കേരള ബ്ലാസ്റ്റേഴ്‌സിന് ഡബിൾ ഷോക്ക്, വെറുതെ വിടാനൊരുക്കമല്ലെന്ന് തീരുമാനിച്ച് എഐഎഫ്എഫ്

സൂപ്പർകപ്പ് മത്സരങ്ങൾക്കായി തയ്യാറെടുത്തു കൊണ്ടിരിക്കുന്ന കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമിന് അടുത്ത് തന്നെ മോശം വാർത്ത കേൾക്കാൻ തയ്യാറാകേണ്ടി വരുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്. ബെംഗളൂരു എഫ്‌സിയുമായി നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിനിടെ റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് മത്സരം ഉപേക്ഷിച്ച് കളിക്കളം വിട്ടു പോയ ടീമിനെതിരെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ വരുന്ന ദിവസങ്ങളിൽ തന്നെ നടപടി പ്രഖ്യാപിക്കുന്നുണ്ടാകും.

ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടുകൾ പ്രകാരം അടുത്ത ദിവസങ്ങളിൽ തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെതിരെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പിഴശിക്ഷ വിധിക്കുന്നുണ്ടാകും. അഞ്ചു മുതൽ ഏഴു കോടി രൂപ വരെയുള്ള ഭീമമായ തുകയാകും കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് വിധിക്കുന്നുണ്ടാവുക. അത് സംഭവിച്ചാൽ ഇന്ത്യൻ ഫുട്ബാൾ കണ്ടിട്ടുള്ള ഏറ്റവും ഉയർന്ന തുകയുടെ ശിക്ഷാ നടപടിയാകും ബെംഗളൂരുവിനെതിരെ ഇറങ്ങിപ്പോയതിന് കേരള ബ്ലാസ്റ്റേഴ്‌സ് ടീം അനുഭവിക്കേണ്ടി വരിക.

എന്നാൽ ബ്ലാസ്റ്റേഴ്‌സിനെതിരെയുള്ള നടപടിയിൽ മാത്രം ഒന്നും ഒതുങ്ങില്ലെന്നാണ് നിലവിലെ റിപ്പോർട്ടുകൾ പറയുന്നത്. പരിശീലകൻ ഇവാൻ വുകോമനോവിച്ചിന് എതിരെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്രത്യേക നടപടി എടുക്കുമെന്നാണ് പറയുന്നത്. മിക്കവാറും വിലക്കായിരിക്കും സെർബിയൻ പരിശീലകനെ കാത്തിരിക്കുന്നത്. ടീമിനെ പരിശീലിപ്പിക്കാനുള്ള വിലക്ക് വന്നാൽ സൂപ്പർ കപ്പിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ സഹപരിശീലകൻ നയിക്കേണ്ടി വരും.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഇറങ്ങിപ്പോക്ക് ഇന്ത്യൻ ഫുട്ബോളിൽ വിവാദങ്ങൾ സൃഷ്‌ടിച്ച ഒരു സംഭവമായിരുന്നു. എന്നാൽ അതിനൊപ്പം തന്നെ ഇന്ത്യൻ റഫറിമാരുടെ നിലവാരം ഇല്ലായ്‌മ ചൂണ്ടിക്കാട്ടാനും ഈ പ്രതിഷേധം ഉപകരിച്ചിരുന്നു. അതിന്റെ കൂടി ഭാഗമായാണ് അടുത്ത സീസൺ മുതൽ വീഡിയോ റഫറിയിങ് സംവിധാനം കൊണ്ട് വരാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. എന്നാൽ അതിനു വേണ്ടിയുള്ള പ്രതിഷേധത്തിന് കേരള ബ്ലാസ്റ്റേഴ്‌സ് നൽകേണ്ടി വന്നത് വലിയ വിലയാണ്.