അർജന്റീന കേരളത്തിൽ എത്തിയാൽ എതിരാളികൾ ആരാകും, കൂടുതൽ വിവരങ്ങൾ പുറത്ത് | Argentina

ഖത്തർ ലോകകപ്പ് കിരീടം നേടിയ അർജന്റീന ടീം കേരളത്തിൽ കളിക്കാനെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ ഇരിക്കുന്നത്. കഴിഞ്ഞ ദിവസം കായികമന്ത്രിയായ വി അബ്‌ദുറഹിമാൻ ഇതുമായി ബന്ധപ്പെട്ട് അർജന്റീന ദേശീയ ടീമിന് കത്തയച്ചിരുന്നു. അർജന്റീന ടീമിന് കേരളത്തിൽ കളിക്കാൻ വരാൻ താൽപര്യം ഉണ്ടെന്ന് അവർ മറുപടി നൽകിയ കാര്യവും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

കേരളത്തിൽ കളിക്കാനുള്ള താൽപര്യം അറിയിച്ച് അർജന്റീന ഔദ്യോഗികമായി ഒരു കത്ത് നൽകിയാൽ അതുമായി ബന്ധപ്പെട്ടു തുടർനടപടികൾ എടുക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. അർജന്റീനയെ കേരളത്തിൽ എത്തിക്കാനുള്ള ശ്രമങ്ങൾക്ക് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പിന്തുണ അറിയിച്ചതായും അദ്ദേഹം പറഞ്ഞിരുന്നു. അർജന്റീനയുടെ എതിരാളികളായി വരുന്ന ടീമുകളെ കുറിച്ചും അദ്ദേഹത്തിന് ധാരണയുണ്ട്.

കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ അർജന്റീന ടീമിന്റെ ഭാഗത്തു നിന്നും അനുകൂലമായ തീരുമാനം ഉണ്ടായ കാര്യം വെളിപ്പെടുത്തിയ മന്ത്രി മിഡിൽ ഈസ്റ്റ് രാജ്യമായ സൗദി അറേബ്യ, ആഫ്രിക്കൻ രാജ്യമായ ഘാന പോലുള്ള ടീമുകളെ അർജന്റീനക്കെതിരെ കളിക്കാനെത്തിക്കാമെന്നാണ് പറഞ്ഞത്. ഈ സീസണു ശേഷം അത് നടക്കുന്നതിനുള്ള നടപടി എടുക്കാമെന്നും മന്ത്രി പറയുന്നു.

ഖത്തർ ലോകകപ്പിന് ശേഷം കേരളത്തിലെ ആരാധകർക്ക് പ്രത്യേകം നന്ദി അർജന്റീന അറിയിച്ചിരുന്നു. ഇന്ത്യയിൽ കളിക്കാനുള്ള താൽപര്യം അവർ അറിയിച്ചെങ്കിലും കേരളത്തിൽ പണമില്ലെന്ന കാരണം പറഞ്ഞ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അതിനു തടസം നിന്നു. ഇതോടെയാണ് കേരളത്തിലേക്ക് അർജന്റീനയെ വിളിക്കാമെന്ന് കായികമന്ത്രി അറിയിച്ചത്.

Kerala Sports Minister Confident Of Hosting Argentina