ബ്രസീലിയൻ പോലീസിന്റെ നെഞ്ചിൽ ചവുട്ടി അർജന്റീനയുടെ വിജയാഘോഷം, ഇതാണ് യഥാർത്ഥ പ്രതികാരം | Argentina

ഖത്തർ ലോകകപ്പിൽ വിജയം നേടിയതിനു ശേഷം അർജന്റീന ആരാധകർ ആഘോഷിച്ച മറ്റൊരു ദിവസമായിരിക്കും ഇന്ന്. ലോകകപ്പ് യോഗ്യത മത്സരത്തിൽ ബ്രസീലിനെതിരെ വിജയം നേടി കഴിഞ്ഞ മത്സരത്തിലെ തോൽവിയുടെ നിരാശ മാറ്റിയതിനൊപ്പം പ്രതികാരം ചെയ്യാൻ കൂടി അർജന്റീനക്ക് കഴിഞ്ഞു. മത്സരത്തിനു മുൻപ് നടന്ന സംഭവങ്ങൾക്ക് കളിക്കളത്തിൽ അർജന്റീന ടീം മറുപടി നൽകുന്നതാണ് ഇന്ന് മാരക്കാന സ്റ്റേഡിയത്തിൽ കണ്ടത്.

മത്സരത്തിന് തൊട്ടു മുൻപ് ടീമുകൾ അണിനിരന്നു ബ്രസീൽ ടീം ദേശീയഗാനം ചൊല്ലുന്ന സമയത്താണ് ഗ്യാലറിയിൽ അടി തുടങ്ങിയത്. അർജന്റീന ആരാധകരെ മത്സരം നിയന്ത്രിക്കാൻ ഉത്തരവാദിത്വമുള്ള ബ്രസീൽ പോലീസ് അകാരണമായി മർദ്ദിക്കുകയായിരുന്നു. ആദ്യം അതിനടുത്തേക്ക് പോയി ആരാധകരോട് ശാന്തരാക്കാൻ പറഞ്ഞ അർജന്റീന ടീം പിന്നീട് ഡ്രസിങ് റൂമിലേക്ക് മടങ്ങി. പ്രശ്‌നങ്ങൾ പരിഹരിച്ചതിനു ശേഷം അര മണിക്കൂർ വൈകിയാണ് മത്സരം ആരംഭിച്ചത്.

മത്സരം തുടങ്ങിയപ്പോൾ ബ്രസീൽ കടുത്ത അടവുകളാണ് പുറത്തെടുത്തത്. എന്നാൽ അതിനെയെല്ലാം മറികടന്ന് നിക്കോളാസ് ഓട്ടമെൻഡിയുടെ ഗോളിൽ വിജയം നേടാൻ അർജന്റീനക്ക് കഴിഞ്ഞു. മത്സരത്തിൽ വിജയം നേടിയതിനു ശേഷം അർജന്റീന ടീം അത് വന്യമായാണ് ആഘോഷിച്ചത്. ആദ്യം താരങ്ങൾ പരസ്‌പരം ആഘോഷിച്ചതിനു ശേഷം പിന്നീട് എല്ലാവരും ചേർന്ന് ആരാധകരുടെ അടുത്തേക്ക് പോയി അവർക്കൊപ്പവും ഒരുപാട് നേരം ആഘോഷിക്കുകയുണ്ടായി.

ബ്രസീലിയൻ പോലീസിന്റെ മുഖത്തടിച്ചതു പോലെയാണ് അർജന്റീന ടീം മത്സരത്തിൽ വിജയം നേടിയതും അത് അവരുടെ മുന്നിൽ ആരാധകർക്കൊപ്പം ആഘോഷിക്കുകയും ചെയ്‌തത്‌. പോലീസിനോടുള്ള രോഷം കാരണം ആരാധകരും അതുപോലെ തന്നെ ആഘോഷങ്ങളിൽ പങ്കു ചേർന്നു. മത്സരം തീരുന്നതിനു മുൻപ് തന്നെ ബ്രസീലിന്റെ ഭൂരിഭാഗം ആരാധകരും കളിക്കളം വിട്ടിരുന്നു. എന്തായാലും ബ്രസീലിനെ മൊത്തത്തിൽ നിശബ്‌ദമാക്കിയ ഹീറോയിസമാണ് അർജന്റീന നടത്തിയത്.

മത്സരത്തിൽ വിജയിച്ചതോടെ യുറുഗ്വായ്‌ക്കെതിരെ കഴിഞ്ഞ മത്സരത്തിൽ നേരിട്ട തോൽവിയുടെ ക്ഷീണം മറികടക്കാൻ അർജന്റീനക്ക് കഴിഞ്ഞു. അതേസമയം ബ്രസീലിനു കനത്ത നിരാശയാണ് തോൽവി സമ്മാനിച്ചത്. തുടർച്ചയായ മൂന്നാമത്തെ മത്സരത്തിലാണ് ബ്രസീൽ തോൽവി വഴങ്ങിയത്. കഴിഞ്ഞ കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീലിനെ തോൽപ്പിച്ച് അർജന്റീന കിരീടം നേടിയതിനു പിന്നാലെയാണ് മാരക്കാനയിൽ മറ്റൊരു മത്സരത്തിൽ കൂടി ബ്രസീൽ തോൽവി വഴങ്ങിയത്.

Argentina Celebrate Win With Fans