എന്താണ് ഈ സീസണിൽ സംഭവിച്ചത്, ഈ നാണക്കേട് അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല

ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് പതറിക്കൊണ്ടിരിക്കുകയാണ്. സീസണിന്റെ തുടക്കത്തിൽ മികച്ച പ്രകടനം നടത്തുമെന്ന പ്രതീക്ഷകൾ നൽകിയ ടീം പുറകോട്ടു പോകുന്നതാണ് കണ്ടത്. വ്യക്തിഗത പിഴവുകൾ ഓരോ മത്സരങ്ങളിലും ആവർത്തിച്ചപ്പോൾ പോയിന്റ് ടേബിളിൽ പത്താം സ്ഥാനത്താണ് ടീമുള്ളത്.

സ്വന്തം മൈതാനത്ത് പോലും കേരള ബ്ലാസ്റ്റേഴ്‌സിന് ഈ സീസണിൽ മികച്ച പ്രകടനം നടത്താൻ കഴിയുന്നില്ലെന്നതാണ് ഏറ്റവും നിരാശപ്പെടുത്തുന്ന കാര്യം. കഴിഞ്ഞ സീസണിലെ ഹോം മത്സരങ്ങളിലെ തോൽവിയുടെ എണ്ണം ഇപ്പോഴേ ബ്ലാസ്റ്റേഴ്‌സ് മറികടന്നു കഴിഞ്ഞു.

ഇവാൻ വുകോമനോവിച്ച് പരിശീലകനായ കഴിഞ്ഞ സീസണിൽ പതിനൊന്നു ഹോം മത്സരങ്ങൾ കളിച്ച ടീം അതിൽ മൂന്നെണ്ണത്തിലാണ് തോൽവി വഴങ്ങിയത്. എന്നാൽ ഈ സീസണിൽ ആറു മത്സരങ്ങൾ കഴിഞ്ഞപ്പോൾ തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് നാല് മത്സരങ്ങളിൽ തോൽവി വഴങ്ങിയിട്ടുണ്ട്.

ഈ തോൽവികൾക്ക് പ്രധാനപ്പെട്ട കാരണം വ്യക്തിഗത പിഴവുകളാണ് എന്നതിനാൽ തന്നെ പരിശീലകൻ മൈക്കൽ സ്റ്റാറെയെ ആരാധകർ കുറ്റപ്പെടുത്തുന്നില്ല. ഏതാണ്ട് ആറോളം മത്സരങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് വ്യക്തിഗത പിഴവുകൾ കാരണം പോയിന്റുകൾ നഷ്‌ടമാക്കിയത്.

സ്വന്തം മൈതാനത്ത് പോലും കേരള ബ്ലാസ്റ്റേഴ്‌സിന് മികച്ച പ്രകടനം നടത്താൻ കഴിയുന്നില്ലെന്നത് വലിയ നിരാശ തന്നെയാണ്. ജയത്തിലും തോൽവിയിലും ടീമിനൊപ്പം നിൽക്കുന്ന ആരാധകർ കൂടുതൽ അർഹിക്കുന്നുണ്ടെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.