ഒരു വിദേശതാരം കൂടി കേരള ബ്ലാസ്റ്റേഴ്‌സിൽ തുടരുമെന്നുറപ്പായി, കരാർ പുതുക്കിയെന്ന് റിപ്പോർട്ടുകൾ | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഇവാൻ വുകോമനോവിച്ച് പരിശീലകസ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിൽ ടീമിനെ വലിയ രീതിയിൽ അഴിച്ചുപണിയാനുള്ള ഒരുക്കത്തിലാണ് മാനേജ്‌മെന്റ്. എന്നാൽ ടീമിലെ വിദേശതാരങ്ങളുടെ കാര്യത്തിൽ വലിയ മാറ്റമൊന്നും ഉണ്ടാകാനുള്ള സാധ്യതയില്ലെന്നാണ് സൂചനകളിൽ നിന്നും വ്യക്തമാകുന്നത്.

കഴിഞ്ഞ സീസണിൽ ടീമിലുണ്ടായിരുന്ന ഭൂരിഭാഗം വിദേശതാരങ്ങളുടെയും കരാർ അവസാനിക്കാൻ പോവുകയാണ്. അവരിൽ പലർക്കും ബ്ലാസ്റ്റേഴ്‌സ് പുതിയ കരാർ നൽകിയിട്ടുമുണ്ട്. ജോഷുവക്ക് പരിക്കേറ്റതിന് പകരമെത്തിയ ഡൈസുകെ, പ്രതിരോധതാരം ലെസ്‌കോവിച്ച്, ജനുവരിയിൽ ലൂണക്ക് പകരക്കാരനായി എത്തിയ ഫെഡോർ എന്നിവർ അടുത്ത സീസണിൽ ടീമിലുണ്ടാകാൻ സാധ്യതയില്ല.

അതിനിടയിൽ കരാർ അവസാനിക്കുന്നതിനു മുൻപ് തന്നെ ബ്ലാസ്റ്റേഴ്‌സ് ഒരു വിദേശതാരത്തിന്റെ കരാർ പുതുക്കിയെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. കഴിഞ്ഞ സീസണിൽ ടീമിന്റെ പ്രധാന ഡിഫൻഡർ ആയിരുന്ന മിലോസ് ഡ്രിൻസിച്ചിന് ബ്ലാസ്റ്റേഴ്‌സ് പുതിയ കരാർ നൽകിയിട്ടുണ്ടെന്നും അടുത്ത സീസണിലും താരം ടീമിനൊപ്പം ഉണ്ടാകുമെന്നാണ് ക്ലബുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

മീലൊസ് കരാർ പുതുക്കിയെങ്കിൽ ഇനി രണ്ടു താരങ്ങളാണ് അതിനു ബാക്കിയുള്ളത്. ടീമിന്റെ നായകനും പ്രധാന താരവുമായ അഡ്രിയാൻ ലൂണ, ആദ്യമായി ബ്ലാസ്റ്റേഴ്‌സിനൊപ്പം ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയ ദിമിത്രിയോസ് എന്നിവരാണ് കരാർ പുതുക്കാൻ ബാക്കിയുള്ളത്. ഈ താരങ്ങൾക്കെല്ലാം ബ്ലാസ്റ്റേഴ്‌സ് കരാർ പുതുക്കാനുള്ള ഓഫർ നൽകിയിട്ടുണ്ട്.

ഈ രണ്ടു താരങ്ങൾ കൂടി കരാർ പുതുക്കിയാൽ ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിലേക്കായി ഒരു വിദേശതാരത്തെ മാത്രമാണ് ലക്‌ഷ്യം വെക്കേണ്ടത്. അത് ലെസ്‌കോവിച്ചിന് പകരക്കാരനായി പ്രതിരോധനിരയിൽ ആയിരിക്കും. ബാക്കി പൊസിഷനുകളിലെല്ലാം ടീമിൽ വിദേശതാരങ്ങളുണ്ട്. അതേസമയം ഇവരിൽ ആരെങ്കിലും കരാർ പുതുക്കുന്നില്ലെങ്കിൽ അതിനു പകരക്കാരനെക്കൂടി ടീം കണ്ടെത്തേണ്ടതുണ്ട്.

Kerala Blasters Reportedly Extended Milos Drincic Contract