ഡി ജോങിനായി വമ്പൻ ഓഫർ സ്ഥിരീകരിച്ച് ബാഴ്‌സലോണ, മൂന്നാമത്തെ ട്രാൻസ്‌ഫർ ഈയാഴ്‌ച പ്രഖ്യാപിക്കും | Barcelona

കഴിഞ്ഞ സമ്മറിൽ ബാഴ്‌സലോണ വിടുമെന്ന് പറഞ്ഞു കേട്ട പേരുകളിൽ പ്രധാനിയായിരുന്നു ഫ്രാങ്കീ ഡി ജോങ്. അയാക്‌സിൽ മിന്നുന്ന പ്രകടനം നടത്തിയ താരത്തിന് ബാഴ്‌സലോണയിൽ തന്റെ കഴിവ് മുഴുവൻ പുറത്തെടുക്കാൻ കഴിഞ്ഞില്ലായിരുന്നു. അതിനു പുറമെ മുൻ അയാക്‌സ് പരിശീലകനായ എറിക് ടെൻ ഹാഗ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വന്നതും ഡി ജോംഗ് അഭ്യൂഹങ്ങൾ ശക്തമാകാൻ കാരണമായി.

എന്നാൽ ബാഴ്‌സലോണ വിടാൻ തയ്യാറാകാതിരുന്ന ഡി ജോംഗ് ഇക്കഴിഞ്ഞ സീസണിൽ ക്ലബിനായി മികച്ച പ്രകടനമാണ് നടത്തിയത്. അതുകൊണ്ട് തന്നെ താരത്തിനായി ഇപ്പോഴുള്ള ഓഫറും ബാഴ്‌സലോണ പരിഗണിക്കുന്നില്ല. കഴിഞ്ഞ ദിവസം ബാഴ്‌സലോണ പരിശീലകനായ യോൻ ലപോർട്ടയാണ് ഡി ജോങിനായി മികച്ച ഓഫറുകളുണ്ടെന്ന് സ്ഥിരീകരിച്ചത്. മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി ടീമുകൾക്കാണ് താരത്തിൽ താൽപര്യമെന്നാണ് റിപ്പോർട്ടുകൾ.

അതിനിടയിൽ ബാഴ്‌സലോണ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ മൂന്നാമത്തെ സൈനിങ്‌ പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ്. അത്‌ലറ്റിക് ബിൽബാവോ കരാർ അവസാനിച്ച് ഫ്രീ ഏജന്റായി മാറുന്ന പ്രതിരോധതാരമായ ഇനിഗോ മാർട്ടിനസിനെയാണ് ബാഴ്‌സലോണ സ്വന്തമാക്കാൻ തയ്യാറെടുക്കുന്നത്. നേരത്തെ ഫായെ, ഗുൻഡോഗൻ എന്നീ താരങ്ങളെ ബാഴ്‌സലോണ ടീമിലെത്തിച്ചിരുന്നു.

സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നു പോവുകയാണെങ്കിലും കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്താൻ ബാഴ്‌സലോണക്ക് കഴിഞ്ഞിരുന്നു. ലീഗും സ്‌പാനിഷ്‌ സൂപ്പർകാപ്പും നേടിയ അവർക്ക് പ്രധാന താരങ്ങൾക്ക് പരിക്ക് പറ്റിയത് ചാമ്പ്യൻസ് ലീഗിൽ തിരിച്ചടി നൽകിയിരുന്നു. ഈ സീസണിൽ അതിനെയും മറികടക്കാനാണ് അവർ തയ്യാറെടുക്കുന്നത്.

Barcelona Close To Sign Inigo Martinez