കേരളത്തിലെ ഫുട്ബോൾ ഫാൻസ്‌ വേറെ റേഞ്ചാണ്, തൊടാൻ പോലും കഴിയാത്ത ഉയരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ്

ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച ഫാൻബേസ് ഏതാണെന്ന ചോദ്യം വന്നാൽ എതിരാളികൾ പോലും കേരള ബ്ലാസ്റ്റേഴ്‌സിന്റെ പേര് പറയാൻ സാധ്യതയുണ്ട്. ക്ലബ് രൂപീകരിക്കപ്പെട്ട് ഒരു പതിറ്റാണ്ടു പിന്നിടുമ്പോൾ തന്നെ ആഗോളതലത്തിൽ ശ്രദ്ധ പിടിച്ചുപറ്റാൻ കേരള ബ്ലാസ്റ്റേഴ്‌സ് ഫാൻസിനു കഴിഞ്ഞു.

കഴിഞ്ഞ ദിവസം ഏറ്റവുമധികം ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സുള്ള ഇന്ത്യയിലെ ക്ലബുകളുടെ പട്ടിക ട്രാൻസ്‌ഫർ മാർക്കറ്റ് പുറത്തു വിടുകയുണ്ടായി. ഇതിൽ ഒരാൾക്കും തൊടാൻ പറ്റാത്ത ഉയരത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് നിൽക്കുന്നത്. 38 ലക്ഷത്തിലധികം ഫോളോവേഴ്‌സാണ് കേരള ബ്ലാസ്റ്റേഴ്‌സിനുള്ളത്.

നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മോഹൻ ബഗാനാണ് രണ്ടാം സ്ഥാനത്ത്. എന്നാൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത് പോലുമെത്താൻ അവർക്ക് കഴിഞ്ഞിട്ടില്ല. ഏഴു ലക്ഷത്തിലധികം പേരാണ് മോഹൻ ബഗാനെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്നത്. ബെംഗളൂരുവാണ് മൂന്നാം സ്ഥാനത്ത്.

ഐഎസ്എൽ ക്ലബുകളിൽ പലരെയും പിന്നിലാക്കി കേരളത്തിലെ ഒരു ഐ ലീഗ് ക്ലബ് ലിസ്റ്റിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. 2.5 ലക്ഷത്തോളം ഫോളോവേഴ്‌സുള്ള ഗോകുലം കേരള പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കൊൽക്കത്ത ക്ലബുകളായ മൊഹമ്മദൻസ്, ഈസ്റ്റ് ബംഗാൾ എന്നിവക്കും മുകളിലാണ്.

കേരളത്തിന്റെ ഫുട്ബോൾ ജ്വരം എത്രത്തോളം വലുതാണെന്ന് ഈ കണക്കുകളിൽ നിന്നും വ്യക്തമാകുന്നു. ഇനി ഗോകുലം കേരള കൂടി ഐഎസ്എല്ലിലേക്ക് വന്നാൽ കേരളത്തിലെ ഫുട്ബോൾ ഫാൻസിന്റെ ആവേശം പതിന്മടങ്ങായി വർധിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

fpm_start( "true" ); /* ]]> */