സിമ്പിൾ ഗോളുകൾ നേടാനറിയാത്ത സുവാരസ്, ബ്രസീലിയൻ ലീഗിനെ ഞെട്ടിച്ച് ഉറുഗ്വായ് താരത്തിന്റെ സ്ട്രൈക്ക് | Luis Suarez

ലോകഫുട്ബോളിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരുടെ പട്ടികയെടുത്താൽ അതിൽ മുന്നിൽ തന്നെ നിൽക്കുന്ന താരങ്ങളിൽ ഒരാളാണ് ലൂയിസ് സുവാരസ്. അയാക്‌സ്, ലിവർപൂൾ, ബാഴ്‌സലോണ, അത്ലറ്റികോ മാഡ്രിഡ് തുടങ്ങിയ വമ്പൻ ക്ലബുകളിൽ കളിച്ചിട്ടുള്ള താരം അവിടെയെല്ലാം ഗോളുകൾ അടിച്ചു കൂട്ടിയിട്ടുണ്ട്. റൊണാൾഡോ, മെസി എന്നിവർ കത്തി നിൽക്കുന്ന സമയത്ത് ലാ ലിഗയിൽ രണ്ടു തവണ ടോപ് സ്‌കോറർ ആയിട്ടുണ്ടെന്നത് തന്നെ സുവാരസിന്റെ റേഞ്ച് വ്യക്തമാക്കുന്നു.

യൂറോപ്യൻ ഫുട്ബോൾ വിട്ട ലൂയിസ് സുവാരസ് നിലവിൽ ബ്രസീലിയൻ ക്ലബായ ഗ്രാമിയോക്ക് വേണ്ടിയാണ് കളിക്കുന്നത്. കഴിഞ്ഞ ദിവസം താരം നേടിയ ഗോൾ ഇപ്പോൾ വീണ്ടും വാർത്തകളിൽ നിറയുകയാണ്. കോപ്പ ഡോ ബ്രസീൽ പോരാട്ടത്തിൽ ക്രൂസേയ്‌റോക്കെതിരെയാണ് സുവാരസിന്റെ ഗോൾ പിറന്നത്. മത്സരത്തിൽ ഗ്രെമിയോ തോൽവി വഴങ്ങുമെന്ന സാഹചര്യത്തിൽ നിൽക്കുമ്പോഴാണ് എൺപതാം മിനുട്ടിൽ സുവാരസിന്റെ ഗോൾ വന്നത്.

സഹതാരമായ ബിട്ടെല്ലോയുടെ പാസ് സ്വീകരിച്ച ലൂയിസ് സുവാരസ് ബോക്‌സിന് പുറത്തു നിന്നുമുള്ള ഒരു ഷോട്ടിലൂടെയാണ് അത് വലയിലെത്തിച്ചത്. എന്നാൽ ഏറ്റവും ആശ്ചര്യപ്പെടുത്തുന്ന കാര്യം സുവാരസ് തന്റെ പാദത്തിന്റെ മുകൾഭാഗമാണ് ആ ഗോൾ നേടാൻ ഉപയോഗിച്ചതെന്നാണ്. പോർച്ചുഗൽ താരം ക്വാറസ്‌മയെ പ്രശസ്‌തനാക്കിയ ട്രിവേല കിക്ക് വഴിയാണ് സുവാരസിന്റെ ഗോൾ പിറന്നത്. സുവാരസിനെ പോലൊരു താരത്തിന് മാത്രമേ അതുപോലെയൊരു ഗോൾ നേടാൻ കഴിയുകയുള്ളൂ.

മുപ്പത്തിയാറുകാരനായ ലൂയിസ് സുവാരസ് തന്റെ കരിയറിന്റെ അവസാന ഘട്ടങ്ങളിലൂടെ കടന്നു പോവുകയാണ്. ഖത്തർ ലോകകപ്പിൽ താരം കളിച്ചിരുന്നു എങ്കിലും യുറുഗ്വായ് ആദ്യ റൗണ്ടിൽ തന്നെ പുറത്തു പോയിരുന്നു. അടുത്ത വർഷം കോപ്പ അമേരിക്ക നടക്കുമെന്നിരിക്കെ അതിൽ പങ്കെടുത്ത് ഫുട്ബോൾ കരിയർ അവസാനിപ്പിക്കുകയെന്ന ലക്ഷ്യമാകും താരത്തിനുള്ളത്.

Luis Suarez Scored Amazing Goal For Gremio Against Cruzeiro