ലാറ്റിനമേരിക്കൻ ലീഗിലെ ടോപ് സ്‌കോറർ, കേരള ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിട്ട താരത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

ഡ്യൂറൻഡ് കപ്പിന്റെ ക്വാർട്ടർ ഫൈനലിൽ തോൽവിയേറ്റു വാങ്ങി പുറത്തായ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെതിരെ ആരാധകരോഷം ശക്തമായി ഉയരുന്നുണ്ട്. മത്സരത്തിൽ മോശം പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് നടത്തിയതെന്നത് വിമർശനങ്ങൾക്ക് ശക്തി വർധിപ്പിക്കുന്നു. അതിനിടയിൽ പുതിയൊരു മികച്ച വിദേശസ്‌ട്രൈക്കറെ സ്വന്തമാക്കി ആരാധകരുടെ പ്രതീക്ഷകൾ ഉയർത്താനുള്ള ശ്രമമാണ് ക്ലബ് നടത്തുന്നത്.

പുതിയ സ്‌ട്രൈക്കറുമായി ബ്ലാസ്റ്റേഴ്‌സ് കരാറിലെത്തിയിട്ടില്ലെങ്കിലും ആരുമായാണ് ചർച്ചകൾ നടത്തുന്നതെന്ന വിവരങ്ങൾ ഈ ദിവസങ്ങളിൽ പുറത്തു വരുന്നുണ്ട്. അർജന്റീന താരമായ ഫെലിപ്പെ പാസാദോറാണ് ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിട്ടിരിക്കുന്ന താരമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇരുപത്തിനാലുകാരനായ താരം നിലവിൽ ഫ്രീ ഏജന്റാണെന്നത് ബ്ലാസ്റ്റേഴ്‌സിന് കൂടുതൽ പ്രതീക്ഷയാണ്.

റൊസാരിയോയിൽ ജനിച്ച് അർജന്റീന ക്ലബായ ബെൽഗ്രേനോയിൽ ഉണ്ടായിരുന്ന താരം കഴിഞ്ഞ സീസണിലാണ് തന്റെ ഏറ്റവും മികച്ച പ്രകടനം നടത്തുന്നത്. ബൊളീവിയൻ ലീഗിൽ പതിനെട്ടു മത്സരങ്ങളിൽ നിന്നും പതിനാലു ഗോളും നാല് അസിസ്റ്റുമാണ് പാസാദോർ സ്വന്തമാക്കിയത്. ലീഗിൽ ക്ലബിന് മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിലും ടോപ് സ്‌കോറർ അർജന്റീന താരമായിരുന്നു.

ഓഗസ്‌റ്റോടെ ബൊളീവിയൻ ക്ലബുമായുള്ള അർജന്റീന താരത്തിന്റെ കരാർ അവസാനിച്ചിട്ടുണ്ട്. ട്രാൻസ്‌ഫർമാർക്കറ്റിന്റെ കണക്കുകൾ പ്രകാരം നാല് കോടി രൂപ മൂല്യമുള്ള പാസാദോറുമായി ബ്ലാസ്റ്റേഴ്‌സ് ചർച്ചകൾ നടത്തുന്നുണ്ട്. ഇതുവരെ താരവുമായി കരാർ ധാരണയിൽ എത്തിയിട്ടില്ലെങ്കിലും അത് സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ഇന്ത്യയിലേക്ക് വരാൻ താരം സമ്മതം മൂളുകയും പ്രതിഫലവുമായി ബന്ധപ്പെട്ടു ധാരണയിൽ എത്തുകയും ചെയ്‌താൽ ട്രാൻസ്‌ഫർ സംഭവിക്കും. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്തിയ താരത്തെ സ്വന്തമാക്കിയാൽ അത് ബ്ലാസ്റ്റേഴ്‌സിന് ഉണർവ് തന്നെയാണ്. അതിനു പുറമെ മറ്റു ചില സ്‌ട്രൈക്കർമാരെയും ബ്ലാസ്റ്റേഴ്‌സ് നോട്ടമിടുന്നുണ്ട്.