പോയിന്റ് ടേബിളിൽ മധ്യനിരയിൽ നിൽക്കുന്ന ടീമിനെയല്ല ഞങ്ങൾക്കു വേണ്ടത്, ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിനു മഞ്ഞപ്പടയുടെ മുന്നറിയിപ്പ്

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പതിനൊന്നാമത്തെ സീസണാണ് അടുത്ത മാസം മുതൽ ആരംഭിക്കാൻ പോകുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ തുടക്കം മുതൽ ഇപ്പോൾ വരെ ഏറ്റവുമധികം ആരാധകരുടെ പിന്തുണ ലഭിച്ചിട്ടുള്ള ക്ലബുകളിൽ ഒന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ്. എന്നാൽ ആരാധകരുടെ പിന്തുണക്ക് പകരമായി ഒരു കിരീടം സ്വന്തമാക്കാൻ ഇതുവരെ ക്ലബിന് കഴിഞ്ഞിട്ടില്ല.

ടീം വളരെ മോശം പ്രകടനം നടത്തിയ സീസണിലടക്കം മികച്ച രീതിയിലുള്ള പിന്തുണ പല ഫാൻ ഗ്രൂപ്പുകളും നൽകിയിരുന്നു. അതിൽ പ്രധാനപ്പെട്ട ഫാൻ ഗ്രൂപ്പുകളിലൊന്നാണ് മഞ്ഞപ്പട. പുതിയ സീസൺ ഏതാനും ആഴ്ച്ചകൾക്കുള്ളിൽ നടക്കാനിരിക്കെ കഴിഞ്ഞ സീസണിലേതു പോലെയൊരു സമീപനമല്ല ഉണ്ടാവുകയെന്ന് വ്യക്തമാക്കി മഞ്ഞപ്പട കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രതികരിച്ചിരുന്നു.

“ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ ഏതാനും ആഴ്ച്ചകൾക്കുള്ളിൽ ആരംഭിക്കാൻ പോകുന്നു, ദിവസങ്ങൾക്കകം സമ്മർ ട്രാൻസ്‌ഫർ ജാലകം അവസാനിക്കാനും പോകുന്നു. എന്നാലിപ്പോഴും കേരള ബ്ലാസ്റ്റേഴ്‌സ് പ്രധാനപ്പെട്ട സൈനിംഗുകൾ നടത്താൻ വേണ്ടി കാത്തിരിക്കുകയാണ്.”

“സ്വന്തമായൊരു ട്രെയിനിങ് സൗകര്യം പോലും ടീമിനിതു വരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ക്ഷമയോടെ കാത്തിരിക്കുകയെന്ന സമീപനം എല്ലായിപ്പോഴുമുണ്ടാകണമെന്നില്ല. ഞങ്ങൾക്ക് മത്സരിക്കാൻ ശേഷിയുള്ള ഒരു ടീമിനെയാണ് ആവശ്യം, അല്ലാതെ മിഡ് ടേബിളിൽ ഫിനിഷ് ചെയ്യുന്ന ടീമിനെയല്ല.” ബ്ലാസ്റ്റേഴ്‌സ് ഉടമയെയും സ്പോർട്ടിങ് ഡയറക്റ്ററേയും ടാഗ് ചെയ്‌ത്‌ മഞ്ഞപ്പട കുറിച്ചു.

പുതിയ സീസണിന് മുന്നോടിയായി മറ്റു ടീമുകളെല്ലാം മികച്ച രീതിയിലാണ് ഒരുക്കങ്ങൾ നടത്തുന്നത്. എല്ലാ ടീമുകളുടെ വിദേശതാരങ്ങളുടെ സൈനിങ്‌ അടക്കം പൂർത്തിയായിരിക്കുന്നു. എന്നാൽ ബ്ലാസ്റ്റേഴ്‌സ് ഇപ്പോഴും ഒരു താരത്തെ സ്വന്തമാക്കുന്നതിനു വേണ്ടിയുള്ള ചർച്ചകൾ നടത്തുകയാണ്. ഈ സാഹചര്യത്തിലാണ് മഞ്ഞപ്പട ഫാൻ ഗ്രൂപ്പ് ക്ലബിന് വ്യക്തമായ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.