അഞ്ചു മിനുട്ടിനിടയിൽ ബാക്ക്ഹീൽ ഗോളും അസിസ്റ്റും, മിന്നും പ്രകടനവുമായി ഗ്രീസ്‌മൻ

ബാഴ്‌സലോണയിൽ തിളങ്ങാൻ കഴിയാതെ പോയതിനു ശേഷം അത്ലറ്റികോ മാഡ്രിഡിലേക്ക് ചേക്കേറിയ ഗ്രീസ്‌മന് രണ്ടാം വരവിൽ ക്ലബിനു വേണ്ടിയും മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ലായിരുന്നു. എന്നാൽ മോശം പ്രകടനം നടത്തുമ്പോഴും ടീമിന് തന്റെ മേലുള്ള വിശ്വാസം ഫ്രഞ്ച് താരത്തിന് കൂടുതൽ കരുത്തു പകരുന്നുവെന്നാണ് കരുതേണ്ടത്. ഇന്നലെ ലാ ലിഗയിൽ റയൽ വയ്യഡോളിഡിനെതിരെ നടന്ന മത്സരത്തിൽ താരം നടത്തിയ പ്രകടനം ഇതിനു തെളിവാണ്.

അത്ലറ്റികോ മാഡ്രിഡ് മൂന്നു ഗോളുകൾക്ക് വിജയം നേടിയ മത്സരത്തിൽ എല്ലാ ഗോളുകൾക്ക് പിന്നിൽ ഗ്രീസ്‌മൻ ഉണ്ടായിരുന്നു. മത്സരത്തിലെ ആദ്യത്തെ ഗോൾ നേടിയ മൊറാട്ടക്ക് അസിസ്റ്റ് നൽകിയ താരം അർജന്റീന താരം മോളിനയുടെ അസിസ്റ്റിൽ അത്ലറ്റികോയുടെ ലീഡ് ഉയർത്തി. അതിനു പുറമെ ഗ്രീസ്‌മൻ എടുത്ത ഫ്രീകിക്കിൽ നിന്നുമാണ് മരിയോ ഹെർമോസ ടീമിന്റെ മൂന്നാമത്തെ ഗോൾ നേടിയത്. വിജയത്തോടെ ലീഗിൽ നാലാം സ്ഥാനത്താണ് അത്ലറ്റികോ മാഡ്രിഡ്.

മത്സരത്തിൽ ഗ്രീസ്‌മൻ നൽകിയ ആദ്യത്തെ അസിസ്റ്റും നേടിയ ആദ്യത്തെ ഗോളും മനോഹരമായതായിരുന്നു. ആദ്യ ഗോളിന് ബോക്‌സിലേക്ക് നീങ്ങുകയായിരുന്ന അൽവാരോ മൊറാട്ടയെ ഗ്രീസ്‌മൻ കണ്ടെത്തിയത് ഒരു ഗംഭീര ബാക്ക്ഹീൽ അസിസ്റ്റിലൂടെയായിരുന്നു. പന്ത് ലഭിച്ച മൊറാട്ട അനായാസം ഗോൾകീപ്പറെ കീഴടക്കി. അഞ്ചു മിനുട്ട് തികയും മുൻപ് മോളിന നൽകിയ ക്രോസ് ഒരു ബാക്ക്ഹീൽ ഫ്ലിക്കിലൂടെ താരം ഗോളിലേക്ക് എത്തിച്ച് ലീഡ് ഉയർത്തുകയും ചെയ്‌തു.

അത്ലറ്റികോ മാഡ്രിഡിലെ രണ്ടാം വരവിന്റെ തുടക്കത്തിൽ പതറിയ ഗ്രീസ്‌മൻ ഈ സീസണിൽ മികച്ച പ്രകടനമാണ് നടത്തുന്നത്. സീസണിൽ ആറു ഗോളുകളും ആറ് അസിസ്റ്റുകളും ലീഗിൽ താരത്തിന്റെ പേരിലുണ്ട്. ലോകകപ്പിൽ ഫ്രാൻസിന് വേണ്ടിയും തകർപ്പൻ പ്രകടനമാണ് താരം നടത്തിയത്. 2018 ലോകകപ്പ് ഫ്രാൻസ് നേടിയപ്പോൾ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ട ഗ്രീസ്‌മൻ ഇത്തവണ ഫൈനലിൽ എത്തിയ ടീമിന്റെയും നെടുന്തൂണായിരുന്നു.