വരുമെന്നു പ്രതീക്ഷിച്ച രണ്ടു താരങ്ങളും എത്തിയേക്കില്ല, ആരാധകർക്ക് നിരാശ നൽകി കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് | Kerala Blasters

ഈ സീസണിൽ നിരാശപ്പെടുത്തുന്ന പ്രകടനം നടത്തിയ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ വലിയ തോതിൽ ആരാധകരോഷം ഉയർന്നു വരുന്നുണ്ട്. നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗൽ ഒരു കിരീടം പോലും നേടാത്ത രണ്ടു ടീമുകളിൽ ഒന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ്. അതുകൊണ്ടു തന്നെ അടുത്ത സീസണിലേക്കായി കിരീടം തന്നെ ലക്ഷ്യമിട്ട് മികച്ച താരങ്ങളെ എത്തിക്കേണ്ടതുണ്ട്. എന്നാൽ ടീമിലേക്കു വരുമെന്ന് അഭ്യൂഹങ്ങൾ ഉയർന്ന താരങ്ങൾ പോലും എത്തില്ലെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ.

ബെംഗളൂരു എഫ്‌സിയുടെ ഫുൾബാക്കായ പ്രബീർ ദാസാണ് ബ്ലാസ്‌റ്റേഴ്‌സിലേക്ക് വരുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്ന ഒരു താരം. കഴിഞ്ഞ ദിവസം താരം ക്ലബ് വിട്ട വിവരം ബെംഗളൂരു സ്ഥിരീകരിച്ചതോടെ ആരാധകരുടെ പ്രതീക്ഷ വളരെയധികം വർധിക്കുകയും ചെയ്‌തു. എന്നാൽ കഴിഞ്ഞ ദിവസം മാർക്കസ് മെർഗുലാവോ വെളിപ്പെടുത്തിയതു പ്രകാരം ബ്ലാസ്റ്റേഴ്‌സ് പ്രബീർ ദാസിനായി അന്വേഷണമൊന്നും നടത്തിയിട്ടില്ല. താരം ഏതു ക്ലബിലേക്കാണ് ചേക്കേറുകയെന്ന കാര്യത്തിൽ വ്യക്തതയില്ല.

മറ്റൊന്ന് ബൊളീവിയൻ ലീഗിൽ ഓൾവെയ്‌സ് റെഡി ക്ലബിനായി കളിക്കുന്ന ഡോർണി റൊമേരോയുമായി ബന്ധപ്പെട്ടാണ്. താരത്തിനായി ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായ ഓഫർ നൽകിയെന്ന റിപ്പോർട്ടുകളും അതിന്റെ ലെറ്ററും പുറത്തു വന്നിരുന്നു. ബ്ലാസ്റ്റേഴ്‌സ് ഓഫർ നൽകിയെന്ന വാർത്ത ശരിയാണെന്ന് മെർഗുലാവോ പറയുന്നുണ്ടെങ്കിലും താരത്തെ സ്വന്തമാക്കുന്ന കാര്യത്തിൽ യാതൊരു പുരോഗമനവും ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്.

അടുത്ത സീസൺ ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്‌സ് നേരത്തെ തന്നെ താരങ്ങളെ സ്വന്തമാക്കി ടീമിൽ ഒത്തിണക്കം സൃഷ്‌ടിക്കുമെന്നു ആരാധകർ കരുതിയിരിക്കുമ്പോഴാണ് പുതിയ വിവരങ്ങൾ വരുന്നത്. ബ്ലാസ്റ്റേഴ്‌സ് ആരാധകരെ സംബന്ധിച്ച് വലിയ നിരാശയാണ് ഈ റിപ്പോർട്ടുകൾ നൽകുന്നത്. അടുത്ത സീസണിലും ഒരു കിരീടം പോലും ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയില്ലെങ്കിൽ വലിയ പ്രതിഷേധം മാനേജ്‌മെന്റിനെതിരെ ഉണ്ടാകുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

Kerala Blasters Not Yet Close To Sign Prabir Das Dorny Romero