തന്റെ ടീമിനെതിരെ ബൈസിക്കിൾ കിക്ക് ഗോൾ, പോർച്ചുഗൽ താരത്തിനു കൈ കൊടുത്ത് മൗറീന്യോ | Leao

ഇറ്റാലിയൻ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ കരുത്തരായ മിലാനും റോമയും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ വിജയം മിലാനായിരുന്നു. റോമയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് എസി മിലാൻ വിജയം നേടിയത്. ഒലിവർ ജിറൂദ്, റാഫേൽ ലിയാവോ എന്നിവർ മിലാനായി ഗോളുകൾ കണ്ടെത്തിയപ്പോൾ റോമയുടെ ആശ്വാസഗോൾ ഇഞ്ചുറി ടൈമിൽ സ്‌പിനാസോളയുടെ വകയായിരുന്നു. മത്സരത്തിൽ അര മണിക്കൂറോളം പത്ത് പേരായി കളിച്ചാണ് മിലാൻ വിജയം നേടിയത്.

മത്സരത്തിനു ശേഷം സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത് എസി മിലാന്റെ പോർച്ചുഗൽ സ്‌ട്രൈക്കറായ റാഫേൽ ലിയാവോ നേടിയ ഗോളാണ്. മത്സരത്തിന്റെ രണ്ടാം പകുതിയുടെ തുടക്കത്തിലാണ് താരത്തിന്റെ ഗോൾ വരുന്നത്. ഡേവിഡ് കലാബ്രിയ നൽകിയ ക്രോസ് ഒരു ബൈസിക്കിൾ കിക്കിലൂടെ പോസ്റ്റിന്റെ മൂലയിലേക്ക് താരം എത്തിച്ചപ്പോൾ റോമ താരങ്ങൾക്കും ഗോൾകീപ്പർക്കും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. അതിമനോഹരമായ ഗോളാണ് താരം സ്വന്തമാക്കിയത്.

മത്സരത്തിൽ മിലാന്റെ ലീഡ് രണ്ടാക്കി ഉയർത്തിയ ഗോളാണ് ലിയാവോ നേടിയത്. അത് വളരെ നിർണായകമാവുകയും ചെയ്‌തു. അതിനു ശേഷം പത്ത് പേരായി ചുരുങ്ങിയ മിലാനെ വിജയത്തിലെത്താൻ സഹായിച്ചത് ആ ഗോളായിരുന്നു. റോമയുടെ പരിശീലകനായ മൗറീന്യോ തന്നെ താരത്തെ അഭിനന്ദിക്കുകയും ചെയ്‌തു. ഗോൾ നേടിയതിന്റെ ആഘോഷങ്ങൾക്ക് ശേഷം വരികയായിരുന്ന ലിയാവോയെ ടച്ച് ലൈനിൽ നിന്ന് കൈ കൊടുക്കുന്ന മൗറീന്യോയുടെ ചിത്രം വൈറലാണ്.

മത്സരത്തിൽ വിജയം നേടിയതോടെ ഇറ്റാലിയൻ ലീഗിൽ മൂന്നിൽ മൂന്നു മത്സരങ്ങളും വിജയിച്ച് ഒന്നാം സ്ഥാനത്താണ് എസി മിലാൻ. നാപ്പോളി, ഇന്റർ മിലാൻ തുടങ്ങിയ ക്ലബുകളെല്ലാം ഇനി മത്സരിക്കാനുണ്ട് എന്നതിനാൽ തന്നെ മിലാനെ അവർ മറികടക്കാനുള്ള സാധ്യതയുണ്ട്. അതേസമയം മൗറീന്യോയുടെ റോമ മോശം ഫോമിലാണ് കളിക്കുന്നത്. മൂന്നു മത്സരങ്ങളിൽ രണ്ടിലും തോറ്റ ടീം പതിനാലാം സ്ഥാനത്താണ് നിൽക്കുന്നത്.

Rafael Leao Bicycle Kick Goal Vs Roma