ഇങ്ങിനെയാണ്‌ ഇന്ത്യയുടെ മത്സരങ്ങൾ നടക്കേണ്ടത്, കലിംഗ സ്റ്റേഡിയത്തിൽ ആവേശപ്പൂരമാകും നടക്കുക | Kalinga Stadium

ലോകകപ്പ് യോഗ്യതയെന്ന ലക്ഷ്യവുമായി ഇറങ്ങുന്ന ഇന്ത്യൻ ടീം ഇന്നു രാത്രി നടക്കുന്ന മത്സരത്തിൽ ഖത്തറിനെയാണ് നേരിടാൻ പോകുന്നത്. ഒഡിഷയിലെ ഭുവനേശ്വറിലുള്ള കലിംഗ സ്റ്റേഡിയത്തിൽ ഇന്നു രാത്രി ഏഴു മണിക്ക് മത്സരത്തിനു തുടക്കം കുറിക്കുമ്പോൾ ആദ്യത്തെ മത്സരത്തിൽ കുവൈറ്റിനെതിരെ വിജയം നേടിയതിന്റെ ആത്മവിശ്വാസമാണ് ഇന്ത്യയുടെ കൈമുതൽ. കരുത്തരായ ഖത്തറിനെതിരെ ഒരു സമനിലയെങ്കിലും നേടിയാൽ ഇന്ത്യക്കത് കൂടുതൽ പ്രചോദനം നൽകും.

മത്സരത്തിന്റെ ഫലം എന്തു തന്നെയായാലും അതിനു വേണ്ടി ഒഡിഷ സർക്കാർ നടത്തിയ ഒരുക്കങ്ങൾ വളരെയധികം പ്രശംസ അർഹിക്കുന്നതാണ്. മത്സരത്തിന് മാസങ്ങൾക്ക് മുൻപു തന്നെ അതിന്റെ പ്രൊമോഷനു വേണ്ടി വിപുലമായ കാര്യങ്ങളാണ് ഒഡിഷ സർക്കാർ നടത്തിയത്. ക്രൗഡ് ഫണ്ടിങ്ങിലൂടെ പ്രൊമോഷൻ പരിപാടികൾക്ക് വേണ്ട പണം സ്വരൂപിച്ച അവർ ഏറ്റവും മികച്ചൊരു അന്തരീക്ഷമാകും സ്റ്റേഡിയത്തിൽ ഉണ്ടാവുകയെന്ന് ഓരോ ഘട്ടത്തിലും വ്യക്തമാക്കുന്നുണ്ട്.

എയർപോർട്ട് അടക്കം ഭുവനേശ്വറിൽ എല്ലായിടത്തും മത്സരത്തിന്റെ പോസ്റ്ററുകളും ബാനറുകളും നിറഞ്ഞിട്ടുണ്ട്. അതിനു പുറമെ മത്സരം നടക്കുന്ന സ്റ്റേഡിയത്തിൽ ഒരു ഉത്സവത്തിന്റെ പ്രതീതിയിലാണ് ഒരുക്കങ്ങൾ നടത്തിയിരിക്കുന്നത്. ഇതുപോലെ മനോഹരമായ ഒരുക്കങ്ങൾ ഇന്ത്യയുടെ ഒരു ലോകകപ്പ് മത്സരത്തിന് ഉണ്ടാകുന്നത് അപൂർവമാണ്. എന്തായാലും മത്സരം കാണാനെത്തുന്ന ആരാധകർക്ക് ഏറ്റവും മികച്ച അനുഭവം തന്നെയാകും കലിംഗ സ്റ്റേഡിയം സമ്മാനിക്കുക.

മത്സരത്തിനുള്ള മുഴുവൻ ടിക്കറ്റുകളും ഇപ്പോൾ തന്നെ വിറ്റു തീർന്നിട്ടുണ്ട്. ഇതുപോലെയൊരു അന്തരീക്ഷം ഒരുക്കിയതിൽ അഭിമാനമുണ്ടെന്നും ഇന്ത്യൻ ഫുട്ബോളിന് അത് കൂടുതൽ ഊർജ്ജം നൽകുമെന്നുമാണ് പരിശീലകൻ ഇഗോർ സ്റ്റിമാച്ച് പറഞ്ഞത്. കഴിഞ്ഞ മത്സരത്തിലെ വിജയം ഒരു പോസിറ്റിവായ അന്തരീക്ഷം ഡ്രസിങ് റൂമിൽ നൽകിയിട്ടുണ്ടെന്നും ഇന്നത്തെ മത്സരത്തിനായി എത്തുന്ന ആരാധകർ ടീമിനെ വിജയം നേടാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രീമിയർ ലീഗിലെ വിഖ്യാത പരിശീലകനായ ആഴ്‌സൺ വെങ്ങർ മത്സരം കാണാനെത്തുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മത്സരത്തിൽ ഇന്ത്യ വിജയം നേടാനുള്ള സാധ്യത കുറവാണെങ്കിലും അതിനു വേണ്ടി ടീം ഏറ്റവും മികച്ച രീതിയിൽ തന്നെ പൊരുതുമെന്ന കാര്യത്തിൽ സംശയമില്ല. ഖത്തറിനെതിരെ വിജയം നേടാൻ കഴിഞ്ഞാൽ ലോകകപ്പ് യോഗ്യത റൗണ്ടിലെ അടുത്ത ഘട്ടത്തിലേക്കുള്ള ഇന്ത്യയുടെ യാത്ര ഒന്നുകൂടി സുഗമമാകും.

Kalinga Stadium Full Set For India Vs Qatar