റൊണാൾഡോക്ക് അസിസ്റ്റുകൾ നൽകാൻ സിയച്ച് എത്തിയേക്കില്ല, ട്രാൻസ്‌ഫറിൽ സംശയങ്ങളുണ്ടെന്ന് അൽ നസ്ർ | Ziyech

മൊറോക്കൻ മുന്നേറ്റനിര താരമായ ഹക്കിം സിയാച്ചിന്റെ അൽ നസ്റിലേക്കുള്ള ട്രാൻസ്‌ഫർ നടക്കാനുള്ള സാധ്യത മങ്ങുന്നു. സമ്മർ ട്രാൻസ്‌ഫർ ജാലകം ആരംഭിച്ചതിനു പിന്നാലെ യൂറോപ്പിൽ നിന്നുള്ള നിരവധി താരങ്ങൾ സൗദി അറേബ്യൻ ക്ളബുകളിലേക്ക് ചേക്കേറാൻ ആരംഭിച്ചിരുന്നു. ഇതിനൊപ്പമാണ് ചെൽസിയിൽ അവസരങ്ങൾ കുറഞ്ഞ സിയച്ചും അൽ നസ്റിലേക്ക് ചേക്കേറാനൊരുങ്ങുന്നത്.

താരത്തിന്റെ ട്രാൻസ്‌ഫറുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെല്ലാം പൂർത്തിയായെങ്കിലും മെഡിക്കൽ പരിശോധനയിലാണ് സംശയങ്ങൾ നിലനിൽക്കുന്നത്. മൊറോക്കൻ താരത്തിന്റെ മുട്ടിനു പരിക്ക് പറ്റിയിട്ടുണ്ടെന്ന് മെഡിക്കൽ പരിശോധനയിൽ കണ്ടെത്തിയതിനാലാണ് സൗദി ക്ലബിന് സംശയങ്ങളുള്ളത്. ഇത് താരത്തെ സ്വന്തമാക്കുന്ന കാര്യത്തിൽ അവർ പുറകോട്ടു പോകാൻ കാരണമായി വന്നേക്കാം.

ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ പിഎസ്‌ജിയിലേക്ക് ചേക്കേറാനിരുന്ന താരമാണ് ഹക്കിം സിയച്ച്. ആ സമയത്ത് നടന്ന മെഡിക്കൽ പരിശോധനയിലും സമാനമായ പ്രശ്‌നം കണ്ടിരുന്നു. എന്നാൽ താരത്തിന്റെ ട്രാൻസ്‌ഫറുമായി മുന്നോട്ടു പോകാൻ തന്നെയായിരുന്നു പിഎസ്‌ജിയുടെ തീരുമാനം. ഒടുവിൽ സാങ്കേതികമായ ചില കുഴപ്പങ്ങൾ കാരണം ട്രാൻസ്‌ഫർ പൂർത്തിയാക്കാൻ അവർക്ക് കഴിഞ്ഞില്ല.

ചെൽസിയിൽ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ലെങ്കിലും പ്രതിഭയുള്ള താരമാണ് ഹക്കിം സിയച്ച്. ഖത്തർ ലോകകപ്പിൽ താരം അത് തെളിയിക്കുകയും ചെയ്‌തു. ഗോളുകൾ നേടാനും അതുപോലെ ഗോളുകൾക്ക് അവസരമൊരുക്കാനും കഴിയുന്ന താരം റൊണാൾഡോക്കൊപ്പം ചേർന്നാൽ അൽ നസ്റിന് ആധിപത്യം സ്ഥാപിക്കാൻ കഴിയുമെന്നിരിക്കെയാണ് ഇങ്ങിനെയൊരു പ്രതിസന്ധി വന്നിരിക്കുന്നത്.

Ziyech Move To Al Nassr In Doubt After Medical