ലെവൻഡോസ്‌കിയുടെ നാട്ടിൽ നിന്നും ദിമിയുടെ പകരക്കാരൻ, പോളണ്ട് താരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ്

കഴിഞ്ഞ രണ്ടു സീസണുകളിൽ ടീമിന് വേണ്ടി മികച്ച പ്രകടനം നടത്തിയ ദിമിത്രിയോസ് ഡയമെന്റക്കൊസ് കരാർ അവസാനിച്ച് ക്ലബ് വിട്ടതിനാൽ താരത്തിന് പകരക്കാരനെ തേടുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ചരിത്രത്തിൽ ആദ്യമായി ഐഎസ്എൽ ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയ ബ്ലാസ്റ്റേഴ്‌സ് താരമാണ് ദിമിത്രിയോസ് എന്നതിനാൽ തന്നെ മികച്ചൊരു പകരക്കാരനെ തന്നെ എത്തിക്കേണ്ടത് നിർബന്ധമാണ്.

ബ്ലാസ്റ്റേഴ്‌സ് ദിമിയുടെ പകരക്കാരനെ കണ്ടെത്തിയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പോളിഷ് ക്ലബായ ലെഗിയ വാഴ്‌സയുടെ മീഡിയ റൈറ്റർ പറയുന്നത് പ്രകാരം അവരുടെ മുൻ താരമായ ജാറസ്‌ലോ നെസ്‌ഗോഡയെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിട്ടുണ്ട്. രണ്ടു വർഷത്തെ കരാർ താരം ക്ലബുമായി ഒപ്പുവെച്ചുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

വിസ്‌ല പുലാവിയെന്ന ക്ലബിൽ യൂത്ത് കരിയർ ആരംഭിച്ച നീസ്‌ഗോഡ അവർക്ക് വേണ്ടി സീനിയർ ടീമിലും കളിച്ചതിനു ശേഷമാണ് പോളണ്ടിലെ പ്രധാന ടീമുകളിൽ ഒന്നായ ലെഗിയ വാഴ്‌സയിലേക്ക് ചേക്കേറുന്നത്. അതിനു ശേഷം റൂഷ് ഷോർസോവ് എന്ന പോളിഷ് ക്ലബിന് വേണ്ടിയും കളിച്ച താരം പിന്നീട് എംഎൽഎസ് ക്ലബായ പോർട്ട്ലാൻഡ് ടിമ്പേഴ്‌സിലേക്ക് ചേക്കേറി.

ഇരുപത്തിയൊൻപതുകാരനായ താരം മികച്ച പ്രകടനമാണ് ഈ ടീമുകൾക്ക് വേണ്ടി നടത്തിയിട്ടുള്ളത്. കളിച്ച ടീമുകൾക്കെല്ലാം വേണ്ടി ഗോളുകൾ അടിച്ചു കൂട്ടിയിട്ടുള്ള താരം ലെഗിയ വാഴ്‌സക്കൊപ്പം നിരവധി കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. അതിനു പുറമെ പോളിഷ് ലീഗിലെ 2016-17 സീസണിലെ ഏറ്റവും മികച്ച കണ്ടെത്തലായി തിരഞ്ഞെടുക്കപ്പെട്ടതും താരമായിരുന്നു.

പോളണ്ടിന്റെ അണ്ടർ 21 ടീമിന് വേണ്ടി കളിച്ചിട്ടുള്ള താരം അവസാനം പോർട്ട്ലാൻഡ് ടിമ്പേഴ്‌സിന്റെ ബി ടീമിന് വേണ്ടിയാണ് കളത്തിലിറങ്ങിയിട്ടുള്ളത്. അവർക്കൊപ്പമുള്ള താരത്തിന്റെ പ്രകടനം അത്ര മികച്ചതല്ലായിരുന്നു. നിലവിൽ ഫ്രീ ഏജന്റായിരിക്കുന്ന താരത്തെ സ്വന്തമാക്കി ദിമിത്രിയോസിനെപ്പോലെ തേച്ചു മിനുക്കിയെടുക്കാനാവും ബ്ലാസ്റ്റേഴ്‌സ് പദ്ധതിയിടുന്നത്.