സ്വന്തം ആരാധകർക്കു മുന്നിൽ ഗോൾമഴ പെയ്യിച്ച് അർജന്റീന, ചരിത്രനേട്ടം ഹാട്രിക്കോടെ സ്വന്തമാക്കി ലയണൽ മെസി

ഖത്തർ ലോകകപ്പിന് ശേഷം കളിച്ച രണ്ടാമത്തെ സൗഹൃദമത്സരത്തിൽ ഗോൾമഴ പെയ്യിച്ച് അർജന്റീന ടീം. ദുർബലരായ കുരസാവൊക്കെതിരെ എതിരില്ലാത്ത ഏഴു ഗോളുകൾക്കാണ് ലയണൽ മെസിയും സംഘവും ഇന്ന് നടന്ന മത്സരത്തിൽ വിജയം നേടിയത്. ലയണൽ മെസി ഹാട്രിക്ക് നേടിയ മത്സരത്തിൽ നിക്കോളാസ് ഗോൺസാലസ്, എൻസോ ഫെർണാണ്ടസ്, ഏഞ്ചൽ ഡി മരിയ, ഗോൺസാലോ മോണ്ടിയാൽ എന്നിവരാണ് അർജന്റീനയുടെ മറ്റു ഗോളുകൾ നേടിയത്.

ഇരുപതാം മിനുട്ടിൽ അർജന്റീനക്കായി ഗോൾവേട്ട തുടങ്ങിയ ലയണൽ മെസി മുപ്പത്തിയേഴാം മിനുട്ടിൽ തന്നെ ഹാട്രിക്ക് തികച്ചു. ലോകകപ്പ് പരിക്ക് കാരണം നഷ്‌ടമായ ജിയോവാനി ലോ സെൽസോയാണ് മെസിയുടെ രണ്ടു ഗോളുകൾക്ക് വഴിയൊരുക്കിയത്. മത്സരത്തിലെ ആദ്യത്തെ ഗോൾ നേടിയപ്പോൾ തന്നെ ഇന്റർനാഷണൽ മത്സരങ്ങളിൽ നൂറു ഗോളുകളെന്ന നേട്ടം ലയണൽ മെസി സ്വന്തമാക്കിയിരുന്നു.

ദുർബലരായ എതിരാളികൾ ആയതിനാൽ തന്നെ അർജന്റീന വളരെ ലാഘവത്വത്തോടെ കളിച്ചാണ് മത്സരത്തിൽ വിജയം നേടിയത്. ലോകകപ്പ് നേടിയതിന്റെ ആത്മവിശ്വാസത്തിൽ നിൽക്കുന്ന അർജന്റീന ടീമിനെ യാതൊരു തരത്തിലും പിടിച്ചു നിർത്താൻ കുറസാവോക്ക് കഴിഞ്ഞില്ല. അഞ്ചു ഗോൾ നേടിയതിനു ശേഷം പകരക്കാരെ ഇറക്കിയ അർജന്റീന ഒന്ന് പിൻവലിഞ്ഞു കളിച്ചില്ലായിരുന്നെങ്കിൽ ഗോൾനേട്ടം പത്തു കടന്നേനെ.

മൂന്നു ഗോളുകൾക്ക് പുറമെ ഒരു അസിസ്റ്റും മെസി സ്വന്തമാക്കി. ലോ സെൽസോ രണ്ട് അസിസ്റ്റുകൾ നേടിയപ്പോൾ ഒരു ഗോൾ നേടിയ നിക്കോളാസ് ഗോൺസാലസ്‌ മറ്റൊരു ഗോളിന് വഴിയൊരുക്കി. പകരക്കാരനായിറങ്ങിയ ഡിബാലയാണ് മത്സരം തീരാൻ മിനുട്ടുകൾ ശേഷിക്കെ മോണ്ടിയാൽ നേടിയ ഗോളിന് വഴിയൊരുക്കിയത്. ഇതോടെ ലോകകപ്പിന് ശേഷം സ്വന്തം നാട്ടിൽ വെച്ച് നടന്ന രണ്ടു മത്സരങ്ങളിലും മികച്ച വിജയം നേടി ആഘോഷിക്കാൻ അർജന്റീന ടീമിനായി.

ലയണൽ മെസിയെ സംബന്ധിച്ച് ഇന്റർനാഷണൽ ഫുട്ബോളിൽ 102 ഗോളുകളാണ് ഈ മത്സരത്തോടെ സ്വന്തമായിട്ടുള്ളത്. ഏറ്റവുമധികം ഇന്റർനാഷണൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡിൽ റൊണാൾഡോ മുന്നിലുള്ളപ്പോൾ രണ്ടാം സ്ഥാനത്തുള്ളത് അലി ദേയിയാണ്. അർജന്റീനക്കായി ഏതാനും മത്സരങ്ങൾ കൂടി കളിക്കുന്നതോടെ മെസി ഈ റെക്കോർഡ് മറികടക്കുമെന്നതിൽ സംശയമില്ല.