സ്‌കലോണി മികച്ച പരിശീലകനായത് വെറുതെയല്ല, തന്ത്രങ്ങളുടെ ആചാര്യൻ തന്നെയെന്നു തെളിയിച്ച് സ്പെയിൻ മാനേജർ

യൂറോ കപ്പ് ഫൈനലിൽ ഏതു ടീം വിജയിക്കണമെന്നാണ് ആഗ്രഹമെന്ന് ഫുട്ബോൾ ആരാധകരോട് ചോദിച്ചാൽ ഭൂരിഭാഗം പേരുടെയും ഉത്തരം സ്പെയിൻ എന്നു തന്നെയായിരിക്കും. യൂറോ കപ്പിൽ ഇതുവരെ അവർ നടത്തിയ പ്രകടനം തന്നെയാണ് അതിനു കാരണം. ഒട്ടും പിൻവലിഞ്ഞു കളിക്കാതെ തുടർച്ചയായി ആക്രമണങ്ങൾ നടത്തുന്ന സ്പെയിന്റെ ശൈലി ആരാധകരെ വളരെയധികം ആകർഷിക്കുന്നതാണ്.

2008, 2012 വർഷങ്ങളിലെ യൂറോ കപ്പും 2010ലെ ലോകകപ്പും സ്വന്തമാക്കിയ സ്പെയിനിന്റെ സുവർണതലമുറയെ അനുസ്‌മരിപ്പിക്കുന്ന പ്രകടനമാണ് ഇപ്പോഴത്തെ ടീമും നടത്തുന്നത്. ടീമിന്റെ ഇപ്പോഴത്തെ പ്രകടനത്തിന് പിന്നിലെ പ്രധാന ബുദ്ധികേന്ദ്രം പരിശീലകനായ ലൂയിസ് ഡി ലാ ഫ്യൂവന്റെ തന്നെയാണ്. ലോകകപ്പിന് ശേഷം എൻറിക്വ സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്കാണ് അദ്ദേഹം എത്തിയത്.

സ്പെയിനിന്റെ യൂത്ത് ടീമുകളുടെ പരിശീലകനായ അദ്ദേഹത്തെ സീനിയർ ടീമിന്റെ മാനേജർ സ്ഥാനത്തേക്ക് നയിക്കുമ്പോൾ പലരും നെറ്റി ചുളിച്ചിരുന്നു. ഒരു സീനിയർ ടീമിനെപ്പോലും അദ്ദേഹം പരിശീലിപ്പിച്ചിട്ടില്ല എന്നതു തന്നെയായിരുന്നു അതിനു കാരണം. എന്നാൽ കഴിഞ്ഞ നേഷൻസ് ലീഗ് കിരീടത്തിലേക്ക് ടീമിനെ നയിച്ചും ഇപ്പോൾ യൂറോ കപ്പ് ഫൈനലിൽ എത്തിച്ചും അതിനു മറുപടി നൽകാൻ ഫ്യൂവന്റെക്ക് കഴിഞ്ഞു.

അദ്ദേഹത്തിന്റെ പരിശീലമികവിന്റെ മികച്ചൊരു ഉദാഹരണമാണ് ഫ്രാൻസിനെതിരായ മത്സരം. ഒരു ഗോളിന് പിന്നിലായിട്ടും ടീമിനെ തിരിച്ചു കൊണ്ടുവരാൻ ഫ്യൂവന്റെക്ക് കഴിഞ്ഞു. വിങ്ങിൽ കൂടുതലായും കളിച്ചിരുന്ന യമാൽ, നിക്കോ വില്യംസ് എന്നിവരെ ഹാഫ് സ്‌പേസിന്റെ ഉള്ളിലേക്കു കൂടി കടന്നു വരാൻ അനുവദിച്ചത് ഫ്രാൻസ് പ്രതിരോധത്തെ മൊത്തത്തിൽ താളം തെറ്റിക്കുന്ന ഒന്നായിരുന്നു.

കോച്ചിങ് സ്‌കൂളിൽ അർജന്റീന പരിശീലകനായ ലയണൽ സ്‌കലോണിയുടെ ആശാനായിരുന്നു ഫ്യൂവന്റെ. ഒരു കഴിഞ്ഞ മൂന്നു പ്രധാന കിരീടങ്ങളും നേടുകയും ഇപ്പോൾ കോപ്പ അമേരിക്ക ഫൈനൽ അർജന്റീനയെ എത്തിക്കുകയും ചെയ്‌ത സ്‌കലോണിയുടെ മികവ് എവിടെ നിന്നു വന്നുവെന്ന് പറയേണ്ടതില്ലലോ. യൂറോ കപ്പിൽ സ്‌കലോണിയുടെ പിന്തുണയും സ്പെയിനിനു തന്നെയാണ്.