അർജന്റീനയിൽ നിന്നുള്ള ഗോളടിയന്ത്രം എത്തുമോ, മുൻ ബാഴ്‌സലോണ താരത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്

ട്രാൻസ്‌ഫർ ജാലകം അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കേരള ബ്ലാസ്റ്റേഴ്‌സ് ഒരു സ്‌ട്രൈക്കറെ സ്വന്തമാക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ ഊർജ്ജിതമായി നടത്തിക്കൊണ്ടിരിക്കുകയാണ്. ഇനി വളരെ കുറച്ച് സമയം മാത്രമേ താരങ്ങളെ സ്വന്തമാക്കാൻ ബാക്കിയുള്ളൂ എന്നതിനാൽ തന്നെ നിരവധി സ്‌ട്രൈക്കർമാരുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമാണ്.

വിദേശ സ്‌ട്രൈക്കറുമായി ബന്ധപ്പെട്ടു പുറത്തു വന്നിരിക്കുന്ന ഏറ്റവും പുതിയ അഭ്യൂഹം ബ്ലാസ്റ്റേഴ്‌സ് ആരാധകരിൽ പ്രതീക്ഷ നൽകുന്ന ഒന്നാണ്. റിപ്പോർട്ടുകൾ പ്രകാരം അർജന്റീന സ്‌ട്രൈക്കറായ സെർജിയോ അറൗഹോയെയാണ് ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ടിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ക്ലബുകളിൽ ഒന്നായ ബാഴ്‌സലോണയുടെ മുൻ താരം കൂടിയാണ് സെർജിയോ അറൗഹോ.

അർജന്റൈൻ ക്ലബായ ബൊക്ക ജൂനിയേഴ്‌സിൽ കരിയർ ആരംഭിച്ച സെർജിയോ അറൗഹോ അതിനു ശേഷം ലോണിലാണ് ബാഴ്‌സലോണയുടെ ബി ടീമിലേക്ക് ചേക്കേറുന്നത്. തുടർന്ന് അർജന്റൈൻ ക്ലബായ ടൈഗ്ര, സ്‌പാനിഷ്‌ ക്ലബായ ലാസ് പാൽമാസ് എന്നിവർക്ക് വേണ്ടി കളിച്ച താരം ഒടുവിൽ ബൂട്ട് കെട്ടിയത് ഗ്രീക്ക് ക്ലബായ എഇകെ ഏതൻസിനു വേണ്ടിയാണ്.

കഴിഞ്ഞ ദിവസം മാർക്കസ് മെർഗുലാവോ കേരള ബ്ലാസ്റ്റേഴ്‌സ് രണ്ട് അർജന്റീന താരങ്ങൾക്ക് വേണ്ടിയും ഒരു ജർമൻ താരത്തിന് വേണ്ടിയും ശ്രമങ്ങൾ നടത്തിയെന്നും അതിലൊരാൾ കഴിഞ്ഞ സീസണിൽ യൂറോപ്പ ലീഗിൽ കളിച്ചിട്ടുണ്ടെന്നും വ്യക്തമാക്കിയിരുന്നു. അത് അറൗഹോയെ ഉദ്ദേശിച്ചു തന്നെയാണ്. കഴിഞ്ഞ സീസണിൽ ഗ്രീക്ക് ക്ലബിനൊപ്പം രണ്ട് യൂറോപ്പ ലീഗ് മത്സരങ്ങളിൽ താരം ഇറങ്ങിയിരുന്നു.

പന്ത്രണ്ടു കോടി രൂപ മൂല്യമുള്ള താരമാണ് സെർജിയോ അറൗഹോയെങ്കിലും നിലവിൽ ഫ്രീ ഏജന്റായത് താരത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായ ഘടകമാണ്. മുപ്പത്തിരണ്ടുകാരനായ താരം ഇന്ത്യയിലേക്ക് വരാൻ സമ്മതം മൂളിയാൽ മാത്രം മതി ട്രാൻസ്‌ഫർ പൂർത്തിയാകാൻ. അടുത്ത ദിവസങ്ങളിൽ തന്നെ ഇത് സംഭവിക്കുമെന്നാണ് ഏവരുടെയും പ്രതീക്ഷ.