ഈ സമീപനം ഇനിയും തുടർന്നു പോകാൻ കഴിയില്ല, കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന് വീണ്ടും മുന്നറിയിപ്പുമായി മഞ്ഞപ്പട

പുതിയ സീസൺ ആരംഭിക്കാൻ ഏതാനും ആഴ്‌ചകൾ മാത്രം ബാക്കി നിൽക്കെ കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന് വീണ്ടും മുന്നറിയിപ്പുമായി മഞ്ഞപ്പട ഫാൻ ഗ്രൂപ്പ്. സീസണിനായി ബാക്കി ക്ലബുകൾ മികച്ച രീതിയിൽ തയ്യാറെടുപ്പ് നടത്തിയിരിക്കെ ഇപ്പോഴും ആവശ്യമുള്ള സൈനിംഗുകൾ പൂർത്തിയാക്കാനും ട്രെയിനിങ് സൗകര്യമടക്കം ഒരുക്കാൻ കഴിയാത്തതിലുമാണ് ആരാധകർ തങ്ങളുടെ പ്രതിഷേധം അറിയിക്കുന്നത്.

ഒരു പതിറ്റാണ്ടിൽ അധികമായി ടീമിന് വലിയ രീതിയിൽ പിന്തുണ നൽകാനും മഴയത്തും വെയിലത്തും ടീമിനൊപ്പം തന്നെ അടിയുറച്ചു നിൽക്കാനും ഈ ഫാൻഗ്രൂപ്പ് ശ്രദ്ധിച്ചിട്ടുണ്ടെന്ന് സോഷ്യൽ മീഡിയ പ്രസ്‌താവനയിലൂടെ അവർ വ്യക്തമാക്കുന്നു. എന്നാൽ ഇപ്പോൾ തങ്ങളുടെ ഹൃദയം ഭാരമാണെന്നും അതിനു കാരണം മാനേജ്‌മെന്റ് ആണെന്നും അവർ കുറ്റപ്പെടുത്തുന്നു.

സീസൺ ആരംഭിക്കാനിരിക്കെ നിർണായകമായ സൈനിംഗുകൾ, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കൽ തുടങ്ങിയവയിൽ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് പിന്നിലാണെന്നും കൃത്യമായ തന്ത്രങ്ങൾ ഇല്ലാത്തത് തങ്ങളെ വളരെയധികം നിരാശയിലേക്ക് നയിക്കുന്നുവെന്നും അവർ പറയുന്നു. ടീം മികച്ച പ്രകടനം നടത്തണമെങ്കിൽ ഈ പ്രശ്‍നങ്ങൾക്ക് നേരത്തെ പരിഹാരം കാണേണ്ടത് അനിവാര്യമാണെന്നും മഞ്ഞപ്പട വ്യക്തമാക്കുന്നു.

ഒരു ആരാധകപ്പട എന്നതിൽ ഉപരിയായി മഞ്ഞപ്പട ഒരു കുടുംബമാണെന്നും കഴിഞ്ഞ പത്ത് വർഷമായി ടീമിന്റെ വലിയ നേട്ടങ്ങൾക്കായി ക്ഷമയോടെ തങ്ങൾ കാത്തിരിക്കുകയാണെന്നും അവർ ഓർമിപ്പിക്കുന്നു. പലരും ചോദ്യം ചെയ്‌തിട്ടും ക്ലബിനോടുള്ള ആത്മാർത്ഥതയിൽ യാതൊരു കുറവും കാണിക്കാത്ത തങ്ങളോട് തിരിച്ചും പ്രതിബദ്ധത കാണിക്കാൻ ക്ലബ് നേതൃത്വം തയ്യാറാകണമെന്നും അവർ പറയുന്നു.

നിലവിലുള്ള പ്രശ്‌നങ്ങളെല്ലാം കൃത്യമായി പരിഹരിച്ച് മുന്നോട്ടു പോകണമെന്നും ആ പാത വളരെ മികച്ച ഒന്നാകണമെന്നും മഞ്ഞപ്പട ആവശ്യപ്പെടുന്നു. പുതിയ സീസണിന് മുന്നോടിയായി രണ്ടാമത്തെ തവണയാണ് മഞ്ഞപ്പട ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന് മുന്നറിയിപ്പ് നൽകുന്നത്. വലിയൊരു മാറ്റമുണ്ടായില്ലെങ്കിൽ ആരാധകരുടെ പിന്തുണയും ഇല്ലാതാകുമെന്ന് ശക്തമായ സന്ദേശം തന്നെയാണ് അവർ നൽകുന്നത്.