ഗോളടിക്കാൻ ഡാർവിൻ നുനസ് മറക്കുമ്പോൾ പുതിയ സ്ട്രൈക്കറെയെത്തിച്ച് ലിവർപൂൾ
ബെൻഫിക്കയിൽ നിന്നും വമ്പൻ തുകയുടെ ട്രാൻസ്ഫറിൽ ലിവർപൂളിൽ എത്തിയതിനു ശേഷം പ്രതീക്ഷിച്ചത്ര മികച്ച പ്രകടനം നടത്താൻ കഴിയാതിരുന്ന താരമാണ് യുറുഗ്വായ് സ്ട്രൈക്കറായ ഡാർവിൻ നുനസ്. സുവർണാവസരങ്ങൾ പോലും നഷ്ടപ്പെടുത്തുന്നതിന്റെ പേരിൽ താരം ഒരുപാട് ട്രോളുകൾക്കും ഇരയാകുന്നുണ്ട്. ഇന്നലെ ആസ്റ്റൺ വില്ലക്കെതിരെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ലിവർപൂൾ വിജയം നേടിയപ്പോൾ നാലോളം മികച്ച അവസരങ്ങളാണ് നുനസ് നഷ്ടപ്പെടുത്തിയത്. മാഞ്ചസ്റ്റർ സിറ്റിക്കെതിരെ നടന്ന കറബാവോ കപ്പ് മത്സരത്തിലും താരം നിരവധി അവസരങ്ങൾ തുലച്ചിരുന്നു.
ബെൻഫിക്കയിൽ നിന്നും വമ്പൻ തുകയുടെ ട്രാൻസ്ഫറിൽ ലിവർപൂളിൽ എത്തിയപ്പോൾ താരത്തിനു മേൽ ആരാധകർ നൽകിയ സമ്മർദ്ദവും പ്രീമിയർ ലീഗിൽ ഇണങ്ങിച്ചേരാൻ കഴിയാത്തതിന്റെ പ്രശ്നവുമാണ് നുനസിന്റെ മോശം ഫോമിന് കാരണമെന്ന് കരുതാനാകും. ആത്മവിശ്വാസം വീണ്ടെടുത്താൽ മികച്ച പ്രകടനം നടത്താനും നുനസിനു കഴിയും. എന്നാൽ പ്രീമിയർ ലീഗിൽ ടോപ് ഫോറിനായി പൊരുതിക്കൊണ്ടിരിക്കുന്ന ലിവർപൂളിന് അതിനു കാത്തിരിക്കാൻ കഴിയില്ല. അതുകൊണ്ടു തന്നെ പുതിയൊരു സ്ട്രൈക്കറെ അവർ ടീമിലെത്തിച്ചിരിക്കുകയാണ്.
PSV and @LFC have reached an agreement on the proposed transfer of Cody Gakpo.
The 23-year-old attacker will leave for England imminently where he will be subjected to the necessary formalities ahead of the completion of the transfer.
— PSV (@PSV) December 26, 2022
ലോകകപ്പിൽ നെതർലാൻഡ്സ് ടീമിനു വേണ്ടി തിളങ്ങിയ ഡച്ച് ക്ലബായ പിഎസ്വിയുടെ താരം കോഡി ഗാക്പോയെയാണ് ലിവർപൂൾ സ്വന്തമാക്കിയത്. ഏതാണ്ട് നാല്പത്തിനാലു മില്യൺ പൗണ്ടാണ് താരത്തിനായി ലിവർപൂൾ മുടക്കിയിരിക്കുന്നത്. പിഎസ്വിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാൻസ്ഫറുകളിൽ ഒന്നാണ് ഗാക്പോയുടേത്. ഇക്കഴിഞ്ഞ ലോകകപ്പിൽ മൂന്നു ഗോളുകൾ നേടി നെതർലാൻഡ്സിനെ ക്വാർട്ടർ ഫൈനലിൽ എത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ചതിനു പിന്നാലെയാണ് ഗാക്പോക്കായി ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ആവശ്യക്കാർ വർധിച്ചത്.
ഇരുപത്തിമൂന്നു വയസ് മാത്രമുള്ള ഗാക്പോ ഈ സീസണിൽ പിഎസ്വിക്കു വേണ്ടിയും തകർപ്പൻ പ്രകടനമാണ് നടത്തുന്നത്. ഈ സീസണിൽ 29 മത്സരങ്ങൾ ഡച്ച് ക്ലബിനായി കളിച്ച താരം പതിനഞ്ചു ഗോളുകളും പതിനെട്ട് അസിസ്റ്റുകളും സ്വന്തമാക്കി. നെതർലൻഡ്സ് താരമായ വിർജിൽ വാൻ ഡൈക്ക് ഗാക്പോയെ ലിവർപൂളിൽ എത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ചുവെന്നാണ് കരുതേണ്ടത്. ഇതോടെ മൊഹമ്മദ് സലാ, ഡീഗോ ജോട്ട, ഡാർവിൻ നുനസ്, ലൂയിസ് ഡയസ്, റോബർട്ടോ ഫിർമിനോ എന്നിവർക്കൊപ്പം ഗാക്പോയും ചേർന്ന് ലിവർപൂൾ മുന്നേറ്റനിര വളരെ ശക്തമായിട്ടുണ്ട്.
Congrats Cody Gakpo with your transfer to @LFC 🔜 🇬🇧 Well deserved! 🙏👏 #MadeInTheEredivisie pic.twitter.com/udBoVeYyM3
— Eredivisie (@eredivisie) December 26, 2022
ഗാക്പോയെ ലിവർപൂൾ സ്വന്തമാക്കിയത് മാഞ്ചസ്റ്റർ യുണൈറ്റഡിന് വലിയ തിരിച്ചടിയാണ് സമ്മാനിച്ചത്. ഏതാനും മാസങ്ങളായി ക്ലബിന്റെ ട്രാൻസ്ഫർ ലിസ്റ്റിൽ പ്രധാനിയായിരുന്നു ഗാക്പോ. ഇതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിട്ട ഒഴിവിലേക്ക് പുതിയ താരത്തെ അവർ നോട്ടമിടേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. അടുത്ത ദിവസം തന്നെ ഇംഗ്ലണ്ടിലേക്ക് പറക്കുന്ന ഗാക്പോ മെഡിക്കൽ പരിശോധനകൾക്ക് ശേഷം തന്റെ ലിവർപൂൾ കരാറിൽ ഒപ്പുവെക്കും.