ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തു പോയെങ്കിലും വിനീഷ്യസിന് ലോട്ടറി, ഒന്നാമനാകാൻ ബ്രസീലിയൻ താരം | Vinicius Junior

ബ്രസീലിൽ നിന്നും റയൽ മാഡ്രിഡിൽ എത്തിയ വിനീഷ്യസിന്റെ തുടക്കം അത്ര മികച്ച രീതിയിൽ അല്ലായിരുന്നെങ്കിലും ഇപ്പോൾ ടീമിലെ ഏറ്റവും മികച്ചവനെന്ന നിലയിലാണ് താരം നിൽക്കുന്നത്. കാർലോ ആൻസലോട്ടി പരിശീലകനായതിനു ശേഷം തേച്ചു മിനുക്കിയെടുത്ത താരം കഴിഞ്ഞ സീസണിൽ ടീമിന് ലീഗും ചാമ്പ്യൻസ് ലീഗും നേടിക്കൊടുക്കാൻ നിർണായക പങ്കു വഹിച്ചു. എന്നാൽ ഈ സീസണിൽ നേട്ടങ്ങൾ ആവർത്തിക്കാൻ റയലിന് കഴിഞ്ഞില്ല.

ലാ ലിഗ കിരീടം ബാഴ്‌സലോണക്ക് മുന്നിൽ വമ്പൻ പോയിന്റ് വ്യത്യാസത്തിൽ അടിയറവ് വെച്ച റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയോട് തകർന്നടിഞ്ഞു പോയി. കോപ്പ ഡെൽ റേ കിരീടം സ്വന്തമാക്കിയത് മാത്രമാണ് റയൽ മാഡ്രിഡിന് ഈ സീസണിൽ ആശ്വസിക്കാൻ വകയുള്ളത്. എന്നാൽ റയൽ മാഡ്രിഡ് തിരിച്ചടികളുടെ ഇടയിലാണെങ്കിലും വിനീഷ്യസ് ജൂനിയറിനെ വലിയൊരു സമ്മാനം കാത്തിരിക്കുന്നുണ്ട്.

റിപ്പോർട്ടുകൾ പ്രകാരം ബ്രസീലിയൻ താരത്തിന്റെ കരാർ പുതുക്കി നൽകാൻ റയൽ മാഡ്രിഡ് ഒരുങ്ങുകയാണ്. അടുത്ത സീസണോടെ കരാർ അവസാനിക്കുന്ന താരത്തിന് 2027 വരെ നീളുന്ന പുതിയ കോണ്ട്രാക്റ്റ് നൽകാനാണ് ലോസ് ബ്ലാങ്കോസ് ഒരുങ്ങുന്നത്. ഇരുപതു മില്യൺ യൂറോ ഈ കരാറിലൂടെ ഒരു സീസണിൽ വിനീഷ്യസിന് പ്രതിഫലമായി ലഭിക്കും. ഇതോടെ റയൽ മാഡ്രിഡിൽ വമ്പൻ പ്രതിഫലം വാങ്ങുന്ന താരങ്ങളെ പിന്നിലാക്കി വിനീഷ്യസ് ഒന്നാം സ്ഥാനത്തേക്ക് വരും.

ഈ സീസണിൽ റയൽ മാഡ്രിഡിന്റെ നാൽപ്പത്തിയഞ്ച് ഗോളുകളിൽ വിനീഷ്യസ് പങ്കാളിയായിട്ടുണ്ട്. തുടർച്ചയായി രണ്ടാമത്തെ സീസണിലാണ് നാൽപ്പതിലധികം ഗോളുകളിൽ താരം പങ്കാളിയാകുന്നത്. വെറും ഇരുപത്തിരണ്ടു വയസ് മാത്രം പ്രായമുള്ള താരം ഇനിയും മെച്ചപ്പെടുമെന്നത് തീർച്ചയാണ്. ഇപ്പോൾ തന്നെ ലോകത്തിലെ ഏറ്റവും മൂല്യമേറിയ താരങ്ങളിൽ ഒരാളായ വിനീഷ്യസ് റയൽ മാഡ്രിഡിൽ തന്നെ തുടരാനാണ് ഉദ്ദേശിക്കുന്നത്.

Real Madrid To Give Mega Money Contract For Vinicius Junior