യൂറോപ്പിലെ വമ്പന്മാർക്കെതിരെ കളിച്ചിട്ടുള്ള താരം, കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ സ്‌ട്രൈക്കറെ ലക്ഷ്യമിടുന്നു

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിനായി ഒരുപാട് ഒരുക്കങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് ഇനിയും നടത്താനുണ്ട്. ഇന്ത്യൻ താരങ്ങളിൽ ചിലരുടെ സൈനിങ്‌ നടത്തിയെങ്കിലും വിദേശതാരങ്ങളുടെ കാര്യത്തിലാണ് ഇനി തീരുമാനത്തിലെത്താനുള്ളത്. അതിൽ തന്നെ പ്രധാനമായും വേണ്ടത് ദിമിത്രിയോസിനു പകരക്കാരനാകാൻ കഴിയുന്ന ഒരു മികച്ച സ്‌ട്രൈക്കറെയാണ്.

ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം യൂറോപ്പിൽ നിന്നുള്ള ഒരു താരത്തെ ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിട്ടിട്ടുണ്ട്. ഇറ്റാലിയൻ ക്ലബായ ടോറിനോയുടെ യൂത്ത് അക്കാദമിയിലൂടെ ഉയർന്നു വന്ന ഫിലിപ്പോ ബെറാർഡിയുമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് ചർച്ചകൾ നടത്തുന്നത്. സാൻ മറിനോ ദേശീയ ടീമിന്റെ താരം കൂടിയാണ് ഇരുപത്തിയേഴു വയസുള്ള ഫിലിപ്പോ ബെറാർഡി.

ഒരു കളിക്കാരനെന്ന നിലയിൽ വമ്പൻ ടീമുകൾക്കെതിരെ കളിച്ചു പരിചയമുള്ള താരമാണ് ഫിലിപ്പോ ബെറാർഡി. നിലവിൽ യൂറോ കപ്പിൽ കളിക്കുന്ന ഇംഗ്ലണ്ട്, അൽബേനിയ, ഹംഗറി എന്നീ ടീമുകൾക്കെതിരെ കഴിഞ്ഞ ലോകകപ്പിന്റെ യോഗ്യത മത്സരത്തിലാണ് സാൻ മറിനോക്ക് വേണ്ടി ബെറാർഡി ഇറങ്ങിയിട്ടുള്ളത്. യൂറോ കപ്പ് യോഗ്യത മത്സരങ്ങളിലും താരം കളിച്ചിട്ടുണ്ട്.

ടോറിനോയുടെ യൂത്ത് ടീമിൽ കളിച്ച താരാമാണെങ്കിലും സീനിയർ ടീമിലേക്ക് വരാൻ ബെറാർഡിക്ക് കഴിഞ്ഞില്ല. ഇറ്റലിയിലെ രണ്ടാം ഡിവിഷൻ മൂന്നാം ഡിവിഷൻ ക്ലബുകളിൽ കൂടുതൽ കാലം ചിലവഴിച്ച താരം അവസാനമായി കളിച്ചത് സാൻ മാറിനോയിലെ കോസ്മോസ് ക്ലബിനു വേണ്ടിയാണ്. അവർക്കു വേണ്ടി മികച്ച പ്രകടനം നടത്താൻ താരത്തിന് കഴിഞ്ഞിരുന്നു.

ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് വരുന്നത് ബെറാർഡിയെ സംബന്ധിച്ച് കരിയറിൽ ഒരു വഴിത്തിരിവുണ്ടാകുന്ന കാര്യമാണ്. ഇന്ത്യയിലെ സാഹചര്യങ്ങളുമായി ഇണങ്ങിച്ചേരാൻ കഴിഞ്ഞാൽ മികച്ച പ്രകടനം നടത്താൻ താരത്തിന് കഴിഞ്ഞേക്കും. എന്നാൽ ട്രാൻസ്‌ഫർ നീക്കങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് വിജയം കാണുമോയെന്നാണ് ഇനി അറിയാനുള്ളത്.