ജീസസ് ജിമിനസ് നാളെ ഇന്ത്യയിലെത്തും, പുതിയ അധ്യായത്തിനു ത്രില്ലടിച്ച് കാത്തിരിക്കുകയാണെന്ന് സ്‌പാനിഷ്‌ താരം

ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് കുറച്ച് ദിവസങ്ങളൊന്നുമല്ല ഒരു വിദേശതാരത്തെ കണ്ടെത്താൻ വേണ്ടി ചിലവഴിച്ചത്. നിരവധി മികച്ച വിദേശതാരങ്ങളുമായി കേരള ബ്ലാസ്റ്റേഴ്‌സ് ചർച്ചകൾ നടത്തിയെങ്കിലും അതൊന്നും പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഒടുവിൽ സ്‌പാനിഷ്‌ താരമായ ജീസസ് ജിമിനസാണ്‌ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ചേക്കേറിയത്.

ഇതുവരെ ടീമിനൊപ്പം ചേർന്നിട്ടില്ലാത്ത ജീസസ് ജിമിനസ് നാളെ ഇന്ത്യയിലേക്ക് എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീം പരിശീലനം നടത്തുന്നത് കൊൽക്കത്തയിലാണ്. അവിടേക്കാണ് ജീസസ് ജിമിനസ് എത്തുകയെന്നും അതിനു ശേഷം പരിശീലനം ആരംഭിക്കുമെന്നും പുറത്തു വന്ന വിവരങ്ങളിൽ നിന്നും വ്യക്തമാകുന്നു.

“കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്കൊപ്പം പുതിയൊരു അദ്ധ്യായത്തിനു തുടക്കം കുറിക്കാൻ ഞാൻ ത്രില്ലടിച്ചു കാത്തിരിക്കുകയാണ്. ആരാധകരുടെ ആവേശവും ക്ലബിന്റെ വിഷനും എന്റെ ആഗ്രഹങ്ങളുമായി ചേർന്നു പോകുന്നതാണ്. ക്ലബിന്റെ വിജയത്തിനായി സംഭാവന നൽകാനും മൈതാനത്തും പുറത്തും ഓർമ്മകൾ ഉണ്ടാക്കാനുമാണ് ഞാൻ ആഗ്രഹിക്കുന്നത്.” ജീസസ് ജിമിനസ് പറഞ്ഞു.

സ്‌പാനിഷ്‌ താരമായ ജീസസ് അത്ലറ്റികോ മാഡ്രിഡിന്റെ അക്കാദമിയിൽ ഉണ്ടായിരുന്നു. സ്പെയിനിലെ വിവിധ ക്ലബുകളിൽ കളിച്ചിട്ടുള്ള താരം അമേരിക്കൻ ലീഗിലും കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ഗ്രീക്ക് ക്ലബായ ഒഎഫ്‌സി ക്രേറ്റയിലാണ് ജീസസ് ജിമിനസ് കളിച്ചിരുന്നത്. എന്നാൽ ആറു മത്സരങ്ങളിൽ മാത്രം കളത്തിലിറങ്ങിയ താരം ഒരു ഗോൾ മാത്രമാണ് നേടിയത്.

കഴിഞ്ഞ ഏതാനും സീസണുകളായി ഒരു മുന്നേറ്റനിര താരമെന്ന നിലയിൽ ജീസസിന്റെ പ്രകടനം മോശമാണ്. എന്നാൽ ബ്ലാസ്റ്റേഴ്‌സിൽ മികച്ച പ്രകടനം നടത്താൻ താരത്തിന് കഴിയുമെന്നാണ് ആരാധകർ വിശ്വസിക്കുന്നത്. മൈക്കൽ സ്റ്റാറെയുടെ പദ്ധതികൾക്ക് അനുയോജ്യനായ താരമാണ് ജീസസെന്നും ആരാധകർ ഉറച്ചു വിശ്വസിക്കുന്നു.