മിന്നും സേവുകൾ, തകർപ്പൻ പ്രകടനം; ആസ്റ്റൺ വില്ലയുടെ ഹീറോയായി എമിലിയാനോ മാർട്ടിനസ്

ഖത്തർ ലോകകപ്പിൽ അർജന്റീന കിരീടം നേടാൻ ലയണൽ മെസിയെപ്പോലെ തന്നെ നിർണായക സാന്നിധ്യമായിരുന്ന താരമാണ് എമിലിയാനോ മാർട്ടിനസ്. രണ്ടു ഷൂട്ടൗട്ട് ഉൾപ്പടെ നിരവധി തവണ അർജന്റീനയെ താരം രക്ഷിക്കുകയുണ്ടായി. എന്നാൽ ലോകകപ്പിന് ശേഷം ഏറ്റവുമധികം വിമർശനങ്ങൾ നേരിട്ട താരവും എമിലിയാനോ തന്നെയായിരുന്നു. ലോകകപ്പ് വിജയത്തിന്റെ ആഘോഷത്തിനിടയിൽ ഫ്രഞ്ച് താരമായ കിലിയൻ എംബാപ്പയെ നിരന്തരം അവഹേളിച്ചതിനാണ് താരം വിമർശനം നേരിട്ടത്.

തനിക്കെതിരെ വിമർശനം നടത്തിയവരുടെ വായടപ്പിക്കുന്ന പ്രകടനമാണ് കഴിഞ്ഞ ദിവസം എമിലിയാനോ മാർട്ടിനസ് തന്റെ ക്ലബായ ആസ്റ്റൺ വില്ലക്കായി നടത്തിയത്. ഉനെ എമറി പരിശീലകനായ ആസ്റ്റൺ വില്ല സൗത്താംപ്റ്റന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന്റെ വിജയം നേടിയിരുന്നു. ഒല്ലീ വാറ്റ്കിൻസ് വിജയഗോൾ നേടിയ മത്സരത്തിൽ ടീമിനെ ശരിക്കും രക്ഷിച്ചത് എമിലിയാനോ മാർട്ടിനസാണ്‌. ടീമിന്റെ നായകനായിറങ്ങിയാണ് എതിരാളികൾക്ക് ഗോൾ നേടാൻ യാതൊരു അവസരവും നൽകാതെ മാർട്ടിനസ് നിറഞ്ഞാടിയത്. മാർട്ടിനസ് നായകനായ അഞ്ചിൽ നാല് മത്സരങ്ങളിലും ആസ്റ്റൺ വില്ല വിജയിച്ചിട്ടുണ്ട്.

തൊണ്ണൂറു മിനുട്ടും വല കാത്ത എമിലിയാനോ മാർട്ടിനസ് അഞ്ചു സേവുകൾ മത്സരത്തിൽ നടത്തിയപ്പോൾ അതിൽ നാലെണ്ണവും ബോക്‌സിനുള്ളിൽ നിന്നുള്ള ഷോട്ടുകളായിരുന്നു. സൗത്താംപ്ടൺ അടിച്ച രണ്ടു ഷോട്ടുകൾ ഗോളെന്ന് എല്ലാവരും ഉറപ്പിച്ച സമയത്താണ് എമിലിയാനോ മാർട്ടിനസിന്റെ കൈകൾ രക്ഷക്കെത്തിയത്. ഇതിനു പുറമെ അഡ്വാൻസ് ചെയ്‌തു വന്ന് മൂന്നു ക്ലിയറൻസുകളും നടത്തിയ താരം 83 ശതമാനം പാസുകൾ പൂർത്തിയാക്കുകയും ചെയ്‌തു. മത്സരത്തിൽ ഗോൾവലക്കു മുന്നിൽ സമ്പൂർണാധിപത്യം താരം നടത്തിയെന്ന കാര്യത്തിൽ സംശയമില്ല.

ഖത്തർ ലോകകപ്പിനു ശേഷമുണ്ടായ വിവാദങ്ങളുടെ പുറകെ എമിലിയാനോ മാർട്ടിനസിനെ ആസ്റ്റൺ വില്ല ഒഴിവാക്കാൻ ഒരുങ്ങുകയാണെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ലോകകപ്പിലെ ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള പുരസ്‌കാരം നേടിയ താരത്തിന്റെ ആത്മവിശ്വാസത്തെ നിരാകരിക്കാൻ കഴിയില്ലെന്ന് പരിശീലകൻ ഉനെ എമറിക്ക് ധാരണയുള്ളതിനാൽ താരം ക്ലബിനൊപ്പം തന്നെ തുടർന്നു. ഇപ്പോൾ മിന്നൽ സേവുകളിലൂടെ തന്റെ മികവ് തെളിയിക്കുന്ന താരം വിമർശകരുടെ മുഖത്തടിക്കുന്ന പ്രകടനമാണ് നടത്തുന്നത്.