ഗോൾകീപ്പർ പോലുമില്ലാത്ത പോസ്റ്റിൽ ഗോളടിക്കാൻ കഴിഞ്ഞില്ല, ലോകകപ്പ് നേടിയ ടീമിനിതു നാണക്കേട്

ലോകകപ്പിന് ശേഷമുള്ള രണ്ടാമത്തെ അന്താരാഷ്ട്ര സൗഹൃദമത്സരത്തിൽ ഗംഭീര വിജയമാണ് അർജന്റീന സ്വന്തമാക്കിയത്. അർജന്റീനയിൽ വെച്ച് നടന്ന മത്സരത്തിൽ എതിരില്ലാത്ത ഏഴു ഗോളുകളുടെ വിജയം സ്വന്തമാക്കിയപ്പോൾ ലയണൽ മെസി ഹാട്രിക്കുമായി ടീമിനെ നയിച്ചു. നിക്കോ ഗോൺസാലസ്, എൻസോ ഫെർണാണ്ടസ്, ഏഞ്ചൽ ഡി മരിയ, ഗോൺസാലോ മോണ്ടിയാൽ എന്നിവരാണ് ദുർബലരായ കുറസാവോക്കെതിരെ അർജന്റീനയുടെ മറ്റു ഗോളുകൾ നേടിയത്.

മത്സരത്തിൽ അർജന്റീന നേടിയ ഗംഭീരവിജയത്തിനൊപ്പം ചർച്ചകളിൽ നിറയുന്നത് ലൗടാരോ മാർട്ടിനസ് നഷ്‌ടപെടുത്തിയ അവസരമാണ്. മത്സരത്തിന്റെ ഇരുപതാം മിനുട്ടിലാണ് മെസി അർജന്റീനയുടെ ആദ്യത്തെ ഗോൾ നേടുന്നത്. എന്നാൽ രണ്ടാം മിനുട്ടിൽ തന്നെ അർജന്റീനക്ക് മുന്നിലെത്താൻ ഒരു സുവർണാവസരം ലഭിച്ചിരുന്നു. മെസിയുടെ പാസിൽ നിന്ന് തന്നെ ലഭിച്ച അവസരം പക്ഷെ ലൗടാരോ മാർട്ടിനസ് അവിശ്വസനീയമായ രീതിയിലാണ് നഷ്‌ടമാക്കിയത്.

മത്സരത്തിന്റെ രണ്ടാം മിനുട്ടിൽ വലതു വിങ്ങിലൂടെ മുന്നേറിയ മെസി രണ്ടോളം കുറസാവോ താരങ്ങളെ കബളിപ്പിച്ചതിനു ശേഷം ബോക്‌സിൽ ഒഴിഞ്ഞു നിൽക്കുന്ന ലൗടാരോക്ക് പന്ത് നൽകി. ഗോൾകീപ്പർ മെസിയുടെ ഭാഗത്തായതിനാൽ പന്തിൽ ഒന്ന് കാൽ വെച്ചാൽ ഒഴിഞ്ഞ പോസ്റ്റിലേക്ക് അത് പോകുമായിരുന്നു. എന്നാൽ ലൗടാറോക്ക് അവിടെ പിഴച്ചു. താരത്തിന്റെ കാലിൽ തട്ടിയ പന്ത് ഗോൾകീപ്പറുടെ അരികിലേക്ക് തന്നെയാണ് പോയത്. കീപ്പർ അത് പിടിച്ചെടുക്കുകയും ചെയ്‌തു.

മുൻപ് അർജന്റീനക്കായി മികച്ച ഫോമിലായിരുന്നെങ്കിലും ലോകകപ്പിൽ ലൗടാരോ മാർട്ടിനസ് മോശമായിരുന്നു. ഇതേതുടർന്ന് ജൂലിയൻ അൽവാരസ് താരത്തിന്റെ സ്ഥാനത്ത് ഇടം പിടിക്കുകയും ചെയ്‌തു. അതേസമയം ലോകകപ്പിന് ശേഷം ക്ലബിനായി ഗംഭീര പ്രകടനമാണ് ലൗറ്റാറോ നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാൽ അർജന്റീനക്കായി വീണ്ടും കളിക്കാൻ അവസരം ലഭിച്ചപ്പോൾ താരത്തിന്റെ മോശം ഫോം ആരാധകർക്ക് ആശങ്ക നൽകുന്ന ഒന്നാണ്.