ക്വാമേ പെപ്രയും പുറത്തേക്കു തന്നെ, ടീമിലെ അഴിച്ചുപണി എവിടെയുമെത്താതെ കേരള ബ്ലാസ്റ്റേഴ്‌സ്

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ ആരംഭിക്കാൻ ഇനി ഒന്നര മാസത്തോളം മാത്രമാണ് ബാക്കിയുള്ളത്. മികച്ച പ്രകടനം നടത്തണമെന്നും കിരീടം നേടണമെന്നുമുള്ള ലക്ഷ്യത്തോടെ പല ക്ലബുകളും അവരുടെ സ്‌ക്വാഡിനെ ഏറ്റവും മികച്ച രീതിയിൽ ഒരുക്കുകയാണ്. എന്നാൽ ഇത്തവണയും കേരള ബ്ലാസ്റ്റേഴ്‌സിന്റെ പദ്ധതികൾ എവിടെയുമെത്താതെ നിൽക്കുന്നു.

പുതിയ പരിശീലകനായ മൈക്കൽ സ്റ്റാറെ എത്തിയതോടെ ടീമിൽ വലിയൊരു അഴിച്ചുപണി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. പ്രീ സീസൺ ക്യാംപിനു ശേഷം ഈ അഴിച്ചുപണികൾ നടത്താനുള്ള ശ്രമത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ടീമിന്റെ നട്ടെല്ലായി എപ്പോഴും പ്രവർത്തിക്കാറുള്ള വിദേശതാരങ്ങളുടെ കാര്യത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് തീരുമാനമെടുക്കാൻ വൈകുന്നത്.

നിലവിലെ ടീമിൽ നാല് വിദേശതാരങ്ങളുടെ സ്ഥാനം മാത്രമാണ് ഉറപ്പുള്ളത്. കഴിഞ്ഞ സീസണിൽ ടീമിനൊപ്പം ഉണ്ടായിരുന്ന ലൂണ, ഡ്രിൻസിച്ച് എന്നിവർക്ക് പുറമെ പുതിയതായി ടീമിലെത്തിയ നോഹ, കൊയെഫ് എന്നിവർ പുതിയ സീസണിലുണ്ടാകും. സോട്ടിരിയോക്ക് പരിക്കേറ്റതിനാൽ താരത്തെ ഒഴിവാക്കാനാണ് സാധ്യത. പെപ്രയും ടീമിൽ നിന്നും പുറത്തു പോകാനുള്ള ഒരുക്കത്തിലാണ്.

പ്രീ സീസൺ ക്യാമ്പ് നടന്നതിന് പിന്നാലെയാണ് പെപ്രയെ ഒഴിവാക്കാനുള്ള തീരുമാനത്തിലേക്ക് ബ്ലാസ്റ്റേഴ്‌സ് എത്തുന്നത്. ഘാന താരത്തെ ഏതെങ്കിലും ക്ലബ്ബിലേക്ക് ലോണിൽ വിടാനുള്ള പദ്ധതിയിലാണ് ബ്ലാസ്റ്റേഴ്‌സ്. ഒരു വർഷം കൂടി മാത്രം കരാറുള്ള താരത്തിന്റെ കരാർ പുതുക്കിയതിനു ശേഷമാണോ ലോണിൽ വിടുകയെന്ന കാര്യത്തിൽ ധാരണയില്ല.

കഴിഞ്ഞ സീസൺ അടുത്തെത്തിയപ്പോഴാണ് ബ്ലാസ്റ്റേഴ്‌സ് ടീമിനെ തയ്യാറാക്കിയത്. ഇത്തവണയും അതെ സാഹചര്യത്തിലേക്കാണ് ക്ലബ് പോകുന്നത്. എന്നാൽ ഒരു കാര്യം മാത്രം ആരാധകർക്ക് പ്രതീക്ഷ നൽകുന്നു. ഇത്തവണ ടീം നടത്തിയ സൈനിങ്ങെല്ലാം മികച്ചതാണ്. അതുകൊണ്ടു തന്നെ ഇനി വരാൻ പോകുന്ന താരങ്ങളിലും ആരാധകർക്ക് പ്രതീക്ഷ വെക്കാം.