പുതിയ വെല്ലുവിളികൾ തേടി കെവിൻ ഡി ബ്രൂയ്ൻ, മാഞ്ചസ്റ്റർ സിറ്റി വിടും

2015ൽ വോൾഫ്‌സ്ബർഗിൽ നിന്നും മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറിയതിനു ശേഷം ടീമിന്റെ നട്ടെല്ലായി മാറിയ താരമാണ് കെവിൻ ഡി ബ്രൂയ്ൻ. സമീപകാലങ്ങളിൽ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയ കിരീടനേട്ടങ്ങളിലെല്ലാം ബെൽജിയൻ താരത്തിന്റെ സജീവസാന്നിധ്യമുണ്ടായിരുന്നു. കെവിൻ ഡി ബ്രൂയ്ൻ ഇല്ലാത്ത മാഞ്ചസ്റ്റർ സിറ്റി ടീമിനെക്കുറിച്ച് ആരാധകർക്ക് ചിന്തിക്കാൻ പോലും കഴിയില്ല. എന്നാൽ കെവിൻ ഡി ബ്രൂയ്ൻ ഇല്ലാത്ത മാഞ്ചസ്റ്റർ സിറ്റി ടീമിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങേണ്ട സമയം അടുത്തു തുടങ്ങിയെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സ്പെയിനിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം 2025ൽ മാഞ്ചസ്റ്റർ സിറ്റിയുമായി കരാർ അവസാനിക്കുന്ന കെവിൻ ഡി ബ്രൂയ്ൻ അതു പുതുക്കാനുള്ള സാധ്യതയില്ല. പ്രീമിയർ ലീഗിനപ്പുറം പുതിയ വെല്ലുവിളികൾ സ്വീകരിക്കാനുള്ള പദ്ധതിയിലാണ് താരമുള്ളത്. എന്നാൽ താരം എപ്പോഴാണ് മാഞ്ചസ്റ്റർ സിറ്റി വിടുകയെന്ന കാര്യത്തിൽ വ്യക്തതയില്ല. നിലവിൽ മുപ്പത്തിയൊന്നു വയസുള്ള താരം കരിയറിന്റെ അവസാനഘട്ടത്തിലേക്ക് കടക്കുന്നതിനു മുൻപ് പുതിയ വെല്ലുവിളി ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നു. സ്‌പാനിഷ്‌ ലീഗിലേക്ക് ചേക്കേറാനാണ് കെവിൻ ഡി ബ്രൂയ്ൻ ആഗ്രഹിക്കുന്നത്.

അതേസമയം താരത്തെ സ്വന്തമാക്കാൻ സ്‌പാനിഷ്‌ ക്ലബായ അത്ലറ്റികോ മാഡ്രിഡിന് വളരെയധികം താൽപര്യമുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. താരം മാഞ്ചസ്റ്റർ സിറ്റി വിടുകയാണെങ്കിൽ അവർ അതിനു വേണ്ടിയുള്ള നീക്കങ്ങൾ നടത്തും. അത്ലറ്റികോ മാഡ്രിഡിന്റെ പരിശീലകനായ ഡീഗോ സിമിയോണി, ക്ലബിന്റെ സ്പോർട്ടിങ് ഡയറക്റ്ററായ ആന്ദ്രേ ബെർട്ട എന്നിവർക്കെല്ലാം ഡി ബ്രൂയ്നെ സ്വന്തമാക്കാൻ താൽപര്യമുണ്ട്. അത്ലറ്റികോ മാഡ്രിഡിനെ സംബന്ധിച്ച് സ്വപ്‌നതുല്യമായ ട്രാൻസ്‌ഫർ എന്നാണവർ അതിനെ വിശേഷിപ്പിക്കുന്നത്.

അതേസമയം 2025 വരെ കരാറുള്ള താരത്തെ ചെറിയ തുകക്കൊന്നും വിട്ടുകൊടുക്കാൻ മാഞ്ചസ്റ്റർ സിറ്റി തയ്യാറാവില്ല. അടുത്ത സമ്മറിലാണെങ്കിൽ എഴുപതു മില്യൺ യൂറോയെങ്കിലും ഡി ബ്രൂയന് വേണ്ടി നൽകേണ്ടി വരും. എന്നാൽ മത്തേയൂസ് കുന്യയെ വിറ്റ അത്ലറ്റികോ മാഡ്രിഡിനെ സംബന്ധിച്ച് അത് അപ്രാപ്യമായ തുകയല്ല. ഫെലിക്‌സിനേയും അവർ വിൽക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ കെവിൻ ഡി ബ്രൂയന് വേണ്ടി ലാ ലീഗയിലെ മറ്റു വമ്പന്മാരായ ബാഴ്‌സലോണയും റയൽ മാഡ്രിഡും ശ്രമം നടത്താനുള്ള സാധ്യതയുണ്ട്.