മുപ്പത്തിയെട്ടു മിനുട്ടിൽ ഹാട്രിക്കും കിരീടവും, അരങ്ങേറ്റം ഉജ്ജ്വലമാക്കി ലൂയിസ് സുവാരസ്

അത്ലറ്റികോ മാഡ്രിഡ് വിട്ടതിനു ശേഷം ലോകകപ്പ് വരെ യുറുഗ്വായ് ക്ലബായ നാഷണലിൽ കളിച്ചിരുന്ന ലൂയിസ് സുവാരസ് അതിനു ശേഷം ബ്രസീലിയൻ ക്ലബായ ഗ്രെമിയോയിലേക്ക് ചേക്കേറിയിരുന്നു. കഴിഞ്ഞ ദിവസം ഗ്രെമിയോയിൽ അരങ്ങേറ്റം നടത്തിയ താരം ആദ്യപകുതിയിൽ മുപ്പത്തിയെട്ടു മിനുട്ടിൽ ഹാട്രിക്ക് നേടിയാണ് അതാഘോഷിച്ചത്. വിജയത്തോടെ റീകോപ ഗൗച്ച സൂപ്പർകപ്പ് കിരീടം നേടാനും ഗ്രെമിയോക്കായി.

ഗ്രെമിയോ താരത്തിൽ നിന്നും പന്ത് സ്വീകരിച്ച താരം ഗോൾകീപ്പറുടെ തലക്കു മുകളിലൂടെ പന്ത് വലയിലേക്ക് കോരിയിട്ടാണ് ആദ്യത്തെ ഗോൾ നേടിയത്. അതിനു ശേഷം ഒരു വൺ ഓൺ വൺ സാഹചര്യത്തിൽ നിന്നും താരം അനായാസം വല കുലുക്കി. മൂന്നാമത്തെ ഗോൾ മനോഹരമായിരുന്നു. സാവോ ലൂയിസ് പ്രതിരോധം ഒരു കോർണർ ക്ലിയർ ചെയ്യാൻ ശ്രമിച്ചപ്പോൾ പന്ത് ലഭിച്ച സുവാരസ് ഒരു ഫുൾ വോളിയിലൂടെയാണ് വല കുലുക്കിയത്.

മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് സുവാരസിന്റെ ടീമായ ഗ്രെമിയോ വിജയവും കിരീടവും നേടിയത്. ആദ്യത്തെ മത്സരത്തിൽ തന്നെ ഹാട്രിക്ക് നേടി അരങ്ങേറ്റം ഉജ്ജ്വലമാക്കിയ സുവാരസിന് തനിക്ക് ബ്രസീലിയൻ ലീഗിൽ ഒരുപാട് നൽകാനുണ്ടെന്ന് തെളിയിക്കാൻ കഴിഞ്ഞു. താരത്തിന്റെ വരവും തകർപ്പൻ പ്രകടനവും ബ്രസീലിയൻ ക്ലബിനും ആത്മവിശ്വാസം നൽകും. 2013ൽ നോർവിച്ച് സിറ്റിയും ലിവർപൂളും തമ്മിൽ നടന്ന മത്സരത്തിനു ശേഷം ആദ്യമായാണ് ലൂയിസ് സുവാരസ് ഒരു ഫസ്റ്റ് ഹാഫ് ഹാട്രിക്ക് സ്വന്തമാക്കുന്നത്.

അത്ലറ്റികോ മാഡ്രിഡ് വിട്ട ലൂയിസ് സുവാരസ് ലോകകകപ്പിനു മുൻപുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് യുറുഗ്വായ് ക്ലബിൽ കളിച്ചത്. ലോകകപ്പിന് മുൻപ് തന്നെ ക്ലബിൽ നിന്നും താരം വിടപറയുകയും ചെയ്‌തിരുന്നു. എന്നാൽ ലോകകപ്പിൽ യുറുഗ്വായ്‌ക്കൊപ്പം മികച്ച പ്രകടനം നടത്താൻ താരത്തിന് കഴിഞ്ഞില്ല. ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ യുറുഗ്വായ് പുറത്തായതോടെ ഇനിയൊരു ലോകകപ്പിന് സുവാരസ് ഉണ്ടാകില്ലെന്ന കാര്യം തീർച്ചയാണ്.