ഇനിയും കളിച്ചോളൂ, പക്ഷെ പോർച്ചുഗൽ ദേശീയടീമിൽ നിന്നും വിട്ടു നിൽക്കണം; റൊണാൾഡോക്ക് നിർദ്ദേശവുമായി ഇതിഹാസതാരം

ക്രിസ്റ്റ്യാനോ റൊണാൾഡോയെ സംബന്ധിച്ചും പോർച്ചുഗലിന്റെ സംബന്ധിച്ചും നിരാശപ്പെടുത്തുന്ന ഒരു യൂറോ കപ്പാണ് കടന്നു പോയത്. ഗ്രൂപ്പ് ജേതാക്കളായി പ്രീ ക്വാർട്ടറിലേക്ക് മുന്നേറിയ ടീം സ്ലോവേനിയയോടെ വിജയം നേടാൻ ഷൂട്ടൗട്ട് വരെ കാത്തിരിക്കേണ്ടി വന്നു. അതിനു ശേഷം ക്വാർട്ടർ ഫൈനലിൽ ഫ്രാൻസിനോട് തോൽവി വഴങ്ങി പുറത്താവുകയും ചെയ്‌തു.

ടൂർണമെന്റിൽ അഞ്ചു മത്സരങ്ങൾ കളിച്ച പോർച്ചുഗൽ അതിൽ രണ്ടു മത്സരങ്ങളിൽ മാത്രമാണ് ഗോൾ കണ്ടെത്തിയത്. സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു ഗോൾ പോലും പോർചുഗലിനായി യൂറോ കപ്പിൽ നേടിയില്ല. മോശം പ്രകടനം നടത്തിയ താരം പോർച്ചുഗൽ ദേശീയടീമിൽ നിന്നും വിട്ടു നിൽക്കണമെന്ന ആവശ്യം പലരും ഉന്നയിക്കുമ്പോൾ അതെ അഭിപ്രായമാണ് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം റോയ് കീനിനുള്ളത്.

“ദേശീയ ഫുട്ബോളിൽ നിന്നും ഒരു ഇടവേളയെടുത്ത് റൊണാൾഡോ പിന്മാറണം. ക്ലബ് തലത്തിൽ വീണ്ടും കളിക്കുകയാണെങ്കിൽ ലോകകപ്പ് എത്തുമ്പോൾ വീണ്ടും ശ്രമിക്കാവുന്നതാണ്. നിങ്ങളിപ്പോൾ കളിക്കുന്നത് പത്ത് പേരുമായാണ്. ഉയർന്ന നിലവാരത്തിൽ കളിക്കാൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ ആരെയും ചുമലിലേറ്റാൻ കഴിയില്ല. താരത്തിന് മികച്ച നീക്കങ്ങൾ ഇപ്പോഴുമുണ്ടെന്നു ഫ്രാൻസിനെതിരെ കണ്ടു.”

“റൊണാൾഡോക്ക് ഇനിയും കളിക്കാം, പക്ഷെ ദേശീയ ടീമിന് വേണ്ടിയല്ല. ഒരുപാട് താരങ്ങൾ ചെറുപ്പത്തിൽ തന്നെ ദേശീയ ടീമിന് വേണ്ടിയുള്ള കരിയർ അവസാനിപ്പിച്ച് ക്ലബ് തലത്തിൽ കളിച്ചിട്ടുണ്ട്. മറ്റുള്ള താരങ്ങൾക്ക് അവസരങ്ങളുണ്ടാകാൻ വേണ്ടി കൂടിയാണ് ഈ തീരുമാനം. മറ്റുള്ളവരെ പുറകോട്ടു വലിക്കുന്നത് ഗുണകരമായ കാര്യമല്ല.” റോയ് കീൻ പറഞ്ഞു.

അതേസമയം റൊണാൾഡോ ദേശീയ ടീമിൽ നിന്നും പിൻവാങ്ങാൻ തയ്യാറല്ലെന്നാണ് നിലവിൽ പുറത്തു വരുന്ന വാർത്തകളെല്ലാം വിരൽ ചൂണ്ടുന്നത്. ഒരു പകരക്കാരനായെങ്കിൽ പോലും അടുത്ത ലോകകപ്പിൽ കളിക്കണമെന്നാണ് റൊണാൾഡോ ആഗ്രഹിക്കുന്നത്. പോർച്ചുഗൽ ദേശീയ ടീമും അതിനു സമ്മതം മൂളുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.