ജോവറ്റിക്കിനു വേണ്ടി ബ്ലാസ്റ്റേഴ്‌സ് വാഗ്‌ദാനം ചെയ്‌തത്‌ വമ്പൻ തുക, താരം ഇരട്ടി തുക ആവശ്യപ്പെട്ടതോടെ ട്രാൻസ്‌ഫറിൽ നിന്നും പിൻമാറി

കേരള ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട ട്രാൻസ്‌ഫർ അഭ്യൂഹങ്ങളിൽ ആരാധകർക്ക് വലിയ ആവേശം നൽകിയ പേരുകളിൽ ഒന്നാണ് മോണ്ടിനെഗ്രോ താരമായ സ്റ്റീവൻ ജോവറ്റിച്ചിന്റേത്. മാഞ്ചസ്റ്റർ സിറ്റി, ഇന്റർ മിലാൻ തുടങ്ങിയ ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള, കഴിഞ്ഞ സീസണിൽ യുവേഫ കോൺഫറൻസ് ലീഗ് കിരീടം നേടിയ താരമെത്തിയാൽ അത് ടീമിന്റെ കരുത്ത് വർധിപ്പിക്കുമായിരുന്നു.

എന്നാൽ ആരാധകർ ആഗ്രഹിച്ചതു പോലെ ജോവറ്റിച്ച് ട്രാൻസ്‌ഫർ നടന്നില്ല. ബ്ലാസ്റ്റേഴ്‌സ് കാര്യമായ ശ്രമങ്ങൾ നടത്തിയെങ്കിലും അതൊന്നും മോണ്ടിനെഗ്രോ താരത്തിന് സ്വീകാര്യമായിരുന്നില്ല. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ടു കൂടുതൽ റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. താരം ആവശ്യപ്പെട്ട തുകയും ബ്ലാസ്റ്റേഴ്‌സ് നൽകിയ ഓഫറുമെല്ലാം സോഷ്യൽ മീഡിയയിലൂടെ പുറത്തു വന്നു.

റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് ജോവറ്റിച്ചിന് ഓഫർ നൽകിയത് അഞ്ചു കോടി രൂപ പ്രതിഫലം ആയിരുന്നു. ഈ ട്രാൻസ്‌ഫർ ജാലകത്തിൽ മോഹൻ ബഗാനിലെത്തിയ സൂപ്പർ താരമായ മക്‌ലാറനു നൽകുന്ന പ്രതിഫലത്തേക്കാൾ കൂടുതലാണ് ബ്ലാസ്റ്റേഴ്‌സ് നൽകിയ ഓഫർ. എന്നാൽ താരം ആവശ്യപ്പെട്ട തുകയുടെ അടുത്തു പോലും അതെത്തുന്നില്ലായിരുന്നു.

കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് വരാൻ പത്ത് കോടി രൂപ പ്രതിവർഷം പ്രതിഫലമായി നൽകണമെന്നാണ് ജോവറ്റിക്ക് ആവശ്യപ്പെട്ടത്. എന്നാൽ ഈ തുക ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് അംഗീകരിക്കാൻ കഴിയുന്നതായിരുന്നില്ല. രണ്ടരക്കോടി വരെ പ്രതിഫലം നൽകുന്ന തരത്തിലുള്ള ഒരു സ്‌ട്രൈക്കറെയാണ് ബ്ലാസ്റ്റേഴ്‌സ് നോക്കുന്നത്. മികച്ച താരമാണെങ്കിൽ അത് നാല് കോടി വരെ ഉയർത്താനും ക്ലബ് തയ്യാറാണ്.

നിലവിൽ ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിട്ട വമ്പൻ താരങ്ങളെയൊന്നും സ്വന്തമാക്കാൻ അവർക്ക് കഴിഞ്ഞില്ല. ഇപ്പോൾ തങ്ങളുടെ ലിസ്റ്റിലുള്ള മറ്റു താരങ്ങളുമായി അവർ ചർച്ചകൾ നടത്തുകയാണ്. ഏതു താരമാണ് ടീമിലേക്കു വരികയെന്ന കാര്യത്തിൽ യാതൊരു വ്യക്തതയും ഇപ്പോഴില്ലെങ്കിലും ഏതാനും ദിവസങ്ങൾക്കുള്ളിൽ ട്രാൻസ്‌ഫർ പൂർത്തിയാകും എന്നാണു പ്രതീക്ഷിക്കുന്നത്.