അർജന്റീന ടീമിലെ പടലപ്പിണക്കങ്ങൾ, പ്രതികരണവുമായി ലിയാൻഡ്രോ പരഡെസ് | Paredes

സമീപകാലത്തായി അർജന്റീന ടീമുമായി ബന്ധപ്പെട്ടു വന്ന വാർത്തകൾ ആരാധകർക്ക് ആശങ്ക നൽകുന്നതായിരുന്നു. ഒറ്റക്കെട്ടായി പൊരുതുന്ന അർജന്റീന ടീമിലെ താരങ്ങൾ തമ്മിലുള്ള പിണക്കമാണ് വാർത്തകളിൽ നിറഞ്ഞത്. മധ്യനിര താരമായ ലോ സെൽസോ ലോകകപ്പിൽ കളിക്കാതിരിക്കാൻ മറ്റൊരു താരമായ പപ്പു ഗോമസ് കൂടോത്രം ചെയ്‌തുവെന്നാണ് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നത്.

ലോകകപ്പിനു മുൻപ് ടീമിലെ പ്രധാന താരമായ ലോ സെൽസോക്ക് പരിക്ക് പറ്റിയിരുന്നു. താരം ടൂർണമെന്റിന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും പങ്കെടുക്കാൻ കഴിഞ്ഞില്ല. അതിനു ശേഷം ലോകകപ്പിന് പിന്നാലെയാണ് കൂടോത്രം ചെയ്‌തുവെന്ന വിവാദങ്ങൾ പുറത്തു വന്നത്. പപ്പു ഗോമസിനെതിരെ ടീമിലെ നിരവധി താരങ്ങൾ തിരിഞ്ഞുവെന്നും വാർത്തകൾ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ടു ലിയാൻഡ്രോ പരഡെസ് പ്രതികരിക്കുകയുണ്ടായി.

“പപ്പു ഗോമസുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ? അത് ഇന്റർനെറ്റിലൂടെ പുറത്തു വന്ന അഭ്യൂഹങ്ങൾ മാത്രമാണ്. മാധ്യമങ്ങൾ എങ്ങിനെയാണ് അവരുടെ ജോലി ചെയ്യുന്നതെന്ന് അറിയാവുന്നതിനാൽ തന്നെ ഞങ്ങളതിന് വേണ്ടത്തരം പ്രാധാന്യം നൽകിയിരുന്നില്ല. എല്ലാം നല്ല രീതിയിൽ തുടർന്ന് പോകുന്ന സമയത്ത് അവർ വാർത്തകൾ വർധിപ്പിക്കാൻ പലതും പറയും.” പരഡെസ് പറഞ്ഞു.

ഈ വിഷയത്തിൽ അർജന്റീന ടീമിൽ ചെറിയ തോതിലുള്ള വിഭാഗീയത ഉണ്ടായിരുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നെങ്കിലും അതൊന്നും ടീമിന്റെ പ്രകടനത്തെയോ കെട്ടുറപ്പിനെയോ ബാധിച്ചിട്ടില്ല. ലോകകപ്പിന് ശേഷം നാല് സൗഹൃദമത്സരങ്ങൾ അർജന്റീന കളിച്ചതിൽ നാലെണ്ണത്തിലും അവർ വിജയം നേടി. അടുത്ത കോപ്പ അമേരിക്കക്കായി തയ്യാറെടുക്കുകയാണ് ടീം.

Leandro Paredes About Papu Gomez Rumours