ക്രൊയേഷ്യൻ ലീഗിലെ ഗോൾമെഷീൻ, ദിമിയുടെ പകരക്കാരനെ ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

ദിമിത്രിയോസ് കരാർ പുതുക്കാതിരുന്നത് കേരള ബ്ലാസ്റ്റേഴ്‌സിൽ ഉണ്ടാക്കിയ വിടവ് ചെറുതല്ല. കഴിഞ്ഞ രണ്ടു സീസണുകളായി കേരള ബ്ലാസ്റ്റേഴ്‌സിനു വേണ്ടി മികച്ച പ്രകടനം നടത്തുകയും ഐഎസ്എൽ ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയ ആദ്യത്തെ ബ്ലാസ്റ്റേഴ്‌സ് താരമായി മാറുകയും ചെയ്‌ത ഗ്രീക്ക് താരം പ്രതിഫലവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കാരണമാണ് ബ്ലാസ്റ്റേഴ്‌സ് വിടാനുള്ള തീരുമാനമെടുത്തത്.

ദിമിത്രിയോസിനു പകരക്കാരനെ കണ്ടെത്താനുള്ള സജീവമായ ശ്രമങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് ആരംഭിച്ചിട്ടുണ്ട്. നിരവധി താരങ്ങളുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ വരുന്നുണ്ടെങ്കിലും ഇതുവരെ ട്രാൻസ്‌ഫർ പ്രതീക്ഷ നൽകുന്നത് യാതൊന്നും ഉണ്ടായിട്ടില്ല. അഭ്യൂഹങ്ങളിൽ ഏറ്റവും പുതിയത് മുപ്പത്തിനാലുകാരനായ ക്രൊയേഷ്യൻ താരമായ ഡുജേ കോപ്പിന്റെതാണ്.

ക്രൊയേഷ്യൻ ഫസ്റ്റ് ഡിവിഷൻ ലീഗിലെ ക്ലബായ ലോക്കോമോട്ടീവ സാഗ്രബിന്റെ കളിക്കാരനാണ് കോപ്പ്. കഴിഞ്ഞ സീസണിൽ ഇരുപത്തിരണ്ടു മത്സരങ്ങൾ ക്ലബിനായി കളിച്ച താരം അതിൽ പതിനഞ്ചെണ്ണത്തിൽ മാത്രമാണ് ആദ്യ ഇലവനിൽ ഉണ്ടായിരുന്നത്. ഇത്രയും മത്സരങ്ങളിൽ നിന്നും 12 ഗോളും മൂന്ന് അസിസ്റ്റുമാണ് കോപ്പ് സ്വന്തമാക്കിയത്.

ലീഗിൽ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്‌ത ലോക്കൊമൊട്ടീവ് സാഗ്രബിന്റെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരനും കഴിഞ്ഞ സീസണിലെ ടോപ് സ്കോററും കോപ്പ് തന്നെയാണ്. ലീഗിലെ ടോപ് സ്കോറർമാരിൽ താരം മൂന്നാം സ്ഥാനത്ത് നിൽക്കുന്നു. താരത്തെ ലഭിച്ചാൽ അത് ബ്ലാസ്റ്റേഴ്‌സിന് വലിയൊരു മുതൽക്കൂട്ട് തന്നെയാകുമെന്നതിൽ സംശയമില്ല.

ക്രൊയേഷ്യൻ ക്ലബുമായുള്ള കോപ്പിന്റെ കരാർ അവസാനിക്കാൻ പോവുകയാണ്. ഈ അവസരം മുതലെടുക്കാനാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നത്. താരത്തിന്റെ പ്രതിഫലവും താരതമ്യേനെ കുറവാണ്. എന്നാൽ മുപ്പത്തിനാല് വയസ്സാണ് കോപ്പിനെന്നതിനാൽ താരത്തെ കൂടുതൽ കാലം ഉപയോഗിക്കാൻ ക്ലബിന് കഴിയില്ല.

Kerala Blasters Interested In Duje Cop