ഈ ശിക്ഷ കുറച്ച് കടുത്തു പോയല്ലോ, എഐഎഫ്എഫിനെ പരിഹസിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ

ഇന്ത്യൻ സൂപ്പർ ലീഗിൽ മൊഹമ്മദൻ സ്പോർട്ടിങ് ക്ലബും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിൽ നടന്ന മത്സരം വളരെ സംഭവബഹുലമായാണ് അവസാനിച്ചത്. മത്സരം ഒരു മണിക്കൂർ പിന്നിടുമ്പോഴും ഒരു ഗോളിന് പിന്നിൽ നിന്നിരുന്ന ബ്ലാസ്റ്റേഴ്‌സ് പിന്നീട് രണ്ടു ഗോളുകൾ നേടിയാണ് വിജയം സ്വന്തമാക്കിയത്.

വിജയത്തിന് പിന്നാലെ സ്റ്റേഡിയത്തിൽ അനിഷ്‌ട സംഭവങ്ങൾ അരങ്ങേറിയിരുന്നു. മൊഹമ്മദൻ ആരാധകർ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് നേരെ നിരവധി സാധനങ്ങൾ വലിച്ചെറിയുകയുണ്ടായി. ഇതിനു പുറമെ ആരാധകരെ വേർതിരിക്കുന്ന ഫെൻസിനു മുകളിൽ കയറി നിന്ന് ഭീഷണിയും മുഴക്കിയിരുന്നു.

സംഭവത്തിൽ മുഹമ്മദൻ സ്പോർട്ടിങ് ക്ലബിനെതിരെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ നടപടി സ്വീകരിച്ചിരുന്നു. ഒരു ലക്ഷം രൂപ പിഴയാണ് ക്ലബിന് പിഴയായി അടക്കേണ്ടത്. എന്നാൽ ഇതിനെതിരെ രൂക്ഷമായ പരിഹാസമാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ നടത്തുന്നത്.

മൂത്രം നിറച്ച കുപ്പികളും കമ്പിവടികളും മറ്റുമാണ് മൊഹമ്മദൻ ആരാധകർ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് നേരെ വലിച്ചെറിഞ്ഞത്. എവേ ഫാൻസിനെ അപകടപ്പെടുത്തുന്ന തരത്തിൽ ഇത്രയും ഗുരുതരമായ ഒരു സംഭവം നടന്നിട്ടും ഇത്രയും ചെറിയ ശിക്ഷയാണോ നൽകിയതെന്ന ചോദ്യമാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഉയർത്തുന്നത്.

കൊൽക്കത്ത ക്ലബുകളെ തൊട്ടു കളിക്കാൻ എഐഎഫ്എഫിനുള്ള വിമുഖത ഇതിൽ നിന്നും കൂടുതൽ വ്യക്തമാകുന്നുവെന്ന് ആരാധകർ ആരോപിക്കുന്നു. ഇതിപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരാണ് ചെയ്‌തതെങ്കിൽ പിഴ ചിലപ്പോൾ കോടികൾ വരെ എത്തുമെന്നും അവർ പരിഹസിക്കുന്നുണ്ട്.