പുതിയ സ്‌ട്രൈക്കർ സ്പെയിനിൽ നിന്നോ അർജന്റീനയിൽ നിന്നോ, സ്ഥിരീകരിക്കാൻ മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം

കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ സ്‌ട്രൈക്കർക്കായി മാർക്കറ്റിൽ സജീവമായ ഇടപെടലുകൾ നടത്തുന്നത് കുറെ ദിവസങ്ങളായി എല്ലാവർക്കുമറിയാം. പുതിയ സീസണിൽ കിരീടത്തിനായി പൊരുതണമെങ്കിൽ മികച്ചൊരു സ്‌ട്രൈക്കറുടെ സാന്നിധ്യം കൂടിയേ തീരൂ. എന്തായാലും ട്രാൻസ്‌ഫർ ജാലകം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പുതിയ സ്‌ട്രൈക്കറെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ.

നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകളിൽ രണ്ടു താരങ്ങളാണ് നിറഞ്ഞു നിൽക്കുന്നത്. നേരത്തെ അഭ്യൂഹങ്ങളിൽ ഉണ്ടായിരുന്ന അർജന്റീന താരമായ ഫെലിപ്പെ പാസാദോർ ആണ് അതിലൊരു താരം. ഇരുപത്തിനാലുകാരനായ താരം കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് വരാൻ സമ്മതം മൂളിയെന്നു പാസാദോർ കഴിഞ്ഞ സീസണിൽ കളിച്ചിരുന്ന ബൊളീവിയയിൽ നിന്നുള്ള മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്യുന്നു.

റിപ്പോർട്ടുകൾ മറ്റൊരു താരത്തെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയെന്നും പറയുന്നുണ്ട്. മുപ്പതുകാരനായ സ്‌പാനിഷ്‌ സ്‌ട്രൈക്കർ ജീസസ് ജിമിനെസ് ആണ് ആ താരം. ഗ്രീക്ക് ക്ലബായ ഒഎഫ്‌സി ക്രേറ്റയിൽ കളിച്ചിരുന്ന താരം ബ്ലാസ്റ്റേഴ്‌സുമായി കരാറൊപ്പിട്ടെന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്. എന്തായാലും ഇതിലാരാണ് എത്തിയതെന്ന് അറിയാൻ ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക പ്രഖ്യാപനം തന്നെ വരേണ്ടി വരും.

ഫെലിപെ പാസാദോർ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ചേക്കേറിയെന്ന ബൊളീവിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തതിട്ടുണ്ട്. അതിനു പുറമെ താരത്തിന്റെ ഏജൻസി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പാസാദോറിന്റെ ട്രാൻസ്‌ഫർ പൂർത്തിയായതിന്റെ സൂചനകളും നൽകിയിരിക്കുന്നു. കഴിഞ്ഞ സീസണിൽ ബൊളീവിയൻ ലീഗിൽ ടോപ് സ്കോററായ താരമെത്താനാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ ആഗ്രഹിക്കുന്നത്.

അഭ്യൂഹങ്ങളിലുള്ള രണ്ടാമത്തെ താരമായ ജീസസ് ജിമിനസ് സ്പെയിനിലെ ഏതാനും ക്ലബുകൾക്ക് വേണ്ടിയും അമേരിക്കൻ ലീഗിലെ ടൊറന്റോ, ഡള്ളാസ് തുടങ്ങിയ ക്ലബുകൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു സീസണുകളായി ഗ്രീക്ക് ക്ലബിൽ താരം സ്ഥിരസാന്നിധ്യമല്ല. ഇക്കാലയളവിൽ ആറു മത്സരങ്ങൾ മാത്രം ക്ലബിനായി കളിച്ച താരം ഒരു ഗോളാണ് നേടിയിട്ടുള്ളത്.