സഹൽ അബ്‌ദുൾ സമദിനു വമ്പൻ ക്ലബിൽ നിന്നുള്ള ഓഫർ, യാഥാർഥ്യമെന്ത്

കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരള ബ്ലാസ്റ്റേഴ്‌സ് താരമായ സഹൽ അബ്‌ദുൾ സമദ് ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾ ഇന്ത്യൻ ഫുട്ബോളിൽ ഉയർന്നു കേൾക്കുന്നുണ്ട്. കുറച്ചു വർഷങ്ങളായി കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പ്രധാന താരമായ സഹൽ അബ്‌ദുൾ സമദ് ഓസ്‌ട്രേലിയൻ ക്ലബായ മെൽബൺ സിറ്റിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങളാണ് പുറത്തു വന്നിരുന്നത്. ലോൺ കരാറിൽ താരത്തെ ടീമിലെത്തിക്കാൻ മെൽബൺ സിറ്റി ശ്രമം നടത്തുന്നുണ്ടെന്നായിരുന്നു റിപ്പോർട്ടുകൾ.

കളിക്കളത്തിലെ ചടുലമായ നീക്കങ്ങൾ കൊണ്ട് ഇന്ത്യൻ ഓസിലെന്ന വിളിപ്പേര് വളരെ മുൻപേ തന്നെ നേടിയിട്ടുള്ള താരമാണ് സഹൽ അബ്‌ദുൾ സമദ്. ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനായി ഇവാൻ വുകോമനോവിച്ച് സ്ഥാനമേറ്റെടുത്തതിനു ശേഷം താരത്തിന്റെ പ്രകടനം ഒന്നുകൂടി മെച്ചപ്പെട്ടിരുന്നു. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലിലെത്താനും ഈ സീസണിൽ ടോപ് ഫോറിൽ നിൽക്കാനും താരത്തിന്റെ പങ്ക് നിർണായകമായിരുന്നു.

താരവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളിൽ ഇന്ത്യൻ ഫുട്ബോളിലെ ട്രാൻസ്‌ഫർ എക്സ്പെർട്ടായ മാർക്കസ് മെർഗുലാവോ പ്രതികരിച്ചിട്ടുണ്ട്. ഒരു ആരാധകൻ ട്വിറ്ററിൽ അദ്ദേഹത്തോട് ചോദിച്ച ചോദ്യത്തിന് പ്രതികരണമായാണ് മാർക്കസ് പ്രതികരിച്ചത്. ഈ അഭ്യൂഹം എവിടെ നിന്നും വന്നുവെന്ന് അറിയില്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്. തങ്ങളുടെ പ്രധാനതാരത്തെ നഷ്‌ടപ്പെടുമെന്ന ആശങ്കയിൽ നിന്ന ആരാധകർക്ക് ആശ്വാസമാണ് ഈ വാർത്ത.

മികച്ച താരമെന്നതിനൊപ്പം കേരള ബ്ലാസ്റ്റേഴ്‌സിലെ മലയാളി താരങ്ങളിൽ പ്രധാനിയുമാണ് സഹൽ അബ്‌ദുൾ സമദ്. ഇന്ത്യൻ ടീമിൽ സ്ഥിരമായി ഇടം പിടിക്കുന്ന മലയാളി താരങ്ങളിലൊരാളായും സഹൽ ആരാധകരുടെ കണ്ണിലുണ്ണിയാണ്. സഹലിനു പുറമെ ബ്ലാസ്റ്റേഴ്‌സ് നിരയിലെ മലയാളി സാന്നിധ്യം മുന്നേറ്റനിര താരം രാഹുൽ കെപിയാണ്. ഈ സീസണിൽ ടീമിലിടം പിടിച്ച് മികച്ച പ്രകടനം നടത്തുന്ന നിഹാൽ സുധീഷിലും ആരാധകർക്ക് പ്രതീക്ഷയുണ്ട്.