിരിഞ്ഞതോടെയാണ് പോരാട്ടം മുറുക്കിയത്. നിലവിൽ ആദ്യ അഞ്ചു സ്ഥാനങ്ങളിൽ നിൽക്കുന്ന ഏതു ടീമിനും ഷീൽഡ് സ്വന്തമാക്കാൻ കഴിയുമെന്ന സാഹചര്യമാണുളളത്.

ആദ്യ അഞ്ചു സ്ഥാനങ്ങളിൽ പതിനാറു മത്സരങ്ങൾ വീതം കളിച്ചവരാണ് നാല് ടീമുകളും. മുപ്പത്തിരണ്ടു പോയിന്റ് വീതം നേടി ഒഡിഷ എഫ്‌സി, മുംബൈ സിറ്റി എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങളിൽ നിൽക്കുമ്പോൾ പതിനഞ്ചു മത്സരം കളിച്ച് മുപ്പതു പോയിന്റുമായി മോഹൻ ബഗാൻ മൂന്നാം സ്ഥാനത്തുണ്ട്. 29 പോയിന്റുള്ള എഫ്‌സി ഗോവ, കേരള ബ്ലാസ്റ്റേഴ്‌സ് എന്നീ ടീമുകൾ നാലും അഞ്ചും സ്ഥാനങ്ങളിൽ നിൽക്കുന്നു.

കേരള ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് ടോപ് ഫൈവ് ടീമുകളിൽ ഇനി നേരിടാനുള്ളത് മോഹൻ ബഗാനെയാണ്. ആ മത്സരം സ്വന്തം മൈതാനത്ത് വെച്ചാണെന്നത് ടീമിന് പ്രതീക്ഷ നൽകുന്നു. അതിനു പുറമെ ജംഷഡ്‌പൂർ, നോർത്ത്ഈസ്റ്റ് യുണൈറ്റഡ് എന്നിവർക്കെതിരെയുള്ള എവേ മത്സരവും വലിയൊരു കടമ്പയാണ്. ഈ മത്സരങ്ങളിൽ വിജയം നേടാൻ കഴിഞ്ഞാൽ ടീം കിരീടത്തിലേക്ക് അടുക്കും.

ടോപ് ഫൈവിലുള്ള അഞ്ചു ടീമുകൾക്കും ഇത്തവണ ഷീൽഡ് നേടാൻ അവസരമുണ്ടെന്നത് അവസാന റൌണ്ട് പോരാട്ടങ്ങളെ ആവേശകരമാക്കി മാറ്റുന്നു. എല്ലാ ടീമുകളും പോയിന്റ് ഡ്രോപ്പ് ചെയ്യാൻ സാധ്യതയുള്ളതിനാൽ ഇനിയുള്ള മത്സരങ്ങളെല്ലാം വിജയിക്കുകയെന്നത് ബ്ലാസ്റ്റേഴ്‌സിന് പ്രധാനമാണ്. കഴിഞ്ഞ മത്സരത്തിലെ മികച്ച വിജയം ടീമിന് കൂടുതൽ ആത്മവിശ്വാസം നൽകുമെന്നുറപ്പാണ്.

പ്ലേ ഓഫിലേക്ക് കടക്കാനുള്ള വഴിയായ ആറാം സ്ഥാനത്തിന് വേണ്ടിയും ഇത്തവണ കടുത്ത പോരാട്ടം നടക്കുന്നുണ്ട്. ആറാം സ്ഥാനത്തുള്ള ജംഷഡ്‌പൂർ മുതൽ പതിനൊന്നാം സ്ഥാനത്തുള്ള ചെന്നൈയിൻ എഫ്‌സിക്കു വരെ ആറാം സ്ഥാനത്തെത്താൻ അവസരമുണ്ട്. അതുകൊണ്ടു തന്നെ പോയിന്റ് ടേബിളിൽ താഴേക്കിടക്കുന്ന ടീമുകളും മികച്ച പോരാട്ടം പുറത്തെടുക്കുമെന്നതിനാൽ വമ്പൻ മത്സരങ്ങൾക്കാണ് സാക്ഷ്യം വഹിക്കുക.

ISL Title Race Is Wide Open