മറഡോണയെക്കാൾ മഹത്തായ താരമാണു മെസിയെന്ന് അർജന്റീന പരിശീലകൻ സ്‌കലോണി

ലോകകപ്പ് കിരീടമില്ലാത്തതിന്റെ പേരിൽ എക്കാലത്തെയും വലിയ ഇതിഹാസ താരങ്ങളിൽ ലയണൽ മെസിയുടെ പേര് കൂട്ടിച്ചേർക്കാൻ പലരും മടിച്ചിരുന്നു. എന്നാൽ ഖത്തർ ലോകകപ്പിൽ കിരീടം നേടിയതോടെ അത്തരം സംശയങ്ങളെല്ലാം മെസി ഇല്ലാതാക്കി. ഇപ്പോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ലയണൽ മെസി മറഡോണയെ മറികടന്നുവെന്ന അഭിപ്രായവും ഉയരുന്നുണ്ട്. അർജന്റീന പരിശീലകൻ സ്‌കലോണി തന്നെയാണ് ഇക്കാര്യം പറയുന്നത്.

“എനിക്കൊരാളെ തിരഞ്ഞെടുക്കണമെങ്കിൽ ഞാൻ ലിയോയെ തിരഞ്ഞെടുക്കും. എനിക്ക് അദ്ദേഹത്തോടു പ്രത്യേക ബന്ധമാണുള്ളത്. മറഡോണയും മഹത്തായ താരാമാണെങ്കിലും മെസിയാണ് എക്കാലത്തെയും ഏറ്റവും മികച്ച താരം.” സ്‌കലോണി പറഞ്ഞു. 2018 ലോകകപ്പിൽ അർജന്റീന പുറത്തായതിനു ശേഷം ദേശീയ ടീമിൽ നിന്നും മാറി നിന്നിരുന്ന ലയണൽ മെസിയെ തിരിച്ചു കൊണ്ടു വന്നതിനെക്കുറിച്ചും അദ്ദേഹം സ്‌പാനിഷ്‌ മാധ്യമത്തോട് സംസാരിച്ചു.

“ഞങ്ങൾ ആദ്യം ചെയ്‌തത്‌ മെസിയുമായി വീഡിയോ കോൾ നടത്തുകയായിരുന്നു. തനിക്ക് വളരെയധികം സന്തോഷമുണ്ടെന്ന് മെസി പറഞ്ഞപ്പോൾ ടീമിലേക്ക് തിരിച്ചു വരാനും ഇവിടെല്ലാവരും കാത്തിരിക്കുകയാണെന്നുമാണ് ഞങ്ങൾ പറഞ്ഞത്. അതു ഞങ്ങൾ ചെയ്‌തു, എട്ടു മാസങ്ങൾക്ക് ശേഷം താരം വന്നു, വളരെ മികച്ചൊരു ഗ്രൂപ്പിനെ കാണുകയും ചെയ്‌തു.” 2018 ലോകകപ്പിനു ശേഷം ഏഴോളം മത്സരങ്ങളിൽ നിന്നും വിട്ടു നിന്നതിനു ശേഷമാണ് മെസി അർജന്റീന ടീമിലേക്ക് തിരിച്ചെത്തിയത്.

“മെസിയെ പരിശീലിപ്പിക്കുക ബുദ്ധിമുട്ടുള്ള കാര്യമല്ല. സാങ്കേതികപരമായ നിങ്ങൾക്ക് താരത്തെ തിരുത്താൻ കഴിയില്ല. പക്ഷെ പ്രസ് ചെയ്യാനോ ചില പ്രത്യേക രീതിയിൽ ആക്രമണം നടത്താനോ നിർദ്ദേശങ്ങൾ നൽകാൻ നിങ്ങൾക്ക് കഴിയും. വീറും വാശിയും വന്നു കഴിഞ്ഞാൽ താരം തന്നെയാണ് ഒന്നാം നമ്പർ.” സ്‌കലോണി മെസിയെക്കുറിച്ച് പറഞ്ഞു.