എന്നെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ചത് ലയണൽ മെസി തന്നെ, ബ്രസീലിയൻ താരം പറയുന്നു

ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് താനെന്ന് ലയണൽ മെസി നിരവധി തവണ തെളിയിച്ചിട്ടുള്ളതാണ്. ക്ലബ് തലത്തിലും രാജ്യത്തിനു വേണ്ടിയും സാധ്യമായ എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയിട്ടുള്ള ലയണൽ മെസി തനിക്ക് മുന്നിൽ വരുന്ന എതിരാളികളെയെല്ലാം മുട്ടുകുത്തിച്ചിട്ടുണ്ട്. ഖത്തർ ലോകകപ്പിൽ കിരീടം സ്വന്തമാക്കിയതോടെ കരിയറിൽ നേടാൻ ബാക്കിയുണ്ടായിരുന്ന അവസാനത്തെ കിരീടവും സ്വന്തമാക്കി ഫുട്ബോളിന്റെ അത്യുന്നതങ്ങളിൽ താരമെത്തി.

അതിനിടയിൽ മെസിയെ പ്രശംസിച്ച് ക്ലബ് തലത്തിലും ദേശീയ ടീമിലും താരത്തിന്റെ പ്രധാന എതിരാളിയായിരുന്ന മാഴ്‌സലോ വിയേര രംഗത്തെത്തി. റയൽ മാഡ്രിഡിനു വേണ്ടിയും ബ്രസീൽ ടീമിന് വേണ്ടിയും നിരവധി തവണ മെസിയെ നേരിട്ടുള്ള താരമാണ് മാഴ്‌സലോ. അവിശ്വസനീയതാരമായ ലയണൽ മെസി താൻ കരിയറിൽ നേരിട്ടിട്ടുള്ള ഏറ്റവും ബുദ്ധിമുട്ടേറിയ എതിരാളിയെന്നാണ് കഴിഞ്ഞ ദിവസം ദി അത്ലറ്റിക്കിനോട് സംസാരിക്കുമ്പോൾ പറഞ്ഞത്.

“അവിശ്വസനീയ താരമാണ് ലയണൽ മെസി, ഞാൻ നേരിട്ടിട്ടുള്ളതിൽ ഏറ്റവും ബുദ്ധിമുട്ടേറിയ എതിരാളി. മുപ്പത്തിയഞ്ചാം വയസിലും താരത്തിന്റെ നിലവാരം എത്രത്തോളമുണ്ടെന്ന് നമുക്കറിയാം, മുൻപും ഇതുപോലെ തന്നെ ആയിരുന്നു. ആ സമയത്ത് കാണാനും കളിക്കാനും വളരെ മികച്ച മത്സരമായിരുന്നു എൽ ക്ലാസിക്കോ. അതിന്റെ ഏറ്റവും മികച്ച കാലഘട്ടത്തിൽ കളിക്കാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. എന്നാൽ മെസി മാത്രമല്ല, മറ്റു മികച്ച താരങ്ങളും അതിലുണ്ടായിരുന്നു.” മാഴ്‌സലോ പറഞ്ഞു.

ബാഴ്‌സലോണയും റയൽ മാഡ്രിഡും തമ്മിൽ ഏറ്റവും മികച്ച പോരാട്ടം നടന്നിരുന്ന ഒരു കാലഘട്ടത്തിലാണ് മെസിയും മാഴ്‌സലോയും സ്പെയിനിൽ കളിച്ചിരുന്നത്. മെസിയും റൊണാൾഡോയും തമ്മിലുള്ള പോരാട്ടം കൊണ്ടും അത് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. കഴിഞ്ഞ സീസണു ശേഷം റയൽ മാഡ്രിഡിനായി ഏറ്റവുമധികം കിരീടങ്ങൾ നേടിയ താരമെന്ന നേട്ടം സ്വന്തമാക്കി ക്ലബ് വിട്ട മാഴ്‌സലോ ഇപ്പോൾ തന്റെ ബാല്യകാല ക്ലബായ ഫ്ലുമിനൻസിലാണ് കളിക്കുന്നത്.