കാത്തിരിക്കാൻ ക്ഷമയില്ല, കൊച്ചിയിലെ ആരാധകപ്പടയുടെ മുന്നിലിറങ്ങാൻ അക്ഷമയോടെ നോഹ സദോയി

ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച ആരാധകരാണ് കേരള ബ്ലാസ്റ്റേഴ്‌സിനുള്ളത്. ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ ആരംഭിച്ചതു മുതൽ ഇന്നുവരെ അവിശ്വസനീയമായ പിന്തുണയാണ് ആരാധകർ കേരള ബ്ലാസ്റ്റേഴ്‌സിനു നൽകുന്നത്. ഓരോ സീസൺ കഴിയുന്തോറും ആരാധകരുടെ പിന്തുണ വർധിക്കുകയും കൂടുതൽ മികച്ച പ്രവർത്തനങ്ങൾ അവരുടെ ഭാഗത്തു നിന്നും ഉണ്ടാവുകയും ചെയ്യുന്നു.

കേരള ബ്ലാസ്റ്റേഴ്‌സിനുള്ള ഈ ആരാധകപിന്തുണ തന്നെയാണ് ക്ലബ്ബിലേക്ക് മികച്ച താരങ്ങൾ എത്തുന്നതിനുള്ള ഒരു കാരണം. കഴിഞ്ഞ രണ്ടു സീസണുകളായി എഫ്‌സി ഗോവയിൽ മികച്ച പ്രകടനം നടത്തുന്ന താരമായ നോഹ സദോയി കേരള ബ്ലാസ്റ്റേഴ്‌സിലെത്താൻ ഈ ആരാധകപിന്തുണ ഒരു കാരണമായിട്ടുണ്ട്. ടീമിൽ വന്നതിനു ശേഷം താരം അത് വ്യക്തമാക്കുകയും ചെയ്‌തിരുന്നു.

ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ ഏതാനും ദിവസങ്ങൾക്കുള്ളിൽ ആരംഭിക്കാനിരിക്കെ കൊച്ചിയിൽ കളിക്കാനിറങ്ങാൻ വേണ്ടി നോഹ സദോയി കാത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ ഇട്ട സന്ദേശത്തിൽ താരം വ്യക്തമാക്കുന്നത് ആരാധകരുടെ മുന്നിൽ കളിക്കാനുള്ള തീവ്രമായ ആഗ്രഹമാണ്. കാത്തിരിക്കാൻ ക്ഷമയില്ലെന്നാണ് താരം ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ചിത്രത്തിനൊപ്പം കുറിച്ചത്.

അതേസമയം ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് നേതൃത്വത്തിനെതിരെ ആരാധകർ പരസ്യമായി രംഗത്തു വന്നിരുന്നു. ടീമിലേക്ക് വേണ്ട താരങ്ങളെ സ്വന്തമാക്കാൻ വൈകിയതും മറ്റുള്ളവരോട് മത്സരിക്കാൻ പര്യാപ്‌തമായ ഒരു ടീമിനെ കെട്ടിപ്പടുക്കാൻ കൃത്യമായ പദ്ധതികൾ തയ്യാറാക്കിയില്ല എന്നതെല്ലാമാണ് ക്ലബിനെതിരെ ആരാധകർ വിമർശനം നടത്താൻ കാരണമായത്.

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യത്തെ മത്സരം സെപ്‌തംബർ 15നു പഞ്ചാബ് എഫ്‌സിക്കെതിരെ കൊച്ചിയിൽ വെച്ചാണ്. ഈ മത്സരത്തിൽ വിജയിച്ചാൽ മാത്രമേ ആരാധകർക്ക് ടീമിലുള്ള പ്രതീക്ഷ വർധിക്കുകയുള്ളൂ. അതിനു കഴിഞ്ഞില്ലെങ്കിൽ ആരാധകർ ടീമിനെ കൈവിടാനുള്ള സാധ്യത വളരെ കൂടുതലാണ്.