“കിരീടം നേടാൻ നൂറു ശതമാനം സാധ്യതയുള്ള ടീം”- പൊരുതി ജയിച്ച ആഴ്‌സനലിനെ പ്രശംസിച്ച് എതിർടീമിലെ താരം

ഈ സീസണിലെ പ്രീമിയർ ലീഗ് കിരീടം ആർക്കും വിട്ടുകൊടുക്കില്ലെന്നുറപ്പിച്ചാണ് മൈക്കൽ അർടെട്ടയും സംഘവും ഇന്നലെ നടന്ന മത്സരത്തിൽ തകർപ്പൻ വിജയം നേടിയത്. ആദ്യപകുതി മുഴുവൻ ഒരു ഗോളിന് പിന്നിട്ടു നിന്നിട്ടും രണ്ടാം പകുതിയിൽ പതിനാറു മിനുറ്റിനിടെ മൂന്നു ഗോളുകൾ നേടിയായിരുന്നു ആഴ്‌സനലിന്റെ വിജയം. സയിദ് ബെൻഹറാമാ വെസ്റ്റ് ഹാമിനായി മത്സരത്തിലെ ആദ്യത്തെ ഗോൾ നേടിയപ്പോൾ ബുക്കായോ സാക്ക, ഗബ്രിയേൽ മാർട്ടിനെല്ലി, എൻഖെറ്റിയ എന്നിവരാണ് ആഴ്‌സനലിന്റെ ഗോളുകൾ നേടിയത്. മാർട്ടിൻ ഒഡേഗാർഡ് രണ്ടു ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്‌തു.

ഈ സീസണിൽ പതിനഞ്ചു മത്സരങ്ങൾ കളിച്ച ആഴ്‌സണൽ ഇന്നലത്തെ മത്സരത്തോടെ അതിൽ പതിമൂന്നിലും വിജയം നേടി രണ്ടാം സ്ഥാനത്തുള്ള ന്യൂകാസിലിനേക്കാൾ ഏഴു പോയിന്റ് മുന്നിലാണ്. കഴിഞ്ഞ സീസണിലെ കിരീടജേതാക്കളായ മാഞ്ചസ്റ്റർ സിറ്റി ആഴ്‌സണലിനേക്കാൾ എട്ടു പോയിന്റ് പിന്നിൽ മൂന്നാമത് നിൽക്കുന്നു. ന്യൂകാസിൽ ആഴ്‌സണലിനേക്കാൾ ഒരു മത്സരം കൂടുതൽ കളിച്ചപ്പോൾ മാഞ്ചസ്റ്റർ സിറ്റി ഒരു മത്സരം കുറവാണ് കളിച്ചത്. മത്സരത്തിനു ശേഷം ഗണ്ണേഴ്‌സിന്റെ പ്രകടനത്തെ പ്രശംസിച്ച് വെസ്റ്റ് ഹാം താരമായ ഡിക്ലൻ റൈസ് തന്നെ രംഗത്തു വന്നിരുന്നു.

“അവർ നൂറു ശതമാനം കിരീടത്തിനു സാധ്യതയുള്ളവരാണ്. മനോഹരമായി പരിശീലിപ്പിക്കപ്പെട്ട ടോപ് ടീമാണവർ. ആക്രമണനിരയിൽ നിരവധി പ്രതിഭകൾ അവർക്കുണ്ട്. യുവതാരങ്ങൾ അടങ്ങിയ അവർക്ക് ഒരുപാട് ദൂരം മുന്നോട്ടു പോകാൻ കഴിയും. ആദ്യപകുതിയിൽ ഞങ്ങൾ വളരെയധികം ബുദ്ധിമുട്ടി അവരെ തടഞ്ഞു നിർത്തി. എന്നാൽ രണ്ടാം പകുതിയിൽ അത് കൈവിടേണ്ടി വന്നത് നിരാശയുണ്ടാക്കി.” മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ഇംഗ്ലീഷ് താരമായ റൈസ് പറഞ്ഞു.

“ആദ്യപകുതിയിൽ പന്ത് കൈവശം ഇല്ലായിരുന്നെങ്കിലും ഞങ്ങൾ നന്നായി പ്രതിരോധിച്ചു, അത് വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. ഞങ്ങളുടെ പദ്ധതി അനുസരിച്ച് ഒരു ഗോളിന് മുന്നിലെത്തിയെങ്കിലും ആഴ്‌സണൽ പോലൊരു ടീമിനെതിരെ അത് തൊണ്ണൂറു മിനുട്ടും നിലനിർത്തുക സാധ്യമല്ല. സിറ്റിയോടും അങ്ങിനെ തന്നെയാണ്. അവസാനം ഏതെങ്കിലും ഒരു അവസരം അവർ ഗോളിലെത്തിക്കും. അവരുടെ ഫ്രീ ഫ്ളോവിങ് ഫുട്ബോൾ ഞങ്ങളെ തകർത്തു കളഞ്ഞു.” താരം കൂട്ടിച്ചേർത്തു.

തുടർച്ചയായ പത്താം വിജയം സ്വന്തമാക്കിയ ആഴ്‌സണൽ ഈ സീസണിൽ ആകെ ഒരു മത്സരത്തിൽ മാത്രമാണ് തോൽവി വഴങ്ങിയത്. ടീമിലെ പ്രധാന സ്‌ട്രൈക്കറായ ഗബ്രിയേൽ ജീസസ് പരിക്കേറ്റു പുറത്തിരിക്കുമ്പോഴാണ് ഇത്രയും മികച്ച പ്രകടനം ആഴ്‌സണൽ നടത്തുന്നത്. തോൽവിയോടെ തരംതാഴ്ത്തൽ മേഖലക്ക് ഒരു പോയിന്റ് മാത്രം മുകളിലാണ് വെസ്റ്റ് ഹാം.

fpm_start( "true" ); /* ]]> */