സലായുമായി പിഎസ്‌ജി പ്രസിഡന്റ് കൂടിക്കാഴ്‌ച നടത്തി, ലക്‌ഷ്യം ട്രാൻസ്‌ഫറല്ല

ലിവർപൂൾ സൂപ്പർതാരമായ മൊഹമ്മദ് സലായുമായി ഫ്രഞ്ച് ക്ലബായ പിഎസ്‌ജിയുടെ പ്രസിഡന്റായ നാസർ അൽ ഖലൈഫി കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ടുകൾ. ബ്രെന്റഫോഡിനെതിരെ ലിവർപൂൾ തോൽവി വഴങ്ങിയ പ്രീമിയർ ലീഗ് മത്സരത്തിനു പിന്നാലെയാണ് ഈജിപ്ഷ്യൻ താരവും പിഎസ്‌ജി പ്രസിഡന്റും തമ്മിൽ കൂടിക്കാഴ്‌ച നടത്തിയത്. എന്നാൽ സലായെ പിഎസ്‌ജിയിൽ എത്തിക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾക്കല്ല ഇവർ തമ്മിൽ കണ്ടുമുട്ടിയത്.

ജേര്ണലിസ്റ്റായ ഇസ്മെയിൽ മെഹമൂദ് റിപ്പോർട്ട് ചെയ്യുന്നതു പ്രകാരം സലായും പിഎസ്‌ജി പ്രസിഡന്റും തമ്മിൽ ചർച്ചകൾ നടത്തിയത് ക്ലബ്ബിനെ ഏറ്റെടുക്കുന്ന വിഷയം ചർച്ച ചെയ്യുന്നതിനു വേണ്ടിയാണ്. പിഎസ്‌ജിയുടെ ഉടമകൾ ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് തങ്ങളുടെ മേഖല വ്യാപിപ്പിക്കാൻ വേണ്ടിയുള്ള ശ്രമം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി നിരവധി ക്ലബ് നേതൃത്വവുമായി ചർച്ചകൾ നടത്തുന്നതിന്റെ ഭാഗമായാണ് സലായെയും അവർ കണ്ടത്.

നിലവിൽ ഫെൻവെ സ്പോർട്ട്സ് ഗ്രൂപ്പാണ് പിഎസ്‌ജിയുടെ ഉടമകൾ. ഒരു കാലത്ത് പ്രതിസന്ധിയിലേക്ക് വീണ ലിവർപൂളിനെ യൂറോപ്പിലെ ഏറ്റവും മികച്ച ക്ലബുകളിൽ ഒന്നാക്കി മാറ്റാൻ ഇവർക്ക് കഴിഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ക്ലബ്ബിനെ വിൽക്കാൻ ശ്രമം നടത്തുകയാണിവർ. ഇതിനു വേണ്ടി ഒരു കമ്പനിയെ അവർ സമീപിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഈ അവസരത്തിൽ നാല് ബില്യൺ യൂറോ നൽകി ലിവർപൂളിനെ വാങ്ങാനുള്ള ശ്രമമാണ് ഖത്തർ ഇൻവെസ്റ്റ്‌മെന്റ് കമ്പനി നടത്തുന്നത്.

റിപ്പോർട്ടുകൾ പ്രകാരം ലിവർപൂൾ മാത്രമല്ല ഖത്തർ ഇൻവെസ്റ്റ്‌മെന്റ് കമ്പനിയുടെ മുന്നിലുള്ള ഓപ്‌ഷൻ. ഇതിനു പുറമെ ടോട്ടനം ഹോസ്പറിൽ നിക്ഷേപം നടത്താനുള്ള ശ്രമവും അവർ നടത്തിയിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡും വിൽക്കാൻ സാധ്യത നിലനിൽക്കുന്നതിനാൽ അതിലും അവർക്ക് താൽപര്യമുണ്ട്. നിലവിൽ രണ്ടു ക്ളബുകളാണ് ഖത്തർ ഇൻവെസ്റ്റ്‌മെന്റ് കമ്പനിക്കുള്ളത്. പിഎസ്‌ജിക്കു പുറമെ പോർച്ചുഗീസ് ക്ലബ് ബ്രാഗയെയാണ് അവർ സ്വന്തമാക്കിയത്.