ആരാധകരോടു ചെയ്‌തതിനു കളിക്കളത്തിൽ പകരം വീട്ടി അർജന്റീന, മാരക്കാനയിൽ വീണ്ടും ബ്രസീൽ വീണു | Argentina

ലോകകപ്പ് യോഗ്യത മത്സരത്തിൽ ബ്രസീലിനെതിരെ വിജയം സ്വന്തമാക്കി അർജന്റീന. ഒരുപാട് നാളുകൾക്ക് ശേഷം രണ്ടു ടീമുകളും ഏറ്റുമുട്ടിയപ്പോൾ രണ്ടാം പകുതിയിൽ നേടിയ ഒരേയൊരു ഗോളിനാണ് അർജന്റീന വിജയം നേടിയത്. കോപ്പ അമേരിക്ക ഫൈനലിനു ശേഷം വീണ്ടും മാരക്കാന സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അർജന്റീനക്ക് മറുപടി കൊടുക്കാൻ ബ്രസീലിനു കഴിഞ്ഞില്ല. തുടർച്ചയായ മൂന്നാമത്തെ തോൽവിയാണു ബ്രസീൽ വഴങ്ങുന്നത്.

മത്സരം ആരംഭിച്ചതു തന്നെ സംഘർഷങ്ങളോടെയായിരുന്നു. ബ്രസീൽ ടീമിന്റെ ദേശീയഗാനത്തിന്റെ ഇടയിൽ അർജന്റീന ആരാധകരെ പോലീസ് തല്ലിയതോടെ ആരാധകരും തിരിച്ചടിച്ചു. രംഗം ശാന്തമാക്കാൻ ലയണൽ മെസിയടക്കമുള്ള അർജന്റീന താരങ്ങൾ ഇടപെട്ടെങ്കിലും സംഘർഷം തുടർന്നു. ഇതുപോലെയൊരു അന്തരീക്ഷത്തിൽ കളിക്കാൻ കഴിയില്ലെന്നു പറഞ്ഞ് അർജന്റീന ഡ്രസിങ് റൂമിലേക്ക് തിരിച്ചു പോയെങ്കിലും പിന്നീട് തിരിച്ചെത്തി. അര മണിക്കൂർ വൈകിയാണ് മത്സരം ആരംഭിച്ചത്.

ഗ്യാലറിയിൽ ഉണ്ടായതിന്റെ ബാക്കിയെന്നതു പോലെയായിരുന്നു ആദ്യപകുതി. തീർത്തും കായികപരമായി മാറിയ മത്സരത്തിന്റെ ആദ്യപകുതി വിരസമായിരുന്നു. തുടർച്ചയായ ഫൗളുകൾ വന്ന ആദ്യപകുതിയിൽ മൂന്നു ബ്രസീൽ താരങ്ങൾക്ക് മഞ്ഞക്കാർഡുകൾ ലഭിച്ചു. റാഫിന്യക്ക് ചുവപ്പുകാർഡ് ലഭിക്കാതിരുന്നത് ഭാഗ്യം കൊണ്ടാണ്. മാക് അലിസ്റ്ററെ വീഴ്ത്തിയതിന് ലഭിക്കേണ്ട പെനാൽറ്റിയും ലഭിച്ചില്ല. മാർട്ടിനെല്ലിയുടെ ഒരു ഷോട്ട് റോമെറോ ഗോൾ ലൈനിൽ നിന്നും രക്ഷപ്പെടുത്തിയതും ആദ്യപകുതിയിൽ നിർണായക നിമിഷമായി.

രണ്ടാം പകുതിയിൽ ബ്രസീൽ ഒന്നുകൂടി ആക്രമിച്ചാണ് കളിച്ചത്. അവസരങ്ങൾ തുറന്നെടുക്കാൻ അവർക്ക് കഴിയുകയും ചെയ്‌തു. മാർട്ടിനെല്ലിയുടെ ഒരു ക്ലോസ് റേഞ്ച് ഷോട്ട് എമിലിയാനോ മാർട്ടിനസ് രക്ഷപ്പെടുത്തിയത് ബ്രസീലിയൻ ആരാധകർക്ക് അവിശ്വസനീയമായ കാഴ്‌ചയായിരുന്നു. അതിനു പിന്നാലെ അർജന്റീന മത്സരത്തിൽ ഗോൾ നേടി. ലോ സെൽസോ എടുത്ത കോർണറിൽ നിന്നും ഒരു ഹെഡറിലൂടെ നിക്കോളാസ് ഓട്ടമെൻഡിയാണ് ഗോൾ നേടിയത്.

ലീഡ് നേടിയതിനു പിന്നാലെ അർജന്റീന നിരവധി താരങ്ങളെ പിൻവലിച്ചു. ലയണൽ മെസിയും അതിലുൾപ്പെടുന്നു. ബ്രസീലും പകരക്കാരെ ഇറക്കി മത്സരത്തിലേക്ക് തിരിച്ചു വരാൻ ശ്രമിച്ചെങ്കിലും അതിനിടയിൽ ലഭിച്ച ചുവപ്പുകാർഡ് അവർക്ക് തിരിച്ചടിയായി. റോഡ്രിഗോ ഡി പോളിനെ ഫൗൾ ചെയ്‌തതിനു പകരക്കാരനായിറങ്ങിയ ജോലിന്റനാണു ചുവപ്പുകാർഡ് വാങ്ങിയത്. അതോടെ മുന്നേറ്റങ്ങൾ ദുർബലമായ ബ്രസീലിനു പിന്നീട് തിരിച്ചുവരാൻ കഴിഞ്ഞില്ല.

Argentina Beat Brazil In World Cup Qualifier