പെപ്രയോ ഫെഡോറോ തുടരാൻ സാധ്യത, ഇരുവരുടെയും കാര്യത്തിൽ തീരുമാനമെടുക്കാതെ കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

മൈക്കൽ സ്റ്റാറെയെ ബ്ലാസ്റ്റേഴ്‌സ് പരിശീലകനായി പ്രഖ്യാപിച്ചതിനു ശേഷം ടീമിൽ നിന്നും ഒഴിവാക്കപ്പെടാൻ സാധ്യതയുള്ള താരങ്ങളിൽ പ്രധാനമായും ഉണ്ടായിരുന്നത് ക്വാമേ പെപ്ര, ഫെഡോർ ചെർണിച്ച് എന്നിവരുടെ പേരുകളായിരുന്നു. പെപ്രക്ക് ഒരു വർഷം കൂടി ബ്ലാസ്റ്റേഴ്‌സുമായി കരാറുള്ളപ്പോൾ കരാർ അവസാനിക്കാൻ പോകുന്ന ഫെഡോർ ടീമിൽ തന്നെ തുടരാനുള്ള ആഗ്രഹം നേരത്തെ പ്രകടിപ്പിച്ചതാണ്.

എന്തായാലും ചിലപ്പോൾ ഈ രണ്ടു താരങ്ങളും അല്ലെങ്കിൽ ഇവരിലൊരാൾ ടീമിൽ തുടരാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രമുഖ മലയാള ദിനപത്രം വെളിപ്പെടുത്തുന്നത് പ്രകാരം ഇരുവരുടെയും ഭാവിയുടെ കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് ഇപ്പോഴും തീരുമാനമൊന്നും എടുത്തിട്ടില്ലെന്നത് ഇവരെ നിലനിർത്താനുള്ള സാധ്യത വർധിപ്പിക്കുന്നു.

കഴിഞ്ഞ സീസണിന്റെ തുടക്കത്തിൽ ഒന്ന് പതറിയെങ്കിലും പിന്നീട് ഫോമിലെത്തിയ താരമാണ് പെപ്ര. എന്നാൽ താരത്തിന് ഗുരുതരമായി പരിക്കേറ്റ് സീസൺ മുഴുവൻ നഷ്‌ടമായത് തിരിച്ചടിയായി. മത്സരത്തിന്റെ മുഴുവൻ സമയവും നിർത്താതെ പ്രസ് ചെയ്യാൻ കഴിയുന്ന താരമായ പെപ്രക്ക് പരിക്കേറ്റതിന് ശേഷമാണ് ടീമിന്റെ പ്രകടനം നിരാശപ്പെടുന്ന അവസ്ഥയിലേക്ക് പോയതെന്നത് യാഥാർഥ്യമാണ്.

അതേസമയം അഡ്രിയാൻ ലൂണക്ക് പരിക്കേറ്റതിനെ തുടർന്നാണ് ലിത്വാനിയൻ ദേശീയ ടീമിന്റെ നായകനായ ഫെഡോർ ചെർണിച്ച് ബ്ലാസ്റ്റേഴ്‌സിലേക്ക് വരുന്നത്. ഇന്ത്യയിൽ ആദ്യമായി കളിക്കുന്ന താരം മോശമല്ലാത്ത പ്രകടനം ടീമിന് വേണ്ടി നടത്തി. തനിക്ക് സാഹചര്യങ്ങളുമായി ഇണങ്ങിച്ചേരാൻ കൂടുതൽ സമയം ലഭിച്ചാൽ ഇതിനേക്കാൾ മികവ് കാണിക്കാൻ കഴിയുമെന്ന് ഫെഡോർ പറഞ്ഞിരുന്നു.

അഡ്രിയാൻ ലൂണ, നോഹ സദൂയി എന്നീ താരങ്ങൾ മുന്നേറ്റനിരയിൽ ഉള്ളതിനാൽ അവിടേക്ക് ഒരു താരത്തെക്കൂടി മാത്രമേ ബ്ലാസ്റ്റേഴ്‌സ് എത്തിക്കാനുള്ള സാധ്യതയുള്ളൂ. അതുകൊണ്ടു തന്നെ ഇവരിൽ ഒരാൾക്ക് മാത്രമേ സാധ്യതയുള്ളൂ. ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാൻ ലക്ഷ്യമിട്ടിട്ടുള്ള മറ്റു താരങ്ങൾ എത്തുമോയെന്നതും ഇവരുടെ ഭാവിയിൽ നിർണായകമാകും.

Kerala Blasters Yet To Decide On Peprah Fedor Future