കാനറിപ്പടയുടെ കളി മാറും, വമ്പൻ പരിശീലകനുമായി ചർച്ചകൾ ആരംഭിച്ചു

പ്രതിഭകളുടെ ധാരാളിത്തമുണ്ടായിട്ടും 2002നു ശേഷം ലോകകപ്പ് നേടാൻ ബ്രസീൽ ടീമിന് കഴിഞ്ഞിട്ടില്ല. യൂറോപ്യൻ ക്ലബുകളുടെ ആധിപത്യം കണ്ട ഇക്കാലയളവിൽ അപവാദമായത് ഈ ലോകകപ്പിൽ അർജന്റീനയുടെ കിരീടനേട്ടമാണ്. ഇരുപതു വർഷത്തിനു ശേഷമാണ് ഒരു ഒരു സൗത്ത് അമേരിക്കൻ ടീം അർജന്റീനയിലൂടെ ലോകകപ്പ് കിരീടം സ്വന്തമാക്കുന്നത്. 2014 ലോകകപ്പിൽ സെമി ഫൈനൽ വരെ എത്തിയതാണ് 2002നു ശേഷമുള്ള ബ്രസീലിന്റെ ഏറ്റവും വലിയ നേട്ടം.

ഖത്തർ ലോകകപ്പിൽ കിരീടപ്രതീക്ഷയുമായി എത്തിയ ടീമായിരുന്ന ബ്രസീൽ ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോട് തോറ്റാണ് പുറത്തായത്. ഇതിനു പിന്നാലെ പരിശീലകനായിരുന്ന ടിറ്റെ സ്ഥാനമൊഴിയുകയും ചെയ്‌തു. ബ്രസീലിനെ ഇനി നയിക്കാനും കിരീടങ്ങൾ നേടിക്കൊടുക്കാനും യൂറോപ്പിൽ നിന്നുള്ള മികച്ച പരിശീലകർ വേണമെന്ന നിലപാടിലാണ് അവരുള്ളത്. അതിനുള്ള നീക്കങ്ങൾ തുടങ്ങിയ ബ്രസീൽ അതിൽ വിജയം കണ്ടു തുടങ്ങിയെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ബ്രസീലിയൻ മാധ്യമായ യുഒഎൽ എസ്പോർട്ടെയുടെ റിപ്പോർട്ടുകൾ പ്രകാരം ഖത്തർ ലോകകപ്പിൽ സ്പെയിൻ പരിശീലകനായിരുന്ന ലൂയിസ് എൻറികാണു ബ്രസീൽ പരിശീലകനായി സ്ഥാനമേറ്റെടുക്കാൻ സാധ്യതയുള്ളത്. എൻറികും ബ്രസീൽ ഫുട്ബോൾ ഫെഡറേഷനും ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. നിലവിൽ സ്‌പാനിഷ്‌ ക്ലബായ റയൽ വയ്യഡോളിഡിന്റെ ഉടമയായ റൊണാൾഡോ വഴിയാണ് എൻറിക്കുമായി ബ്രസീൽ ചർച്ചകൾ നടത്തുന്നത്.

സ്പെയിൻ പരിശീലകനായതിനു ശേഷം തിളക്കമാർന്ന നേട്ടങ്ങളൊന്നും ലൂയിസ് എൻറിക്കിന് അവകാശപ്പെടാൻ കഴിയില്ലെങ്കിലും ബാഴ്‌സലോണക്കൊപ്പം ഒരു സീസണിൽ ആറു കിരീടങ്ങൾ നേടിയിട്ടുള്ള അദ്ദേഹം ക്ലബിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളായാണ് അറിയപ്പെടുന്നത്. ബ്രസീലിനെ പോലൊരു ടീമിനെ ലഭിച്ചാൽ മികച്ചതാക്കാൻ അദ്ദേഹത്തിന് കഴിയുമെന്നതിൽ സംശയമില്ല. അതേസമയം ലൂയിസ് എൻറിക്കിന് പുറമെ കാർലോ ആൻസലോട്ടിയെയും ബ്രസീൽ നോട്ടമിടുന്നുണ്ട്.