അരങ്ങേറ്റത്തിൽ തന്നെ റെക്കോർഡ് നേട്ടം, ബ്ലാസ്റ്റേഴ്‌സിന്റെ ഭാവി പ്രതീക്ഷയായി കൊറൂ സിങ്

നിരാശയുടെ നാളുകളാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗിൽ നേരിട്ട് കൊണ്ടിരിക്കുന്നത്. മികച്ച പ്രകടനം നടത്തിയ പല മത്സരങ്ങളിലും വ്യക്തിഗത പിഴവുകൾ കാരണം പോയിന്റ് നഷ്ടപ്പെടുത്തിയ ബ്ലാസ്റ്റേഴ്‌സ് ഇന്നലെ റഫറിയുടെ പിഴവ് കാരണം ഹൈദെരാബാദിനോടും തോറ്റു.

ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തിയ മത്സരത്തിൽ പിന്നീട് രണ്ടു ഗോളുകൾ നേടിയാണ് ഹൈദരാബാദ് തിരിച്ചു വന്നത്. അതിൽ രണ്ടാമത്തെ ഗോളിന് വഴിയൊരുക്കിയ പെനാൽറ്റി റഫറി അനാവശ്യമായാണ് നൽകിയത്. എങ്കിലും ഒരു കാര്യത്തിൽ ഈ മത്സരം ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് പ്രതീക്ഷ നൽകിയിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സിനായി കഴിഞ്ഞ ദിവസം അരങ്ങേറ്റം കുറിച്ച കൊറൂ സിങാണ് ആ പ്രതീക്ഷ. പതിനേഴു വയസ് മാത്രമുള്ള താരം കേരള ബ്ലാസ്റ്റേഴ്‌സിനായി അരങ്ങേറ്റം നടത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും ഐഎസ്എല്ലിൽ അരങ്ങേറ്റം കുറിച്ച മൂന്നാമത്തെ പ്രായം കുറഞ്ഞ താരവുമാണ്.

ഇന്നലത്തെ മത്സരത്തിൽ മികച്ച പ്രകടനം നടത്താൻ കൊറൂ സിങ്ങിന് കഴിഞ്ഞിരുന്നു. ജിമിനസ് നേടിയ ആദ്യത്തെ ഗോളിന് വളരെ മനോഹരമായാണ് താരം വഴിയൊരുക്കിയത്. ഐഎസ്എല്ലിൽ അസിസ്റ്റ് നൽകുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടവും ഇതിലൂടെ താരം സ്വന്തമാക്കി.

മത്സരം തോറ്റെങ്കിലും കൊറൂ സിങ്ങെന്ന താരത്തിൽ നിന്നും കൂടുതൽ പ്രതീക്ഷിക്കാമെന്ന് തെളിയിക്കപ്പെട്ടു. റിസർവ് ടീമിൽ കളിക്കുന്ന താരത്തിന് കൂടുതൽ അവസരങ്ങൾ ഈ സീസണിൽ ലഭിക്കാനുള്ള സാധ്യതയും ഇന്നലത്തെ മത്സരത്തിലെ പ്രകടനം നൽകിയിട്ടുണ്ട്.