അവസാനത്തെ ചിത്രം പോസ്റ്റ് ചെയ്‌ത്‌ സ്‌കലോണി, പരിശീലകസ്ഥാനം ഒഴിയുമെന്ന സൂചനകൾ നൽകി സ്‌കലോണി | Scaloni

ബ്രസീലിന്റെ മൈതാനത്ത് നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ വിജയം നേടിയ അർജന്റീന ടീമിന്റെ ആരാധകരുടെ സന്തോഷത്തിനു കുറച്ചു നേരം മാത്രമേ ആയുസ് ഉണ്ടായിരുന്നുള്ളൂ. മത്സരത്തിൽ വിജയം നേടിയതിനു പിന്നാലെ സ്‌കലോണി പറഞ്ഞ വാക്കുകളാണ് അതിനു കാരണം. എന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കാൻ സമയമായെന്നും അർജന്റീനയെ പരിശീലിപ്പിക്കാൻ ഊർജ്ജസ്വലനായ ഒരു പരിശീലകൻ ആവശ്യമാണെന്നും സ്‌കലോണി പറഞ്ഞത് അദ്ദേഹം വിരമിക്കുന്ന സൂചനയാണ് നൽകുന്നത്.

അതിനു പുറമെ മത്സരത്തിന് ശേഷം അർജന്റീനയുടെ കോച്ചിങ് സ്റ്റാഫുകളോട് അവസാനത്തെ ചിത്രം എടുക്കാമെന്ന് പരിശീലകൻ പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്. ഈ റിപ്പോർട്ടുകൾ ശരി വെച്ച് മത്സരം കഴിഞ്ഞതിനു പിന്നാലെ തന്ന ഇൻസ്റ്റാഗ്രാമിൽ തന്റെ കോച്ചിങ് സ്റ്റാഫുകൾക്കൊപ്പം നിൽക്കുന്ന ചിത്രം അദ്ദേഹം പോസ്റ്റ് ചെയ്‌തിട്ടുമുണ്ട്‌. സോഷ്യൽ മീഡിയയിൽ അധികം സജീവമല്ലാത്ത സ്‌കലോണി ഈ ചിത്രം പോസ്റ്റ് ചെയ്‌തതോടെ എല്ലാവരുടെയും ആശങ്കകൾ വർധിച്ചിട്ടുണ്ട്.

ലയണൽ സ്‌കലോണി വിരമിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ലെങ്കിലും അദ്ദേഹത്തിനു ചില അസ്വസ്ഥതകൾ ഉള്ളതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അർജന്റീന ഫുട്ബോൾ ഫെഡറേഷന്റെ പ്രസിഡന്റായ ടാപ്പിയയുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാമെന്നും അതുകൊണ്ടുള്ള പ്രതിഷേധം എന്ന നിലക്കാകാം ഈ അഭിപ്രായം പറഞ്ഞതെന്നും അർജന്റീന ടീമിലെ പല താരങ്ങൾക്കും എന്തോ കാര്യം പരിശീലകനെ അലട്ടുന്നുണ്ടെന്ന് അറിയാമെന്നും സൂചനകളുണ്ട്.

അതേസമയം അർജന്റീന ടീമിലെ പല താരങ്ങൾക്കും സ്‌കലോണി നടത്തിയ അഭിപ്രായപ്രകടനം അവിശ്വസനീയമായ ഒന്നായിരുന്നു. അദ്ദേഹവുമായി സംസാരിക്കുമെന്ന് നിക്കോളാസ് ഒട്ടമെന്റി പറഞ്ഞപ്പോൾ അദ്ദേഹം ഞങ്ങളുടെ നേതാവാണെന്നും ടീമിൽ തുടരുമെന്നുമാണ് പരഡെസ് പറഞ്ഞത്. അദ്ദേഹം പറഞ്ഞത് ഞെട്ടലുണ്ടാക്കിയ കാര്യമാണെന്ന് റോമെറോ പറഞ്ഞപ്പോൾ ലോക്കർ റൂമിൽ ഇതിന്റെ ഒരു സൂചനകളും അദ്ദേഹം നൽകിയില്ലെന്നാണ് മാക് അലിസ്റ്റർ സൂചിപ്പിച്ചത്.

സംഭവത്തിൽ മെസി പ്രതികരിച്ചില്ലെങ്കിലും സ്‌കലോണിയുടെ അഭിപ്രായപ്രകടനം അർജന്റീന നായകനും ഞെട്ടലുണ്ടാക്കിയെന്നാണ് സൂചനകൾ. എന്തായാലും അർജന്റീന താരങ്ങളും ആരാധകരുമെല്ലാം ഇക്കാര്യത്തിൽ സ്‌കലോണിയുടെ കൂടെത്തന്നെയാകുമെന്ന കാര്യത്തിൽ സംശയമില്ല. അതുകൊണ്ടു തന്നെ എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ അത് പരിഹരിച്ച് അദ്ദേഹം ടീമിനൊപ്പം തന്നെ ഉണ്ടാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് എല്ലാവരും ഇപ്പോഴുള്ളത്.

Lionel Scaloni Hints About Resign From Argentina