എംബാപ്പയുടെ സ്ഥാനം, കണ്ണു തള്ളുന്ന പ്രതിഫലം; മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി എല്ലാം നിഷേധിച്ച് റാഷ്‌ഫോഡ്

കരിയറിലെ തന്നെ ഏറ്റവും മികച്ച ഫോമിലാണ് മാർക്കസ് റാഷ്‌ഫോഡ് ഈ സീസണിൽ കളിച്ചു കൊണ്ടിരിക്കുന്നത്. എറിക് ടെൻ ഹാജി എത്തിയതിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിൽ കൂടുതൽ സ്വാതന്ത്ര്യം ലഭിച്ച താരം ലോകകപ്പ് കഴിഞ്ഞതോടെയാണ് തന്റെ വിശ്വരൂപം കാണിച്ചു തുടങ്ങിയത്. റൊണാൾഡോ ടീം വിട്ടതോടെ കൂടുതൽ മികവ് കാണിക്കാൻ കഴിഞ്ഞ താരം ലോകകപ്പിന് ശേഷമുള്ള ഭൂരിഭാഗം മത്സരങ്ങളിലും ഗോളുകൾ നേടിയിട്ടുണ്ട്.

ഇതിനു മുൻപുള്ള സീസണുകളിൽ ഇത്ര മികച്ച പ്രകടനം നടത്താൻ റാഷ്‌ഫോഡിന് കഴിഞ്ഞിട്ടില്ലായിരുന്നു. അതിനിടയിൽ തന്നെ സ്വന്തമാക്കാൻ വേണ്ടി വന്ന വമ്പൻ ഓഫർ താരം വേണ്ടെന്നു വെക്കുകയും ചെയ്‌തു. ഇക്കഴിഞ്ഞ സമ്മറിൽ ഫ്രഞ്ച് ക്ലബായ പിഎസ്‌ജിയാണ് ഇംഗ്ലണ്ട് താരത്തെ തങ്ങളുടെ ടീമിലെത്തിക്കാൻ ശ്രമം നടത്തിയത്. എന്നാൽ ചെറുപ്പം മുതൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കുന്ന താരം ഈ ഓഫർ നിരസിച്ചുവെന്ന് ദി അത്‌ലറ്റിക് റിപ്പോർട്ടു ചെയ്യുന്നു.

റിപ്പോർട്ടുകൾ പ്രകാരം ആഴ്‌ചയിൽ നാല് ലക്ഷം പൗണ്ട് പ്രതിഫലം നൽകിയാണ് റാഷ്‌ഫോഡിനെ പിഎസ്‌ജി സ്വന്തമാക്കാൻ ശ്രമിച്ചത്. സമ്മറിൽ എംബാപ്പെ റയൽ മാഡ്രിഡ് വിടാനുള്ള സാധ്യത ഉണ്ടായിരുന്നതിനാൽ അതിനു പകരക്കാരാനെന്ന നിലയിലാണ് റാഷ്‌ഫോഡിനെ പിഎസ്‌ജി നോട്ടമിട്ടത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നാൽ ഇത്രയും പ്രതിഫലം ഒരിക്കലും ലഭിക്കില്ലെന്ന് ഉറപ്പാണെങ്കിലും തന്റെ പ്രിയപ്പെട്ട ക്ലബിൽ തന്നെ തുടരാനാണ് റാഷ്‌ഫോഡ് തീരുമാനിച്ചത്.

പിഎസ്‌ജിയുടെ ഓഫർ നിരസിച്ചത് റാഷ്‌ഫോഡിന് ഗുണം മാത്രമേ ചെയ്‌തുള്ളൂ. എറിക് ടെൻ ഹാഗ് താരത്തെ കേന്ദ്രീകരിച്ചാണ് തന്റെ പദ്ധതികൾ ഒരുക്കുന്നത്. അതിന്റെ ഭാഗമായാണ് മികച്ച ഫോമിൽ കളിക്കാൻ താരത്തിന് കഴിയുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം കിരീടങ്ങൾ നേടിയാൽ ബാലൺ ഡി ഓർ അടക്കമുള്ള നേട്ടങ്ങൾ സ്വന്തമാക്കാൻ റാഷ്‌ഫോഡിന് കഴിയും. അതേസമയം റാഷ്‌ഫോഡിന്റെ കരാർ ഈ സീസണോടെ കഴിയുമെങ്കിലും അതൊരു വർഷത്തേക്ക് പുതുക്കാൻ ക്ലബിന് അവകാശമുണ്ട്.